അഭിമുഖങ്ങളിലെ ഷൈനല്ല കുമാരി സെറ്റിലെ ഷൈന്‍, കഥാപാത്രം കുളിച്ചിട്ടുണ്ടാകുമോ എന്ന് വരെ നോക്കിയാണ് അഭിനയിക്കുക: ഐശ്വര്യ ലക്ഷ്മി
Entertainment news
അഭിമുഖങ്ങളിലെ ഷൈനല്ല കുമാരി സെറ്റിലെ ഷൈന്‍, കഥാപാത്രം കുളിച്ചിട്ടുണ്ടാകുമോ എന്ന് വരെ നോക്കിയാണ് അഭിനയിക്കുക: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th October 2022, 10:36 pm

കുമാരി എന്ന നിര്‍മല്‍ സഹദേവ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയോടൊപ്പം ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അഭിമുഖങ്ങളില്‍ കാണുന്ന ഷൈന്‍ ടോം ചാക്കോയില്‍ നിന്നും ഏറെ മാറ്റം അദ്ദേഹത്തിന് കുമാരിയില്‍ കൂടെ അഭിനയിക്കുമ്പോള്‍ ഉണ്ടായിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

സംസാരിക്കാന്‍ നല്ല രസമുള്ള പേഴ്‌സണ്‍ ആണ് ഷൈനെന്നും അതെന്തുകൊണ്ടാണ് പുറമെ കാണിക്കാത്തതെന്ന് തനിക്ക് അറിയില്ലെന്നും താരം മീഡിയ വണ്ണിനോട് പറഞ്ഞു.

”കഥാപാത്രത്തെ ആവാഹിച്ച് സിനിമയില്‍ ചെയ്തത് ഷെന്‍ ടോം ചാക്കോ മാത്രമാണ്. അദ്ദേഹം അഭിനയിക്കുന്നത് കാണാന്‍ തന്നെ ഭംഗിയാണ്. അഭിനയിക്കുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ നമുക്ക് കഴിയില്ല.

കഥാപാത്രം കുളിച്ചിട്ടുണ്ടാകുമോ എന്ന് വരെ അദ്ദേഹം നോക്കും. കഥാപാത്രം കുളിച്ചാലും ഇല്ലെങ്കിലും എന്താണെന്നാണ് ഞാന്‍ ചിന്തിക്കുക. പക്ഷേ ഷൈന്‍ കഥാപാത്രം എങ്ങനെയാണോ അതിലേക്ക് പൂര്‍ണമായും മാറും. തലയിലും ദേഹത്തും എണ്ണതേച്ചാണ് കുളിച്ചിറങ്ങി വരുന്ന സീന്‍ അദ്ദേഹം ചെയ്തത്. ഭയങ്കര രസം ഉണ്ടായിരുന്നു അത് ചെയ്യുന്നത് കാണാന്‍. കാരണം അത്രയും ചിന്തിച്ചിട്ടാണ് എല്ലാം അവതരിപ്പിക്കുക. അതിന്റെ വ്യത്യാസം സ്‌ക്രീനില്‍ കാണാന്‍ ഉണ്ട്.

ഫിസിക്കല്‍ കോണ്ടാക്ട്‌സ് വരുന്ന സീന്‍സില്‍ ഞാന്‍ കംഫട്ടാണോയെന്ന് നോക്കിയിട്ടാണ് അദ്ദേഹം അത് ചെയ്യുകയുള്ളു. അഭിനയം തന്നെയാണ് പക്ഷേ നമ്മള്‍ വിചാരിക്കും അദ്ദേഹം ശ്രദ്ധിച്ചല്ല ചെയ്യുന്നതെന്നും അറിയാതെയാകുമെന്നും തോന്നും. എന്നാല്‍ വളരെ സൂക്ഷിച്ചാണ് അദ്ദേഹം എല്ലാം ചെയ്യുക.

ഭയങ്കര സ്മാര്‍ട്ടായിട്ടുള്ള കോആക്ടറാണ് ഷൈന്‍. ഞാന്‍ പലപ്പോഴും വിചാരിക്കാറുണ്ട് അഭിമുഖങ്ങളില്‍ കാണുന്ന ഷൈന്‍ അല്ല അഭിനയിക്കാന്‍ വരുമ്പോള്‍. സംസാരിക്കാന്‍ നല്ല രസമുള്ള പേഴ്‌സണ്‍ ആണ്. അതെന്ത് കൊണ്ടാണ് പുറമെ കാണിക്കാത്തതെന്ന് എനിക്ക് അറിയില്ല.

അഭിമുഖങ്ങളിലെ ഷൈനിനെ കാണുമ്പോള്‍ ഞാന്‍ വിചാരിക്കുമായിരുന്നു ഇതല്ലല്ലോ കുമാരിയുടെ സെറ്റില്‍ ഞാന്‍ കണ്ട ഷൈനെന്ന്. ധ്രുവന്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ അഭിനയിക്കുന്നത്,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

രണം എന്ന ചിത്രത്തിന് ശേഷം നിര്‍മല്‍ സഹദേവ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമാരി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് കുമാരി അവതരിപ്പിച്ചിരിക്കുന്നത്.

content highlight: actress aishwarya lekshmi about shine tom chakko