ദുല്‍ഖര്‍ എന്റെ ആശാന്‍, ഒരു പ്രശ്നം വന്നാല്‍ അതിനുള്ള പരിഹാരവുമായി എത്തും :അനുപമ പരമേശ്വരന്‍
Movie Day
ദുല്‍ഖര്‍ എന്റെ ആശാന്‍, ഒരു പ്രശ്നം വന്നാല്‍ അതിനുള്ള പരിഹാരവുമായി എത്തും :അനുപമ പരമേശ്വരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd September 2022, 5:28 pm

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തിലൊരുങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് അനുപമ പരമേശ്വരന്‍. ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍, മണിയറയിലെ അശോകന്‍ എന്നീ ചിത്രങ്ങളില്‍ പിന്നീട് അനുപമ വേഷമിട്ടത്.

ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികമാരില്‍ ഒരാളായിരുന്നു അനുപമ. കൂടാതെ ദുല്‍ഖര്‍ തന്നെ നിര്‍മിച്ച മണിയറയിലെ അശോകനിലും താരം വേഷമിട്ടിരുന്നു. ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയരക്ടര്‍ കൂടെയായിരുന്നു അനുപമ.

സിനിമയ്ക്ക് പുറത്തും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ ദുല്‍ഖറിനെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള സ്റ്റോറികളം അനുപമ പങ്കുവെക്കാറുണ്ട്.

തങ്ങള്‍ക്കിടയിലുള്ള സൗഹൃദത്തെക്കുറിച്ച് പറയുകയാണ് അനുപമ. തനിക്ക് ഒരു പ്രശ്നം വന്നാല്‍ ദുല്‍ഖര്‍ അതിനുള്ള പരിഹാരവുമായി എത്തുമെന്നാണ് ജാംഗോ സ്പെയിസിന് നല്‍കിയ അഭിമുഖത്തില്‍ അനുപമ പറഞ്ഞത്.

ഞാന്‍ ആശാനെ എന്നാണ് ദുല്‍ഖറിനെ വിളിക്കാറുള്ളത്. ജോമോന്റെ സുവിശേഷം എന്ന സിനിമ ഷൂട്ട് ചെയ്യമ്പോള്‍ കുറച്ചുദിവസം മാത്രമേ ഞങ്ങള്‍ ഒരുമിച്ചിട്ടുണ്ടായിരുന്നുള്ളൂ. എന്നാലും അദ്ദേഹം ആ ഒരു ബന്ധം വിട്ടില്ല. അദ്ദേഹം വലിയ സ്റ്റാറാണ്. പക്ഷേ പലപ്പോഴും എനിക്ക് വേണ്ടി അഭിപ്രായം പറയാനും ഉപദേശങ്ങള്‍ തരാനും മടിക്കാറില്ല.

ഞാന്‍ എന്തെങ്കിലും പൊട്ടത്തരം ചെയ്യുമ്പോള്‍ ഇനി ഒരിക്കലും ഇത്തരം വിഢിത്തരങ്ങള്‍ ആവര്‍ത്തിക്കരുതെന്നെല്ലാം പറയാറുണ്ട്. എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന് വിളിച്ച് പ്രശംസിക്കും. അങ്ങനെയാണ് മണിയറയിലെ അശോകന്‍ ചെയ്യുന്നത്.

ആ സിനിമയില്‍ ദുല്‍ഖര്‍ എന്റെ പ്രൊഡ്യൂസര്‍ സാറായി. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി. അങ്ങനെ ഞങ്ങളുടെ സൗഹൃദം പതിയെ ആരംഭിച്ചു. ഞങ്ങള്‍ എപ്പോഴും സംസാരിക്കാറില്ല. ഇടയ്ക്ക് മാത്രമാണ് എന്തെങ്കിലും പറയാറുള്ളത്. പക്ഷേ എനിക്ക് അറിയാം എനിക്ക് എന്തെങ്കിലും പ്രശ്നം വന്നാല്‍ അദ്ദേഹം കൂടെ ഉണ്ടാകുമെന്ന്. പ്രശ്നം പരിഹരിക്കാനുള്ള എന്തെങ്കിലും വഴി അവിടെ ഉണ്ടാകും,” അനുപമ പറഞ്ഞു.

സംവിധാനം എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണെന്നും ഇപ്പോള്‍ താന്‍ അതിന് മാത്രം വളര്‍ന്നിട്ടില്ലെന്നും അനുപമ മുമ്പ് പറഞ്ഞിരുന്നു. എപ്പോഴോ ദുല്‍ഖറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം അത് സീരിയസായി എടുത്ത് മണിയറയിലെ അശോകന്‍ തുടങ്ങിയപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടറായി വിളിക്കുകയായിരുന്നുവെന്നാണ് അനുപമ പറഞ്ഞത്.

”സിനിമയില്‍ 56 ദിവസം ഞാന്‍ വര്‍ക്ക് ചെയ്തു. പക്ഷേ എനിക്ക് തോന്നുന്നു, എന്റെ ഏറ്റവും ബെസ്റ്റ് 56 ദിവസം അതായിരുന്നുവെന്ന്. കാരണം ഒരു നടി എന്ന രീതിയില്‍ ഞാന്‍ കുറേ കാര്യങ്ങള്‍ പഠിച്ചത് അവിടെ നിന്നാണ്. അങ്ങനെ ഒരു അവസരം എനിക്ക് തന്നതിന് ഞാന്‍ ദുല്‍ഖറിനോട് നന്ദി പറയുകയാണ്. ചിലപ്പോള്‍ ഒരുപാട് കാലത്തിന് ശേഷം നല്ല ഡയറക്ടേഴ്‌സിനെ അസിസ്റ്റ് ചെയ്ത് ഒരുപക്ഷേ ഞാനുമൊരു ഡയറക്ടറാകും,” അനുപമ പരമേശ്വരന്‍ പറഞ്ഞു.

അനുപമയുടെ പുതിയ ചിത്രമായ കാര്‍ത്തികേയ 2 തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മുഗ്ദാ എന്ന കഥാപാത്രത്തെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബോളിവുഡില്‍ ഉള്‍പ്പടെ വന്‍ വിജയം കൈവരിച്ച ചിത്രം മലയാളത്തിലേക്ക് സെപ്തംബര്‍ 23ന് എത്തുകയാണ്.

Content Highlight: Actress Anupama Parameswaran about Dulquer Salmaan