പൃഥ്വിരാജ് ആറ് പേജ് ഡയലോഗ് ഒറ്റ തവണ നോക്കിയിട്ട് റെഡി എന്ന് പറഞ്ഞ് അഭിനയിക്കും, ഞെട്ടിപ്പോയിട്ടുണ്ട്; സുരാജ് പറയുന്നു
Malayalam Cinema
പൃഥ്വിരാജ് ആറ് പേജ് ഡയലോഗ് ഒറ്റ തവണ നോക്കിയിട്ട് റെഡി എന്ന് പറഞ്ഞ് അഭിനയിക്കും, ഞെട്ടിപ്പോയിട്ടുണ്ട്; സുരാജ് പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th February 2021, 5:15 pm

 

സിനിമയില്‍ തനിക്ക് പ്രചോദനമായ ഒരുപാട് പേരുണ്ടെന്നും പുതിയ ആളുകള്‍ വരെ അതില്‍ വരുമെന്നും നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. ആര്‍ട്ടിസ്റ്റായ എല്ലാവരും തന്നെ കൊതിപ്പിക്കാറുണ്ടെന്നും മമ്മൂക്കയും ലാലേട്ടനും താന്‍ ആരാധനയോടെ നോക്കുന്നവരാണെന്നും  മാധ്യമത്തിന് വേണ്ടി അരുണ നടത്തിയ അഭിമുഖത്തില്‍ സുരാജ് പറഞ്ഞു. നടന്‍ പൃഥ്വിരാജുമായുള്ള തന്റെ അനുഭവവും സുരാജ് അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.

‘പൃഥ്വിരാജ് ആറ് പേജ് ഡയലോഗ് ഒറ്റ തവണ നോക്കിയിട്ട് റെഡി എന്ന് പറഞ്ഞ് അഭിനയിക്കും. ദൂരെ സ്ഥലത്ത് ഒരു ലൈറ്റ് പോയാല്‍ അവിടെ ലൈറ്റ് പോയേ എന്ന് പറയുകയും ചെയ്യും. ശരിക്കും എന്നെ അത്ഭുതപ്പെടുത്താറുണ്ട്.

സിനിമ അവരില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുകയാണ്. സീന്‍ ബ്രയിനിലേക്ക് നേരിട്ട് സ്വീകരിക്കുകയാണ്. അത്ര ശ്രദ്ധയാണ്. ഞെട്ടി പോകും നമ്മള്‍. ഒരിക്കല്‍ ഞാന്‍ ഒരാളോട് ചോദിച്ചു, സുകുമാരന്‍ സാറ് എങ്ങനെയാണ് എന്ന്? അദ്ദേഹവും ഇതുപോലെ തന്നെയായിരുന്നു എന്ന് പറഞ്ഞു. ഫുള്‍ സ്‌ക്രിപ്റ്റ് അത്ര ആഴത്തില്‍ പഠിക്കും’, സുരാജ് പറയുന്നു.

പല നടന്മാരും ഡയറക്ട് ചെയ്യുന്നുണ്ടെന്നും ഡയറക്ട് ചെയ്യാന്‍ ആഗ്രഹം ഇല്ലേ എന്ന ചോദ്യത്തിന് അവര്‍ക്ക് അത്ര ആഗ്രഹം ഉണ്ടായിരിക്കുന്നതുകൊണ്ടാവാം അതെന്നും തനിക്ക് അത്ര തീവ്രമായ ആഗ്രഹം തോന്നിയിട്ടില്ലെന്നുമായിരുന്നു സുരാജിന്റെ മറുപടി.

‘എനിക്കറിയാം ഡയറക്ഷന്‍ ഒരു എളുപ്പ പണിയല്ല. സിനിമയിലെ എല്ലാ മേഖലയും എനിക്കിഷ്ടമാണ്. ഇപ്പോ അഭിനയിക്കാനാണ് ഇഷ്ടം. ഓരോ കഥകള്‍ ഒക്കെ ചര്‍ച്ച ചെയ്തിട്ടുണ്ട്. പിന്നീട് എപ്പോഴെങ്കിലും സംഭവിച്ചേക്കാം’, സുരാജ് പറയുന്നു.

അടുപ്പമുള്ള പലരോടും ഇപ്പോഴും താന്‍ ചാന്‍സ് ചോദിക്കാറുണ്ടെന്നും വിശ്വാസം ഉള്ളവരോട് ഇനിയും ചോദിക്കുമെന്നും സുരാജ് പറയുന്നു. ഇന്നലെയും ഒരാളോട് ഞാന്‍ ചാന്‍സ് ചോദിച്ചു. 25 വയസ്സുകാരനാകണോ ഞാന്‍ റെഡിയാണെന്ന്. എനിക്ക് അഭിനയിക്കാന്‍ അത്ര കൊതിയാണ്. നല്ല ഡയറക്ടേഴ്‌സിന്റെ കൈയ്യില്‍ ഞാന്‍ എന്നെ അങ്ങ് കൊടുക്കും. കാരണം അവര്‍ വിചാരിച്ചാല്‍ എനിക്ക് ഇനിയും നല്ല കഥാപാത്രം ചെയ്യാന്‍ കഴിയും.

നായകനാവാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും നല്ല നടനായാല്‍ മതിയെന്നും തന്നെ സംബന്ധിച്ച് കഥാപാത്രത്തിന് മാത്രമാണ് പ്രധാന്യമെന്നും സുരാജ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Suraj Venjaramoodu about Actor Prithviraj