ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ വന്നതെല്ലാം ഒരേ കഥാപാത്രങ്ങള്‍, അവാര്‍ഡ് ആഘോഷിക്കാനുള്ള സമയമല്ല; 34 വര്‍ഷത്തിനിടയില്‍ ലഭിച്ച ആദ്യ സംസ്ഥാന അവാര്‍ഡിനെക്കുറിച്ച് സുധീഷ്
Kerala State Film Award
ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ വന്നതെല്ലാം ഒരേ കഥാപാത്രങ്ങള്‍, അവാര്‍ഡ് ആഘോഷിക്കാനുള്ള സമയമല്ല; 34 വര്‍ഷത്തിനിടയില്‍ ലഭിച്ച ആദ്യ സംസ്ഥാന അവാര്‍ഡിനെക്കുറിച്ച് സുധീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th October 2021, 7:35 pm

സിനിമയില്‍ നായകന്മാരുടെ സുഹൃത്തായും കോമഡി കഥാപാത്രമായും സ്വഭാവനടനായും മലയാളികള്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് നടന്‍ സുധീഷിന്റേത്. 1987ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അനന്തരം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സുധീഷിനെത്തേടി മലയാള സിനിമയില്‍ 34 വര്‍ഷം തികയ്ക്കുന്ന ഈ സമയത്ത് ആദ്യ സംസ്ഥാന അവാര്‍ഡ് എത്തിയിരിക്കുകയാണ്.

അന്‍പത്തിയൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരമാണ് ‘എന്നിവര്‍’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ സിനിമകളിലെ അഭിനയത്തിന് സുധീഷിന് ലഭിച്ചത്. പുരസ്‌കാരത്തിന്റെ സന്തോഷം പങ്കുവെക്കുകയാണ് ഇപ്പോള്‍ സുധീഷ്.

പുരസ്‌കാരലബ്ധിയില്‍ സന്തോഷത്തിലാണെന്നും ഇത്രയും നല്ല കഥാപാത്രങ്ങള്‍ ലഭിച്ചതിലാണ് അതിലേറെ സന്തോഷമെന്നും താരം പറഞ്ഞു.

എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ സിനിമകളുടെ സംവിധായകരായ സിദ്ധാര്‍ഥ് ശിവയ്ക്കും ഷൈജു അന്തിക്കാടിനും നന്ദി അറിയിക്കുന്നുവെന്ന് പറഞ്ഞ സുധീഷ് അവാര്‍ഡ് കൂടുതല്‍ ഉത്തരവാദിത്തമാണ് ഏല്‍പ്പിക്കുന്നതെന്നും കേരളം മഴക്കെടുതി നേരിടുന്ന ഈ സമയം അവാര്‍ഡ് നേട്ടം ആഘോഷിക്കാനുള്ള സാഹചര്യമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

‘കരിയറിലെ ആദ്യ കാലങ്ങളില്‍ നല്ല കുറേ കഥാപാത്രങ്ങള്‍ തേടിയെത്തിയിരുന്നു. പിന്നീട് വന്നതെല്ലാം ഒരേ തരം കഥാപാത്രങ്ങളായിരുന്നു. ഈ അടുത്ത കാലത്താണ് അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ കൂടുതലും കിട്ടിത്തുടങ്ങിയത്. പ്രത്യേകിച്ചും തീവണ്ടിക്ക് ശേഷം. അതുകൊണ്ടായിരിക്കാം വൈകിയാണെങ്കിലും ഈ അം?ഗീകാരത്തിന് അര്‍ഹനായത്,’ സുധീഷ് പറഞ്ഞു.

തീവണ്ടി എന്ന സിനിമയില്‍ സുധീഷ് അവതരിപ്പിച്ച സുഗുണന്‍ എന്ന പുകവലിക്കാരനായ അമ്മാവന്‍ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന ചിത്രത്തിലാണ് സുധീഷ് ഇപ്പോള്‍ അഭിനയിക്കുന്നത്. നിവിന്‍ പോളി ചിത്രം ‘കനകം കാമിനി കലഹം’, മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ തുടങ്ങിയവയാണ് റിലീസിനൊരുങ്ങുന്നവ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Sudheesh about Kerala State Film Award