അവന്‍ ഞങ്ങള്‍ കഴിച്ച പാത്രം എടുത്തുകൊണ്ടുപോയി കഴുകി വെച്ചു, ശരിക്കും ഞെട്ടിപ്പോയി; ഗോകുല്‍ സുരേഷിനെപ്പറ്റി സുബീഷ് സുധി
Movie Day
അവന്‍ ഞങ്ങള്‍ കഴിച്ച പാത്രം എടുത്തുകൊണ്ടുപോയി കഴുകി വെച്ചു, ശരിക്കും ഞെട്ടിപ്പോയി; ഗോകുല്‍ സുരേഷിനെപ്പറ്റി സുബീഷ് സുധി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th July 2021, 2:36 pm

കൊച്ചി: നടനും സുരേഷ് ഗോപിയുടെ മകനുമായി ഗോകുല്‍ സുരേഷുമൊത്തുള്ള അഭിനയ ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ സുബീഷ് സുധി നടത്തിയ അഭിമുഖം ചര്‍ച്ചയാകുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സുബീഷ് ഗോകുലിനെപ്പറ്റി മനസ്സുതുറന്നത്.

‘സെറ്റില്‍ ഗോകുല്‍ സുരേഷും ഞാനും പിഷാരടിയും കൂടി ഭക്ഷണം കഴിക്കുകയായിരുന്നു. റൂമിലിരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ഞാന്‍ ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോള്‍ പെട്ടെന്ന് ഫോണ്‍ വന്നു.

ഞാന്‍ പ്ലേറ്റ് വെച്ചിട്ട് ഫോണില്‍ സംസാരിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് നോക്കുമ്പോള്‍ കണ്ടത് ഗോകുല്‍ ഞങ്ങളുടെ പാത്രം എടുത്തുകൊണ്ടുപോയി കഴുകി വയ്ക്കുന്നു.

ഞാന്‍ ചോദിച്ചു, എന്താ ചങ്ങായി ഈ ചെയ്‌തേ എന്ന്. അപ്പോള്‍ അവന്‍ പറഞ്ഞു. അല്ല അവന്‍ അങ്ങനെയാ ശീലിച്ചതെന്ന്. ശരിക്കും ഞെട്ടിപ്പോയി.

 

രാഷ്ട്രീയത്തിലും സിനിമയിലും ഇത്രയും വലിയ പ്രശസ്തിയുള്ള ഒരാളുടെ മകന്‍, ഇങ്ങനെയൊക്കെ ചെയ്തപ്പോള്‍ ഞെട്ടിപ്പോയി,’ സുബീഷ് പറഞ്ഞു. ഉള്‍ട്ട സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഈ സംഭവം നടന്നത്.

വിജയ് ബാബു-സാന്ദ്ര തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച്, വിപിന്‍ ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന റൊമാന്റിക് കോമഡി സിനിമയാണ് ഗോകുല്‍ സുരേഷിന്റെ ആദ്യചിത്രം. 2016ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

അജയ് വാസുദേവ് സംവിധാനം ചെയ്ത 2017 ലെ ക്രിസ്മസ് ചിത്രമായ മാസ്റ്റര്‍പീസ് എന്ന മമ്മൂട്ടി ചിത്രത്തിലേയും ഒരു പ്രധാന വേഷം ചെയ്തത് ഗോകുലായിരുന്നു.

2018ല്‍ പുറത്തിറങ്ങിയ ഇര എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനൊപ്പം ഗോകുലും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 2019ല്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും ഗോകുല്‍ എത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Actor Subish Sudhi About Gokul Suresh