ദളപതി 67ന്റെ ഭാഗമാകാന്‍ ഞാനില്ല, വിജയ്‌യെ നായകനാക്കി സിനിമ സംവിധാനം ചെയ്യും: വിശാല്‍
Entertainment news
ദളപതി 67ന്റെ ഭാഗമാകാന്‍ ഞാനില്ല, വിജയ്‌യെ നായകനാക്കി സിനിമ സംവിധാനം ചെയ്യും: വിശാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th December 2022, 3:31 pm

വിജയ്‌യെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നടന്‍ വിശാല്‍. വിജയ്‌യുടെ ഷൂട്ട് തുടങ്ങാന്‍ പോകുന്ന ലോകേഷ് പടത്തില്‍ തന്നെ വിളിച്ചിരുന്നുവെന്നും, എന്നാല്‍ തിരക്കുകള്‍ കാരണം പോകാന്‍ പറ്റിയില്ലെന്നും താരം പറഞ്ഞു. തന്റെ തിരക്കുകള്‍ കഴിയുമ്പോള്‍ വിജയ്‌യെ പോയി കാണുമെന്നും വിശാല്‍ പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘വിജയ് സാറിന്റെ അടുത്ത സിനിമയിലേക്ക് സംവിധായകന്‍ ലോകേഷ് എന്നെ വിളിച്ചിരുന്നു. ആ ചിത്രത്തിന്റെ ഭാഗമാകാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ എനിക്ക് അതിന് കഴിഞ്ഞിരുന്നില്ല.

എന്റെ അടുത്ത സിനിമകളിലേക്കുള്ള തിരക്കിലായിരുന്നു ഞാന്‍. തുപ്പരിവാലന്‍2, ലാത്തി, മാര്‍ക്ക് ആന്റണി എന്നീ ചിത്രങ്ങളുടെ തിരക്കിലായിരുന്നു. ഞാന്‍ വിജയ് യുടെ കടുത്ത ആരാധകനാണ്. ഇക്കാര്യം ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.

തുപ്പരിവാലന്റെ ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ എന്തായാലും അദ്ദേഹത്തെ പോയി കാണും. എന്നിട്ട് എന്റെ മനസിലുള്ള കഥ ഉറപ്പായും പറയും. ശരിക്കും സിനിമയിലേക്ക് ഒരു സംവിധായകനായി വരണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അപ്പോഴാണ് അര്‍ജുന്‍ സാര്‍ എന്നോട് പറഞ്ഞത്, എപ്പോള്‍ വേണമെങ്കിലും സംവിധായകനാവാം ആദ്യം നീയൊരു നടനാകാന്‍.

അങ്ങനെയാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ആ സമയത്ത് പുതുമുഖങ്ങള്‍ക്ക് ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നു. ബോയ്‌സ് പോലെയുള്ള സിനിമകള്‍ അപ്പോഴാണ് ഇറങ്ങുന്നത്. അങ്ങനെ ഞാന്‍ ഫോട്ടോസൊക്കെ പലര്‍ക്കും അയച്ച് കൊടുത്തു. പിന്നീടാണ് ചെല്ലമേ എന്ന സിനിമയിലേക്ക് എന്നെ വിളിക്കുന്നത്,’ വിശാല്‍ പറഞ്ഞു.

‘വീരമേ വാകൈ സൂടും’ ആയിരുന്നു താരത്തിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. ആ സിനിമയുടെ നിര്‍മാതാവ് കൂടിയായിരുന്നു വിശാല്‍. മാര്‍ക്ക് ആന്റണി, ലാത്തി, തുപ്പരിവാലന്‍2 എന്നിവയാണ് വിശാലിന്റെ വരാനുള്ള സിനിമകള്‍.

content highlight: actor vishal talks about his new movie and vijay