മമ്മൂക്കയോട് ചോദിച്ചിട്ട് ചെയ്യാമെന്ന് ഞാന്‍ കരുതി, എന്നാല്‍ ഞാന്‍ ചെയ്യുന്നത് നോക്കിയിരിക്കുകയായിരുന്നു അദ്ദേഹം: സിദ്ദീഖ്
Entertainment news
മമ്മൂക്കയോട് ചോദിച്ചിട്ട് ചെയ്യാമെന്ന് ഞാന്‍ കരുതി, എന്നാല്‍ ഞാന്‍ ചെയ്യുന്നത് നോക്കിയിരിക്കുകയായിരുന്നു അദ്ദേഹം: സിദ്ദീഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th April 2023, 4:38 pm

രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ. മമ്മൂട്ടി നായകനായ ചിത്രത്തില്‍ സിദ്ദീഖും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആ സിനിമയില്‍ അഭിനയിച്ചപ്പോള്‍ മമ്മൂട്ടിക്കൊപ്പമുണ്ടായ രസകരമായ ചില സംഭവങ്ങള്‍ പങ്കുവെക്കുകയാണ് സിദ്ദീഖിപ്പോള്‍.

‘പ്രാഞ്ചിയേട്ടന്‍ സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിങ് നടക്കുകയാണ്. ഞാന്‍ ഇംഗ്ലീഷില്‍ പ്രസംഗം പറയുന്നതാണ് ആദ്യം ഷൂട്ട് ചെയ്യുന്നത്. അത് കഴിഞ്ഞ് മമ്മൂക്ക കയറി വരുമ്പോള്‍ ഞാന്‍ മമ്മൂക്കയോട് കറവക്കാരി ചേട്ടത്തിയുടെ കാര്യം ചോദിക്കുന്നുണ്ട്. നീ എങ്ങനാടാ അത് ചോദിക്കാന്‍ പോകുന്നത് എന്ന് ഷൂട്ടിന് മുമ്പ് രഞ്ജിത്ത് എന്നോട് ചോദിച്ചു.

എനിക്ക് അതിനെ കുറിച്ച് ഒരു ഐഡിയയുമില്ല. മമ്മൂക്ക എങ്ങനെയാണോ ഇറങ്ങി വരുന്നത് അതനുസരിച്ച് ചോദിക്കാമെന്ന് കരുതി എന്ന് ഞാന്‍ പറഞ്ഞു. എങ്കില്‍ മമ്മൂക്കയോട് ചോദിക്കാമെന്ന് കരുതി. ഞാനും രഞ്ജിത്തും കൂടി മമ്മൂക്കയുടെ അടുത്ത് ചെന്നു. ആ സീനില്‍ എങ്ങനെയാണ് മമ്മൂക്ക റിയാക്ട് ചെയ്യുന്നത് എന്ന് പറയാമോ എന്ന് ചോദിച്ചു.

എനിക്ക് ഷോട്ട് വെക്കാനായിരുന്നു. അവനോട് ചോദിച്ചിട്ടാണെങ്കില്‍ അവനൊന്നും അറിയില്ല, രഞ്ജിത്ത് മമ്മൂക്കയോട് പറഞ്ഞു. ആ എനിക്കറിഞ്ഞൂടാ, അവന്‍ എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കട്ടെ എന്നും മമ്മൂക്ക പറഞ്ഞു.

അതുപോലെ തന്നെയാണ് മോഹന്‍ലാലിന്റെ കാര്യവും. ഓരോ സീനിന്റെയും ഷൂട്ട് കഴിയുമ്പോള്‍ ലാലിനോട് ചോദിക്കും നേരത്തെ പ്രിപ്പേര്‍ ചെയ്തിരുന്നോ എന്ന്. ഏയ് അങ്ങനെ ഒന്നുമല്ല സ്പോട്ടില്‍ വന്നതാണെന്ന് ലാല്‍ പറയും. നമ്മള്‍ എപ്പോഴും ഇതൊക്കെ പഠിച്ചുകൊണ്ടിരിക്കുകയാണ്. അനുഭവങ്ങളിലൂടെ മാത്രമേ പുതിയത് ഓരോന്ന് പഠിക്കാന്‍ കഴിയുകയുള്ളു,’ സിദ്ദിഖ് പറഞ്ഞു.

content highlight: actor sidhique about mammootty and mohanlal