കുടിയന്‍ സുമേഷ് എന്നായിരുന്നു ആളുകള്‍ വിളിച്ചിരുന്നത്, ഇനി ദൃശ്യം സുമേഷ് വിളിക്കണേ എന്നാണ് പ്രാര്‍ത്ഥന; സുമേഷ് ചന്ദ്രന്‍
Malayalam Cinema
കുടിയന്‍ സുമേഷ് എന്നായിരുന്നു ആളുകള്‍ വിളിച്ചിരുന്നത്, ഇനി ദൃശ്യം സുമേഷ് വിളിക്കണേ എന്നാണ് പ്രാര്‍ത്ഥന; സുമേഷ് ചന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd February 2021, 1:54 pm

കൊച്ചി: ദൃശ്യം 2 റിലീസ് ചെയ്തതോടെ പ്രേക്ഷകര്‍ കൈയ്യടിച്ച കഥാപാത്രങ്ങളില്‍ ഒരാളായിരുന്നു സാബു എന്ന കുടിയന്‍ കഥാപാത്രം. സ്റ്റേജ് ഷോകളിലൂടെയും ചാനല്‍ റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധേയനായ സുമേഷ് ചന്ദ്രനായിരുന്നു ഈ റോള്‍ ചെയ്തത്.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ തന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുമേഷ്. മാതൃഭുമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദൃശ്യം സിനിമയെ കുറിച്ചുള്ള തന്റെ അനുഭവങ്ങള്‍ സുമേഷ് പങ്കുവെച്ചത്.

സ്റ്റേജ് പ്രോഗ്രാമുകളില്‍ സ്ഥിരം കുടിയന്‍ വേഷം ചെയ്തിരുന്നതുകൊണ്ട് കുടിയന്‍ സുമേഷ് എന്നായിരുന്നു നേരത്തെ ആളുകള്‍ വിളിച്ചുകൊണ്ടിരുന്നതെന്നും ഇനി ദൃശ്യം സുമേഷ് എന്ന് വിളിക്കണേയെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നുമാണ് സുമേഷ് പറയുന്നത്.

ദൃശ്യം 2-വിലേക്ക് ജീത്തു ജോസഫ് വിളിച്ചപ്പോള്‍ മടക്കിക്കുത്തിയിരുന്ന മുണ്ട് അറിയാതെ അഴിച്ചിട്ടു. ഒരു ഫോട്ടോ അയച്ചുകൊടുക്കാന്‍ പറഞ്ഞപ്പോള്‍ എന്തിനുവേണ്ടിയാണെന്നുപോലും ചോദിച്ചില്ല.

ഭാസ്‌കര്‍ ദ റാസ്‌കല്‍, ആദ്യരാത്രി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം കിട്ടുന്നത് ദൃശ്യം 2 ലാണെന്നും അഭിമുഖത്തില്‍ സുമേഷ് ചന്ദ്രന്‍ പറഞ്ഞു.

ദൃശ്യം 2 വിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുമേഷ് ചന്ദ്രനും അജിത്ത് കൂത്താട്ടുകുളവും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചാനല്‍ ഷോയില്‍ ദൃശ്യത്തിന്റെ സ്പൂഫ് വീഡിയോയില്‍ അഭിനയിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സിനിമയുടെ രണ്ടാം ഭാഗത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഫെബ്രുവരി 18 രാത്രിയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.

ആമസോണ്‍ പ്രൈമില്‍ 19 ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ് ആവുകയായിരുന്നു.

മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.

2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Sumesh Chandran talks about his role in Drishyam 2