കോടതിയില്‍ പോയി കൂടെയിരിക്കാന്‍ പറ്റില്ലായിരിക്കാം, പക്ഷേ അവര്‍ക്ക് പിന്തുണ കൊടുക്കാന്‍ നമുക്കാവും: ഐശ്വര്യ ലക്ഷ്മി
Malayalam Cinema
കോടതിയില്‍ പോയി കൂടെയിരിക്കാന്‍ പറ്റില്ലായിരിക്കാം, പക്ഷേ അവര്‍ക്ക് പിന്തുണ കൊടുക്കാന്‍ നമുക്കാവും: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th February 2022, 3:41 pm

 

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും അതില്‍ വിക്ടിമിനൊപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ച് നടി ഐശ്വര്യലക്ഷ്മി.

ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സമൂഹത്തിലും തൊഴില്‍ മേഖലയിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും അതില്‍ വ്യക്തിയെന്ന നിലയില്‍ ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ കുറിച്ചും ഐശ്വര്യ സംസാരിച്ചത്.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമത്തെ നോര്‍മലൈസ് ചെയ്യുന്ന ഒരു സമീപനവും ഉണ്ടാവാന്‍ പാടില്ല. അത് സിനിമയില്‍ ആണെങ്കിലും എവിടെ ആണെങ്കിലും.

ഇവിടെ പ്രശ്‌നം പറ്റിയ ഒരാളുണ്ടെങ്കില്‍ നമ്മള്‍ അവര്‍ക്കൊപ്പം നില്‍ക്കണം. നമുക്ക് ഒരുപക്ഷേ അവര്‍ക്കൊപ്പം കോടതിയില്‍ പോയി കൂടെയിരിക്കാന്‍ പറ്റില്ല. എന്നാല്‍ നമുക്ക് പറയാനുള്ളത് പറയാം. നമ്മുടെ അഭിപ്രായം കേള്‍ക്കുന്ന നിരവധി പേരുണ്ടാകും. അത് ചെയ്യാം.

ഇവിടെ വിക്ടിമിനൊപ്പം നമ്മള്‍ നില്‍ക്കുക എന്നതാണ്. ഞാന്‍ ഈ പക്ഷത്താണെന്ന് ധൈര്യത്തോടെ പറയണം. അതിന് നമ്മളെ കൊണ്ട് സാധിക്കണം. ഇവിടെ നമ്മുടെ പ്രശ്‌നം എന്നത് എല്ലാവര്‍ക്കുമൊപ്പം ഒരു ഫ്‌ളോയില്‍ അങ്ങ് പോകുക എന്നതാണ്. അങ്ങനെ പോയാല്‍ ഒരു പ്രശ്‌നവുമുണ്ടാകില്ല എന്നതാണ്.

പഠിക്കുക, ജോലി കിട്ടുക, കല്യാണം കഴിക്കുക ഇതില്‍ നിന്ന് മാറി ചിന്തിക്കാനോ അഭിപ്രായം പറയാനോ നമ്മളെ സമ്മതിച്ചിട്ടില്ല. ഇതൊരു നല്ല മാതൃകയല്ല. അത് ബ്രേക്ക് ചെയ്യാനുള്ള ധൈര്യം നമ്മള്‍ കാണിക്കണം. എനിക്ക് സന്തോഷം തരുന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്.

സ്ത്രീകള്‍ക്കെതിരെ അബ്യൂസ് ഉണ്ടാവാന്‍ പാടില്ല. ഞാന്‍ സിനിമയില്‍ എത്തിയിട്ട് നാലര വര്‍ഷം ആയി. മോശമായ രീതിയില്‍ ഒരു സംസാരം പോലും നേരിടേണ്ടി വന്നിട്ടില്ല. സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ മോശക്കാരാണെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ വന്ന ശേഷം ഒരു സംസാരത്തില്‍ പോലും എനിക്ക് മോശം നേരിട്ടിട്ടില്ല.

എന്നാല്‍ ഒരുപക്ഷേ ഞാന്‍ ഒരു ക്ഷേത്രത്തില്‍ പോയാല്‍ അവിടെ വെച്ച് ഒരു ബാഡ് ടച്ച് നേരിടേണ്ടി വന്നേക്കാം, അല്ലെങ്കില്‍ ബസ് കാത്തുനില്‍ക്കുന്ന സമയത്ത് ഒരു ബാഡ് ടച്ച് എനിക്ക് നേരിടേണ്ടി വരാം. അപ്പോള്‍ സിനിമയല്ല പ്രശ്‌നം. സൊസൈറ്റിയില്‍ വരുന്ന റിഫ്‌ളക്ഷന്‍സാണ് സിനിമയില്‍ വരുന്നത്. സിനിമ തീര്‍ച്ചയായും സൊസൈറ്റിയെ അഫക്ട് ചെയ്യും. അതുകൊണ്ട് കൂടിയാണ് സിനിമയില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. അതുകണ്ട് ആരെങ്കിലും ഇന്‍സ്പയര്‍ ആകുകയാണെങ്കില്‍ ആകട്ടെ എന്നാണ് ഞാന്‍ കരുതുന്നത്, ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

അര്‍ച്ചന നോട്ട് ഔട്ട് ആണ് ഐശ്വര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഐശ്വര്യയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Content Highlight: Actress Aiswarya Lekshni About abuse against womens