പെര്‍ഫോം ചെയ്യുന്ന നായികമാര്‍ കുറഞ്ഞു; കൊമേഴ്‌സ്യല്‍ സിനിമകള്‍ ഒരുപാട് വരുമ്പോഴും നായികമാര്‍ ഡാന്‍സും പാട്ടും ഗ്ലാമറും മാത്രം ചെയ്യുന്നു: വിഷ്ണു വിശാല്‍
Entertainment news
പെര്‍ഫോം ചെയ്യുന്ന നായികമാര്‍ കുറഞ്ഞു; കൊമേഴ്‌സ്യല്‍ സിനിമകള്‍ ഒരുപാട് വരുമ്പോഴും നായികമാര്‍ ഡാന്‍സും പാട്ടും ഗ്ലാമറും മാത്രം ചെയ്യുന്നു: വിഷ്ണു വിശാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th November 2022, 10:22 am

ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഗാട്ട ഗുസ്തി. ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷന്‍ പരിപാടികളും കഴിഞ്ഞദിവസം നടന്നിരുന്നു.

ഗാട്ട ഗുസ്തി ഒരു നായികാ പ്രാധാന്യമുള്ള ചിത്രമാണെന്നും ഒരു പെര്‍ഫോമറായ നടിയെ തന്നെ വേണം എന്നുള്ളത് കൊണ്ടാണ് ഐശ്വര്യ ലക്ഷ്മിയെ ആ റോളിലേക്ക് തെരഞ്ഞെടുത്തതെന്നും പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ കൂടിയായ നടന്‍ വിഷ്ണു വിശാല്‍.

ഇന്ന് പെര്‍ഫോം ചെയ്യുന്ന നായികമാര്‍ കുറഞ്ഞുവരികയാണെന്നും ഒരുപാട് കൊമേഴ്‌സ്യല്‍ സിനിമകള്‍ വരുന്നുണ്ടെങ്കിലും നായികമാര്‍ ഡാന്‍സും പാട്ടും ഗ്ലാമറും മാത്രം ചെയ്യുകയാണെന്നും ഇതില്‍ ചെറിയ മാറ്റങ്ങള്‍ വന്നുതുടങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐശ്വര്യ ലക്ഷ്മിയെ ചിത്രത്തിലേക്ക് തെരഞ്ഞെടുക്കാന്‍ കാരണമെന്താണ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”ഈ സിനിമയിലെ പെണ്‍കുട്ടിയുടെ കഥാപാത്രം മലയാളിയാണ്. നമുക്ക് പെട്ടെന്ന് റിലേറ്റ് ആവുന്ന ഒരാള്‍ തന്നെ അത് ചെയ്യണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ക്ലാരിറ്റിയുണ്ടായിരുന്നു.

ഈ സിനിമയുടെ കഥയെ കുറിച്ച് സത്യസന്ധമായി പറയുകയാണെങ്കില്‍ നായകന്‍ ഒരു 45 ശതമാനവും നായിക ഒരു 55 ശതമാനവുമായിരിക്കും. അതാണ് ഈ സിനിമ.

ഹീറോയിന്‍ കറക്ടായില്ലെങ്കില്‍ ഈ പടം കയ്യില്‍ നിന്ന് പോകും. അത് നിങ്ങള്‍ക്ക് സിനിമ കാണുമ്പോള്‍ മനസിലാകും. ഇതില്‍ കുറച്ചുകുറച്ച് സര്‍പ്രൈസുകളുമുണ്ട്. എന്നാല്‍ വലിയ കൊമേഴ്‌സ്യല്‍ പടങ്ങളുടെ അത്ര ട്വിസ്റ്റും ടേണുമൊന്നുമില്ല.

ഒട്ട് ആന്‍ഡ് ഔട്ട് ഇതിലെ നായികാ കഥാപാത്രം ഒരു പെര്‍ഫോമന്‍സ് ഓറിയന്റഡ് റോളാണ്. അതിലേക്ക് കറക്ടായ ഒരു ആക്ടര്‍ വേണമായിരുന്നു. അതായത് കൊമേഴ്‌സ്യല്‍ സിനിമയിലേക്ക് ഒരു പെര്‍ഫോമന്‍സ് ഓറിയന്റഡ് ഹിറോയിനെ വേണമായിരുന്നു.

നിങ്ങള്‍ ട്രെയിലറില്‍ കണ്ട ആക്ഷന്‍ സീക്വന്‍സുകളിലൊക്കെ ഭയങ്കരമായി അടിക്കുന്നുണ്ട്. അത് അടിക്കുന്ന പോലെ പാടില്ല, ശരിക്കും അടിക്കണമായിരുന്നു. ആ കഥാപാത്രം ശരിക്കും അടിക്കുകയാണെന്ന് ഓഡിയന്‍സിന് തോന്നണം. അപ്പൊ മാത്രമാണ് ഐ ഫീലിങ് വരിക.

അഭിനയിക്കുന്ന പോലെ തോന്നിയാല്‍ അത് ശരിയാകില്ല. അതുകൊണ്ട് ആ കഥാപാത്രം ചെയ്യുന്ന ആക്ട്രസ് ഒരു പെര്‍ഫോമര്‍ ആയിരിക്കണമെന്ന് നിര്‍ബന്ധമായിരുന്നു.

ഹൗസ് വൈഫ് ആയിരിക്കുമ്പോള്‍ ഇതേ കഥാപാത്രം വളരെ ശാന്തമാണ്. അതും അഭിനയിക്കുന്ന പോലെ തോന്നാന്‍ പാടില്ല. ആ പെര്‍ഫോമന്‍സ് വേണം എന്നതുകൊണ്ടാണ് ഞങ്ങള്‍ ഐശ്വര്യയിലേക്കെത്തിയത്. ഞാന്‍ ഐശ്വര്യയുടെ സിനിമകള്‍ കണ്ടിട്ടുണ്ട്. ആ സമയത്തൊക്കെ അവരില്‍ ഒരു പെര്‍ഫോമറെ കണ്ടിട്ടുമുണ്ട്.

ഒരു നടിയെയും നായികമാരെയും കുറിച്ച് ഞാന്‍ തെറ്റായൊന്നും പറയുന്നില്ല. പക്ഷെ ഈയടുത്ത കാലത്ത് പെര്‍ഫോം ചെയ്യുന്ന നായികമാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഒരു ലാഗിങ്ങുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഒരുപാട് കൊമേഴ്‌സ്യല്‍ സിനിമകള്‍ വരുന്നുണ്ട്. നായികമാര്‍ വന്ന് ഡാന്‍സും പാട്ടും ഗ്ലാമറും മാത്രം ചെയ്യുന്നു. പക്ഷെ അതില്‍ വീണ്ടും ചെറിയ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്.

നായികാ പ്രാധാന്യമുള്ള ഒരു സിനിമയുടെ ഭാഗമാകുന്നു എന്നതില്‍ എനിക്കും ഒരുപാട് സന്തോഷമുണ്ട്. എഫ്.ഐ.ആറില്‍ അങ്ങനെയായിരുന്നു. ഗാട്ട ഗുസ്തിയിലും ഇനി എന്റെ വരാനിരിക്കുന്ന പടങ്ങളിലും ആക്ടേഴ്‌സ് എന്ന രീതിയില്‍ സ്ത്രീകള്‍ക്ക് തീര്‍ച്ചയായും പ്രാധാന്യമുണ്ടാകും,” വിഷ്ണു വിശാല്‍ പറഞ്ഞു.

ചെല്ല അയ്യാവുവാണ് ഗാട്ട ഗുസ്തിയുടെ രചനയും സംവിധാനവും. ആര്‍.ടി. ടീം വര്‍ക്സ്, വി.വി. സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ രവി തേജ, വിഷ്ണു വിശാല്‍, ശുഭ്ര, ആര്യന്‍ രമേശ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.

ഡിസംബര്‍ രണ്ടിന് തമിഴിലും തെലുങ്കിലുമായി ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Actor Vishnu Vishal about the importance of female roles in movies