വാഴ നനയുമ്പോള്‍ ചീരയും കൂടി നനയുന്ന പണിയാണ് ഗായത്രി കാണിക്കുന്നത്: സിദ്ദീഖ്
Entertainment news
വാഴ നനയുമ്പോള്‍ ചീരയും കൂടി നനയുന്ന പണിയാണ് ഗായത്രി കാണിക്കുന്നത്: സിദ്ദീഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th January 2023, 12:20 pm

 

വാഴ നനയുമ്പോള്‍ ചീര നനയുമെന്ന് പറയുന്നതുപോലെയാണ് തന്റെ യൂട്യൂബ് ചാനലിന് ഗായത്രി അരുണ്‍ പ്രമോഷന് നല്‍കുന്നതെന്ന് നടന്‍ സിദ്ദീഖ്. ഇരുവരുടെയും ഏറ്റവും പുതിയ സിനിമയായ ‘എന്നാലും ന്റെളിയാ’ എന്ന ചിത്രത്തിന്റെ ഭാഗമായി അഭിമുഖങ്ങള്‍ നല്‍കുന്നതിനിടയില്‍ തന്റെ യൂട്യൂബ് ചാനലിനും പ്രൊമോഷന്‍ നല്‍കണമെന്ന് ഗായത്രി പറഞ്ഞതോടെയായിരുന്നു സിദ്ദീഖിന്റെ ഈ കമന്റ്.

തുടര്‍ന്നാണ് സിദ്ദീഖ് രസകരമായ ഈ മറുപടി പറഞ്ഞത്. തന്റെ ചെറുപ്പത്തിലെ ചില കഥകളൊക്കെ കൂട്ടിച്ചേര്‍ത്താണ് ഗായത്രിയെ കുറിച്ച് സിദ്ദീഖ് പറഞ്ഞത്. ഗായത്രി അരുണിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്ത് വിട്ടത്. ലെന, സുരാജ് തുടങ്ങിയവരെയും ഗായത്രി പങ്കുവെച്ച വീഡിയോയില്‍ കാണാം.

‘എന്റെയൊക്കെ ചെറുപ്പത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന കത്തിയൊക്കെ മൂര്‍ച്ച കൂട്ടുന്ന പരിപാടിയുണ്ടായിരുന്നു. ഇപ്പോള്‍ അതൊന്നും കാണാനില്ല. അതിനെ ചാണ വെക്കുക എന്നാണ് ഞങ്ങളുടെയൊക്കെ നാട്ടില്‍ പറയുന്നത്. കത്തി മൂര്‍ച്ച വെപ്പിക്കുന്ന ചെറിയൊരു മെഷീനുണ്ട്. കുഞ്ഞാലി മരക്കാര്‍ സിനിമയിലൊക്കെ ആ മെഷീന്‍ കാണിക്കുന്നുണ്ട്.

ആദ്യം നമ്മള്‍ താഴെ ചവിട്ടെണം അപ്പോള്‍ അതിന് മുകളിലുള്ള വീല്‍ കറങ്ങാന്‍ തുടങ്ങും. ഒരു തവണ ചവിട്ടിയാല്‍ തന്നെ ഈ വീല്‍ ഒരുപാട് കറങ്ങും. താഴ ആണെങ്കില്‍ വലിയ വീലാണ്. അത് ഒരു തവണ കറങ്ങുമ്പോള്‍ മുകളിലുള്ളത് നൂറ് തവണ കറങ്ങും. അങ്ങനെ കറങ്ങുമ്പോള്‍ കത്തി അതിന്റെ മുകളില്‍ വെച്ച് കഴിഞ്ഞാല്‍ ചെറിയൊരു തീപ്പൊരിയൊക്കെ വരും. അപ്പോള്‍ കത്തിയുടെ മൂര്‍ച്ച കൂടും.

അങ്ങനെ ഒരാള്‍ ഇങ്ങനെ കത്തിയുടെ മൂര്‍ച്ച കൂട്ടികൊണ്ടിരിക്കുകയാണ്. ആ മെഷീന് ഒരു പ്രത്യേകതയുണ്ട്. ചവിട്ട് നിര്‍ത്തിയാലും കുറച്ച് നേരം പിന്നെയും കറങ്ങി കൊണ്ടിരിക്കും. ഇങ്ങനെ വെറുതെ കറങ്ങുന്നതിനിടയില്‍ ഒരാള്‍ വന്ന് പറഞ്ഞു. ഇങ്ങനെ വെറുതെ കറങ്ങുമ്പോള്‍ എന്റെ കത്തിയും കൂടിയൊന്ന് മൂര്‍ച്ചകൂട്ടി തായെന്ന്. അതുപോലെയാണ് ഗായത്രിയും. വാഴ നനയുമ്പോള്‍ ചീരനനയുന്ന രീയിയിലാണ് സ്വന്തം യൂട്യൂബ് ചാനലിന് പ്രമോഷന്‍ നല്‍കുന്നത്,’ സിദ്ദീഖ് പറഞ്ഞു.

 

CONTENT HIGHLIGHT: ACTOR SIDHIQUE ABOUT ACTRESS GAYATHRI ARUN