എഡിറ്റര്‍
എഡിറ്റര്‍
ടോം ആള്‍ട്ടര്‍ അന്തരിച്ചു; വിട പറഞ്ഞത് ബോളിവുഡിലെ ബഹുമുഖ പ്രതിഭ
എഡിറ്റര്‍
Saturday 30th September 2017 8:13am


മുംബൈ: ബോളിവുഡ് നടനും സംവിധായകനും എഴുത്തുകാരനുമായ ടോം ആള്‍ട്ടര്‍(67) അന്തരിച്ചു. ഇന്നലെ രാത്രിയോടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. 2008 ല്‍ രാജ്യം പദ്മശ്രീ ബഹുമതി നല്‍കി ആദരിച്ച വ്യക്തിയാണ് ടോം ആള്‍ട്ടര്‍. ചര്‍മ്മത്തില്‍ അര്‍ബുദം ബാധിച്ചതായി കണ്ടെത്തി ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് ആള്‍ട്ടറിന്റെ വിയോഗം.

300 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ആള്‍ട്ടര്‍ സീരിയല്‍ രംഗത്തും നാടകത്തിലും സഹിത്യ മേഖലയിലും ഒരുപോലെ കഴിവ് തെളിയിച്ച വ്യക്തിയാണ്. ജുനൂന്‍ സീരിയലിലെ അധോലോക നേതാവ് കേശവ് കല്‍സി എന്ന കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെട്ട വ്യക്തി കൂടിയാണ് ആള്‍ട്ടര്‍.


Also Read: ‘പാട്ടെഴുത്ത് എന്റെ തൊഴിലാണ്, ജോലിചെയ്തു കാശും വാങ്ങി, അതിനപ്പുറം അതിലൊന്നുമില്ല’; ബി.ജെ.പിയാത്രക്കായി കവിതയെഴുത്ത് വിവാദത്തില്‍ പ്രതികരണവുമായി കവികള്‍


മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത വ്യക്തിയാണ് ആള്‍ട്ടര്‍. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം കാലാപാനിയിലും കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ അനുരാഗകരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെയും ആള്‍ട്ടര്‍ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനാണ്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആദ്യമായി ഒരു ടെലിവിഷന് വേണ്ടി അഭിമുഖം ചെയ്ത ആള്‍ട്ടര്‍ കളിയെഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനായിരുന്നു. 1976 ല്‍ പുറത്തിറങ്ങിയ രാമാനന്ത് സാഗറിന്റെ ചരസ് ആണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം.

സത്യജിത് റേയുടെ ശത് രഞ്ച് കേ കിലാഡി, ശ്യാം ബെനഗലിന്റെ ജുനൂന്‍, മനോജ് കുമാറിന്റെ ക്രാന്തി, രാജ് കപൂറിന്റെ രാം തേരി ഗംഗ എന്നിവയിലൂടെ സിമിമ പ്രവേശനം അവിസ്മരണീയമാക്കിയ ആള്‍ട്ടര്‍ ബോളിവുഡിന്റെ അവിഭാജ്യഘടകമായി മാറുകയായിരുന്നു.


Dont Miss: ‘സാമര്‍ഥ്യക്കാരനായ വി ടി ബല്‍റാം കണ്ണടച്ചാല്‍ ഇരുട്ട് മൂടുന്നതല്ലല്ലോ ഒരു ചരിത്രവും’; വി.ടി ബല്‍റാമിന് മറുപടിയുമായി എം.വിജിന്‍


ബോളിവുഡിന് പുറമെ ആസാമീസ്, മറാത്തി, ബംഗാളി, തെലുങ്ക്, തമിഴ് ചിത്രങ്ങളിലും വേഷമിട്ട താരം 1950 ല്‍ മുസൂറിയിലായിരുന്നു ജനിച്ചത്. അമേരിക്കയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ഇദ്ദേഹം പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സ്വര്‍ണ മെഡലോടെ നടനത്തില്‍ ബിരുദവും സ്വന്തമാക്കി.

Advertisement