'സുഖമാണോ, ഇവിടെ വാ, വേണ്ട'; അഭിമുഖത്തിനിടെ മലയാളം പറഞ്ഞ് വിക്കി കൗശല്‍; മോളിവുഡ് സംവിധായകര്‍ ഓഡിഷനായി പരിഗണിക്കണമെന്നും നടന്‍
Entertainment
'സുഖമാണോ, ഇവിടെ വാ, വേണ്ട'; അഭിമുഖത്തിനിടെ മലയാളം പറഞ്ഞ് വിക്കി കൗശല്‍; മോളിവുഡ് സംവിധായകര്‍ ഓഡിഷനായി പരിഗണിക്കണമെന്നും നടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd May 2021, 6:13 pm

മലയാള സിനിമയെ പുകഴ്ത്തി ബോളിവുഡ് നടന്‍ വിക്കി കൗശല്‍. മലയാളത്തില്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയാണെന്ന് രാജ്കുമാര്‍ റാവുവിന് പറഞ്ഞതിന് പിന്നാലെയാണ് ഇപ്പോള്‍ വിക്കി കൗശലും എത്തിയിരിക്കുന്നത്.

ഫിലിം കംപാനിയനില്‍ അനുപമ ചോപ്ര നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിക്കി. നേരത്തെ ഫിലിം കംപാനിയനില്‍ തന്നെയായിരുന്നു മോളിവുഡില്‍ അവസരം ലഭിക്കാനായി മലയാളം പഠിക്കാന്‍ വരെ താന്‍ ശ്രമിക്കുകയാണെന്ന് രാജ്കുമാര്‍ റാവു പറഞ്ഞത്.

രാജ്കുമാര്‍ റാവു പറഞ്ഞ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അനുപമ ഉന്നയിച്ച ചോദ്യത്തിനാണ് താനും മലയാള സിനിമയില്‍ അഭിനയിക്കാനായി കാത്തിരിക്കുകയാണെന്നും തനിക്ക് മലയാളം അറിയാമെന്നും ചില വാക്കുകള്‍ പറഞ്ഞുകൊണ്ട് വിക്കി കൗശല്‍ പറഞ്ഞത്.

‘ഇത് മലയാളം സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമുള്ള എന്റെ ഓഡിഷന്‍ വീഡിയോയായി പരിഗണിക്കുമെങ്കില്‍ സന്തോഷം. എനിക്ക് കുറച്ച് മലയാളം അറിയാം. സുഖം തന്നെ, ചോറ്, വേണ്ട, ഇവിടെ വാ എന്നീ വാക്കുകളൊക്കെ എനിക്ക് അറിയാം.

അപ്പോള്‍ മലയാളം പഠിക്കുന്ന കാര്യത്തില്‍ ഞാന്‍ രാജിനെ കടത്തിവെട്ടി എനിക്ക് മലയാളം സംവിധായകരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു,’ വിക്കി കൗശല്‍ പറഞ്ഞു.

വിക്കി കൗശലിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുകയാണ്. നിരവധി മലയാളികള്‍ വിക്കിയെ മലയാള സിനിമകളില്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് കമന്റുകളില്‍ പറയുന്നുണ്ട്.

ഇന്ത്യയിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിലൊരാള്‍ ഫഹദ് ഫാസിലാണെന്നും റീജിയണല്‍ സിനിമകളില്‍ അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും ഇതേ അഭിമുഖത്തില്‍ വിക്കി പറഞ്ഞിരുന്നു. തമിഴ് സംവിധായകന്‍ വെട്രിമാരന്‍, മറാത്തി സംവിധായകന്‍ നാഗരാജ് മഞ്ജുളെ എന്നിവരുടെ സിനിമകളില്‍ അഭിനയിക്കണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും വിക്കി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Bollywood actor Vicky Kaushal says a few words in Malayalam during an interview, and says he wants to act in Mollywood