റിഹേഴ്‌സലോ... ഷൂട്ടിങ്ങാണെന്നും പറഞ്ഞ് മണിസാര്‍ എന്നെ നോക്കി അലറി വിളിച്ചു: ഐശ്വര്യ ലക്ഷ്മി
Entertainment news
റിഹേഴ്‌സലോ... ഷൂട്ടിങ്ങാണെന്നും പറഞ്ഞ് മണിസാര്‍ എന്നെ നോക്കി അലറി വിളിച്ചു: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th April 2023, 11:22 am

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ മലയാള സാന്നിധ്യമായ ഐശ്വര്യ ലക്ഷ്മി ഷൂട്ടിങ് ലൊക്കേഷനിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്.

തന്റെ ആദ്യ ദിവസത്തെ ഷൂട്ടിങ് ആയപ്പോഴുള്ള മണിരത്‌നത്തോടൊപ്പമുള്ള അനുഭവമാണ് താരം പങ്കുവെച്ചത്. തുടക്കമായതുകൊണ്ട് തനിക്ക് അദ്ദേഹത്തിന്റെ വര്‍ക്കിങ് പാറ്റേണ്‍ അറിയില്ലായിരുന്നെന്നും അയലന്‍ഡിലേക്ക് വെള്ളം കയറി വരുന്നതുകൊണ്ട് ആദ്യം തന്നെ ഷൂട്ട് ചെയ്യില്ലെന്ന് താന്‍ കരുതിയെന്നും റിഹേഴ്‌സല്‍ അല്ലേയെന്ന് അദ്ദേഹത്തോട് ചോദിച്ചെന്നും താരം പറഞ്ഞു.

ചോദിച്ച ഉടനെ അദ്ദേഹം തന്നോട് അലറിയെന്നും റിഹേഴ്‌സല്‍ അല്ല ഷൂട്ടിങ്ങാണെന്ന് പറഞ്ഞെന്നും ഐശ്വര്യ പറഞ്ഞു. 24ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ ആദ്യ ദിവസത്തിലെ ഷൂട്ടില്‍ ഉച്ചയൊക്കെ ആയപ്പോഴേക്കും അയലന്‍ഡിലേക്ക് വെള്ളം കയറിയിരുന്നു. അപ്പോള്‍ അവിടെ നിന്ന് നമ്മള്‍ ക്ലിയര്‍ ചെയ്ത് പോയില്ല എന്നുണ്ടെങ്കില്‍ അടുത്ത ദിവസം ടൈഡ് ഇറങ്ങുന്നത് വരെ അവിടെ നിന്നും പോകാന്‍ കഴിയില്ല.

എന്റെ ആദ്യത്തെ ദിവസമായതുകൊണ്ട് മണി സാറിന്റെ വര്‍ക്കിങ് സ്‌റ്റൈല്‍ എനിക്ക് അറിയില്ലായിരുന്നു. പൂങ്കുഴലിയും വന്തിയത്തേവനും ഈ ബോട്ടിലേക്ക് കേറ് ബാക്കിയുള്ളവര്‍ പാക്ക് ചെയ്ത് പോയിക്കോളൂ എന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ വിചാരിച്ചത് ചിലപ്പോള്‍ നാളത്തെ ഷൂട്ടിന് വേണ്ടി നമ്മള്‍ പ്രിപ്പയര്‍ ചെയ്യുകയായിരിക്കുമെന്നാണ്. ചിത്രത്തിന്റെ തുടക്കത്തില്‍ കാണുന്ന സീനായിരുന്നു ചെയ്ത് കൊണ്ടിരുന്നത്. പൂങ്കുഴലി ബോട്ടിലേക്ക് കയറിയിട്ട് അവിടത്തെ പ്രവര്‍ത്തികള്‍ ചെയ്യുന്നത് പോലെയുള്ള സീനായിരുന്നു. ഈ മീന്‍ ചട്ടി കൊടുക്കുന്നതും കുക്ക് ചെയ്യാന്‍ നോക്കുന്നതുമായിട്ടുള്ള സീനാണ്.

ഞാന്‍ ശരിക്കും വിചാരിച്ചത് നാളത്തേക്ക് നമ്മള്‍ റിഹേഴ്‌സ് ചെയ്യുകയാണെന്നാണ്. റിഹേഴ്‌സലോ… ഷൂട്ടിങ്ങാണെന്നും പറഞ്ഞ് അദ്ദേഹം എന്നെ നോക്കി അലറി വിളിച്ചു. അതാണ് മണി സാറിന്റെ രീതി. എന്താണെങ്കിലും ഷൂട്ട് അദ്ദേഹം ചെയ്തിരിക്കും. അന്ന് ചാര്‍ട്ട് ചെയ്തതെല്ലാം മണി സാര്‍ ഷൂട്ട് ചെയ്ത് തീര്‍ക്കും. നടക്കില്ലെന്ന് കരുതുന്നതെല്ലാം അദ്ദേഹം നടത്തിയിരിക്കും,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

content highlight: actress aiswarya lakshmi about maniratnam