ആ സീന്‍ ഷൂട്ട് ചെയ്തതിന് ശേഷം വിനീത് റെയില്‍വേ സ്റ്റേഷനില്‍ കിടന്ന് ഓടുകയായിരുന്നു; എനിക്ക് അതിന് മാത്രമൊന്നും തോന്നിയില്ല: വിജയരാഘവന്‍
Entertainment news
ആ സീന്‍ ഷൂട്ട് ചെയ്തതിന് ശേഷം വിനീത് റെയില്‍വേ സ്റ്റേഷനില്‍ കിടന്ന് ഓടുകയായിരുന്നു; എനിക്ക് അതിന് മാത്രമൊന്നും തോന്നിയില്ല: വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th April 2023, 7:13 pm

ഹൃദയം സിനിമയില്‍ പ്രേക്ഷകരില്‍ ഏറെ സ്പര്‍ശിച്ചൊരു സീനാണ് റെയില്‍വേസ്റ്റേഷനില്‍ നിന്നും പ്രണവ് മോഹന്‍ലാലിനെ വിജയരാഘവന്‍ കെട്ടിപിടിക്കുന്നത്. ചിത്രത്തില്‍ അച്ഛനും മകനുമായാണ് ഇവര്‍ അഭിനയിച്ചത്.

വിനീത് ശ്രീനിവാസന് ഏറ്റവും ഇഷ്ടപ്പെട്ട സീനാണ് അതെന്ന് പറയുകയാണ് വിജയരാഘവന്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ആ സീന്‍ ഷൂട്ട് ചെയ്തതിന് ശേഷം സന്തോഷം കൊണ്ട് വിനീത് ആ റെയില്‍വേ സ്റ്റേഷനില്‍ കിടന്ന് ഓടുകയായിരുന്നു. എനിക്ക് അതിന് മാത്രമൊന്നും ആ സീനില്‍ തോന്നിയില്ല.

സീന്‍ ചെയ്തപ്പോള്‍ എനിക്ക് ഒന്നും അനുഭവപ്പെട്ടിട്ടില്ല. ആ സീന്‍ മുന്നില്‍ കണ്ടാണ് വിനീത് എന്നെ വിളിച്ചത്. ഈ ഒറ്റ സീന്‍ ചെയ്യാനായിട്ടാണ് ചേട്ടനെ വിളിച്ചിട്ടുള്ളതെന്ന് വിനീത് എന്നോട് പറഞ്ഞു.

വേറെ കുറേ സീനുണ്ട്. പക്ഷെ ഈ ഒരൊറ്റ സീന്‍ കുട്ടേട്ടന്‍ തന്നെ ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നെന്ന് വിനീത് പറഞ്ഞു. സ്‌ക്രീനില്‍ കണ്ടപ്പോള്‍ എനിക്ക് ഇഷ്ടമായിരുന്നു,” വിജയരാഘവന്‍ പറഞ്ഞു.

പ്രണവിനൊപ്പം ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും വിജയരാഘവന്‍ സംസാരിച്ചു.

”ഹൃദയം സിനിമയില്‍ പ്രണവിനെ ഹഗ് ചെയ്യുന്ന സീനിന് ശേഷം പ്രണവില്‍ മാറ്റമുണ്ടായിട്ടുണ്ടെന്ന് വിനീത് എന്നോട് പറഞ്ഞു. കെട്ടിപ്പിടുത്തത്തിന് മുമ്പും ശേഷവുമുള്ള പ്രണവ് രണ്ടും രണ്ടാണെന്നാണ് ക്രൂവിലുള്ളവര്‍ പറഞ്ഞത്.

എന്ത് മാജിക്കാണ് ഞാന്‍ കെട്ടിപ്പിടിക്കുമ്പോള്‍ ചെയ്തതെന്ന് വിനീത് എന്നോട് ചോദിച്ചിരുന്നു. അത് പക്ഷെ മാജിക്ക് ഒന്നുമല്ല. അപ്പു ആരുടെ അടുത്തും അധികം സംസാരിക്കാറില്ല. എന്നോടും അങ്ങനെ ആയിരുന്നു.

പ്രത്യേകിച്ച് ലാലിന്റെ സുഹൃത്താണല്ലോ ഞാന്‍. അച്ഛന്റെ സുഹൃത്തായ ഒരാളും കൂടിയാകുമ്പോള്‍ സ്വഭാവികമായിട്ടും നമ്മുടെ അടുത്ത് നിന്ന് സ്വല്‍പ്പം അകന്ന് അല്ലെ നില്‍ക്കുക. ആ അകല്‍ച്ച നമ്മള്‍ ഒന്ന് മാറ്റി അത്രയേ അന്ന് സംഭവിച്ചിട്ടുള്ളൂ,” അദ്ദേഹം പറഞ്ഞു.

content hihlight: actor vijayaraghavan about hrushayam movie