ആദ്യം ഞാന്‍ ശ്യാം പുഷ്‌ക്കരന്റെ ഫാനാണ്; അതുകഴിഞ്ഞേ ഭാര്യയുള്ളൂ: തിരക്കഥ ചോദിച്ചിട്ടുണ്ടെങ്കിലും തന്നിട്ടില്ല: ഉണ്ണിമായ പ്രസാദ്
Malayalam Cinema
ആദ്യം ഞാന്‍ ശ്യാം പുഷ്‌ക്കരന്റെ ഫാനാണ്; അതുകഴിഞ്ഞേ ഭാര്യയുള്ളൂ: തിരക്കഥ ചോദിച്ചിട്ടുണ്ടെങ്കിലും തന്നിട്ടില്ല: ഉണ്ണിമായ പ്രസാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th May 2021, 9:50 am

ആദ്യം താന്‍ ശ്യാം പുഷ്‌കരന്റെ ഫാനാണെന്നും അതു കഴിഞ്ഞേ ഭാര്യയുള്ളൂവെന്നും പറയുകയാണ് ഉണ്ണിമായ പ്രസാദ്. വിവാഹത്തിന് മുന്‍പേ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ശ്യാം പുഷ്‌ക്കരന്റെ മിക്ക സ്ത്രീകഥാപാത്രങ്ങളോടും ഇഷ്ടവും സ്‌നേഹവും തോന്നിയിട്ടുണ്ടെന്നും
ഉണ്ണിമായ ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘മായാനദിയിലെ അപ്പുവിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. 22 ഫീമെയില്‍ കോട്ടയത്തിലെ ടെസയെയും കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളെയും ഇഷ്ടമാണ്. ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്ത് പട്ടം കൊടുക്കാന്‍ കഴിയില്ല. എല്ലാവരും നല്ലവരാണ്.

ജോജിയിലെ ബിന്‍സിയും ഒട്ടും പിന്നിലല്ലെന്നുവേണം കരുതാന്‍. ശ്യാം തന്റെ കഥാപാത്രങ്ങളോടെല്ലാം നീതി പുലര്‍ത്തിയിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകളോട്. ആ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചവരും നീതി പുലര്‍ത്തി. എല്ലാവരും കാഴ്ചവെച്ചത് മികച്ച പ്രകടനമായിരുന്നു,’ ഉണ്ണിമായ പറഞ്ഞു.

സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഇപ്പോള്‍ ആത്മവിശ്വാസമില്ലെന്നും ഇനിയും പഠിക്കാനുണ്ടെന്നും ഉണ്ണിമായ പറയുന്നു. കുറച്ചുകൂടി റിസേര്‍ച്ച് വേണം. ശ്യാമിനോട് തിരക്കഥ ചോദിച്ചിട്ടുണ്ട്. ഇതുവരെ തന്നില്ല. ശ്യാമിന്റെ കഥ എന്റെ കയ്യില്‍ സുരക്ഷിതമാണെന്ന് തോന്നുമ്പോള്‍ തരുമായിരിക്കും. ആത്മവിശ്വാസം കൈവരിക്കുമ്പോള്‍ സംവിധാനം ചെയ്യുന്ന സിനിമ ഉണ്ടാകും, ഉണ്ണിമായ പറഞ്ഞു.

എങ്ങനെയാണ് മികച്ച സിനിമകളുടെ ഭാഗമാകാന്‍ എപ്പോഴും കഴിയുന്നത് എന്ന ചോദ്യത്തിന് സഹസംവിധായികയായി ജോലി ചെയ്യുന്നത് നല്ലൊരു ടീമിനൊപ്പമാണെന്നും അവരുടെ സിനിമകളാണ് ചെയ്യുന്നതെന്നുമായിരുന്നു ഉണ്ണിമായയുടെ മറുപടി.

അവിടെ നിന്ന് മാത്രമാണ് അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. പുറത്തു നിന്ന് ലഭിച്ചിട്ടില്ല. മികച്ച ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നതിനാല്‍ നല്ല അവസരങ്ങള്‍ വന്നുചേരുന്നു.

ടീമിലുള്ള എല്ലാവരും മികച്ച ആളുകളായത് അംഗീകാരമായാണ് കരുതുന്നത്. മഹേഷിന്റെ പ്രതികാരത്തിലും മായാനദിയിലും പറവയിലും ചെറിയ കഥാപാത്രങ്ങളാണ്. എന്നാല്‍ സിനിമ വിജയിക്കുമ്പോള്‍ അതില്‍ ചെറിയ സംഭാവന ചെയ്താല്‍ പോലും ശ്രദ്ധിക്കപ്പെടും.

ഇക്കാര്യത്തില്‍ കഥാപാത്രം ചെറുതോ, വലുതോയെന്നില്ല. ഒരു നല്ല സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നതെല്ലാം പ്രേക്ഷകര്‍ മറക്കാതെ ഓര്‍ക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. പ്രേക്ഷകര്‍ തരുന്ന അംഗീകാരമാണ്. അത് സന്തോഷം തരുന്നു, ഉണ്ണിമായ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress and Co Director Unnimaya Prasad About Husband Shyam Pushkaran