ഇടവേള ബാബുവിനെ അമ്മയുടെ യോഗത്തില്‍ നിന്ന് ഇറക്കിവിട്ടു, അന്ന് അദ്ദേഹം എടുത്ത ശപഥമാണ് ആ പദവി: ടിനി ടോം
Movie Day
ഇടവേള ബാബുവിനെ അമ്മയുടെ യോഗത്തില്‍ നിന്ന് ഇറക്കിവിട്ടു, അന്ന് അദ്ദേഹം എടുത്ത ശപഥമാണ് ആ പദവി: ടിനി ടോം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th January 2023, 4:42 pm

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി പദവിയിലേക്ക് ഇടവേള ബാബു എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് നടനും മിമിക്രി ആര്‍ടിസ്റ്റുമായ ടിനി ടോം.

പണ്ട് അമ്മയുടെ ഒരു മീറ്റിങ് നടക്കുമ്പോള്‍ അന്നത്തെ പ്രസിഡന്റ് ഇടവേള ബാബുവിനെ ആ മീറ്റിങ്ങില്‍ നിന്നും ഇറക്കിവിട്ടിരുന്നെന്നും അന്ന് ഇടവേള ബാബു എടുത്ത ശപഥമാണ് ആ കസേരയെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്. ഇടവേള ബാബു തന്നെയാണ് ഈ കഥ തന്നോട് ഒരിക്കല്‍ പറഞ്ഞതെന്നും ടിനി ടോം പറഞ്ഞു.

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ടിനി ടോം ഈ കാര്യം പറഞ്ഞത്. നടന്മാരായ കെ.ബി ഗണേഷ് കുമാര്‍, മണിയന്‍പിള്ള രാജു, സംവിധായകന്‍ വിപിന്‍ദാസ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഇതേ ചര്‍ച്ചയില്‍ ഇടവേള ബാബുവിന് ആ കസേര കിട്ടാന്‍ ചില പൊളിറ്റിക്‌സ് താന്‍ കളിച്ചിട്ടിട്ടുണ്ടെന്ന് നടന്‍ ഗണേഷ് കുമാറും പറയുന്നുണ്ട്.

‘ഓരോരുത്തര്‍ക്ക് ഓരോ ലക്ഷ്യമാണ്. ചിലര്‍ക്ക് സിനിമയില്‍ വരണമെന്നാണ് ആഗ്രഹം. ബാബു ചേട്ടന്‍ എന്നോട് പറഞ്ഞിട്ടുണ്ട് അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് വരണമെന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നുവെന്ന്.

പണ്ട് അമ്മയുടെ ഒരു മീറ്റിങ് നടക്കുമ്പോള്‍ അന്നത്തെ പ്രസിഡന്റ് ഇറക്കിവിട്ടിട്ടുണ്ട് എന്ന് ഇടവേള ബാബു എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് അദ്ദേഹം എടുത്ത ശപഥം ആണ് അദ്ദേഹം ഇരിക്കുന്ന സീറ്റില്‍ പുള്ളി കയറി ഇരിക്കുമെന്ന്. ആ ലക്ഷ്യം അദ്ദേഹം നേടിയെടുത്തു,’ എന്നായിരുന്നു ടിനി ടോം പറഞ്ഞത്.

ലക്ഷ്യം നമ്മള്‍ നേടിക്കൊടുത്തതാണ് എന്നായിരുന്നു ഇതോടെ ഗണേഷ് കുമാറിന്റെ മറുപടി. ‘അമ്മയില്‍ നിന്നും ഒരു സെക്രട്ടറി രാജിവെക്കുന്ന സമയത്ത് ഞാന്‍ ഒരു സെക്കന്റില്‍ അവിടെ ഒരു രാഷ്ട്രീയം കളിച്ചു. ഒറ്റ പിടിവാശിയില്‍. ആ ബുക്കെല്ലാം വാങ്ങിച്ച് കൈയില്‍ കൊടുത്തു. അങ്ങനെയാണ് അമ്മയുടെ സെക്രട്ടറിയാക്കുന്നത്,’ എന്നായിരുന്നു ഗണേഷിന്റെ മറുപടി.

എന്നെ ആദ്യമായിട്ട് ആ സ്ഥാനത്തിരുത്തുന്നത് ഗണേഷ് തന്നെയാണെന്നും അതിന് ഒരു സംശയവുമില്ലെന്നുമായിരുന്നു ഇതോടെ ഇടവേള ബാബു പറഞ്ഞത്.

അമ്മയുടെ സെക്രട്ടറിയായതോടെ ഇടവേള ബാബുവിനെ ചാനലുകാര്‍ പോലും പരിപാടിക്ക് വിളിക്കാതെയായെന്നും ചാനല്‍കാരോട് അമ്മയുടെ പ്രോഗ്രാമിന്റെ പൈസ ചോദിച്ചതിന്റെ പേരിലാണ് അതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Content Highlight: Actor Tiny Tom about Idavela babu and AMMA