പൃഥ്വിരാജ് ചെയ്താല്‍ ശരിയാകുമോയെന്ന സംശയമുണ്ടായി; അന്നേ അവന് ആഗ്രഹമുണ്ടായിരുന്നു: സിദ്ദീഖ്
Entertainment news
പൃഥ്വിരാജ് ചെയ്താല്‍ ശരിയാകുമോയെന്ന സംശയമുണ്ടായി; അന്നേ അവന് ആഗ്രഹമുണ്ടായിരുന്നു: സിദ്ദീഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th January 2023, 5:47 pm

പൃഥ്വിരാജിനെ ആദ്യം തന്നെ കണ്ടപ്പോള്‍ തന്നെ മതിപ്പ് തോന്നിയിരുന്നുവെന്ന് സിദ്ദീഖ്. രഞ്ജിത്താണ് സുകുമാരന്‍ ചേട്ടന്റെ മകനെ നന്ദനത്തിലേക്ക് വിളിക്കാമെന്ന് തന്നോട് പറഞ്ഞതെന്നും ആദ്യ കാഴ്ചയില്‍ തന്നെ പൃഥ്വി ഓക്കെയാണെന്ന് രഞ്ജിത്തിന് തോന്നിയെന്നും സിദ്ദീഖ് പറഞ്ഞു.

നന്ദനത്തില്‍ പൃഥ്വി അഭിനയിച്ചത് ഇപ്പോഴും ഓര്‍മയുണ്ടെന്നും പുതുമുഖ നടന്റെ പതര്‍ച്ചയോ കോണ്‍ഫിഡന്‍സ് കുറവോ അദ്ദേഹത്തില്‍ ഉണ്ടായിരുന്നില്ലെന്നും സിദ്ദീഖ് പറഞ്ഞു.

എന്നാല്‍ ഡബ്ബിങ്ങില്‍ ചെറിയ സംശയമുണ്ടായിരുന്നുവെന്നും പൃഥ്വി ചെയ്താല്‍ ശരിയാകുമോയെന്ന സംശയത്തോടെയാണ് ചെയ്തിരുന്നതെന്നും പക്ഷെ അതിലും മികച്ച പ്രകടനം തന്നെ അദ്ദേഹം കാഴ്ചവെച്ചുവെന്നും സിദ്ദീഖ് പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദീഖ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സുകുമാരന്‍ ചേട്ടന്റെ രണ്ടാമത്തെ മകനെ നമുക്ക് ഒന്നു വിളിപ്പിക്കാമെന്ന് രഞ്ജിത്ത് എന്നോട് പറഞ്ഞു. ഞാന്‍ ഈ കാര്യം മല്ലിക ചേച്ചിയോട് വിളിച്ചു പറഞ്ഞു. മല്ലിക ചേച്ചി ചോദിച്ചത് ഇന്ദ്രനാണോ എന്നായിരുന്നു. അവനെയല്ല രണ്ടാമത്തെ മകനെയാണെന്ന് ഞാന്‍ പറഞ്ഞു. അവനോട് ഒന്ന് രഞ്ജിത്തിനെ പോയി കാണമെന്ന് ഞാന്‍ മല്ലിക ചേച്ചിയോട് പറഞ്ഞു.

അവന്‍ അടുത്ത ദിവസം തന്നെ രഞ്ജിത്തിനെ കാണാന്‍ പോയി. ചേട്ടാ ഞാന്‍ മല്ലികാ സുകുമാരന്റെ മകനാണെന്ന് പറഞ്ഞതും പൃഥ്വിവിനെ അപ്പോള്‍ തന്നെ സെലക്ട് ചെയ്തു എന്നാണ് രഞ്ജിത്ത് എന്നോട് പറഞ്ഞത്. അവനെ ആദ്യം കണ്ടപ്പോള്‍ തന്നെ സ്പാര്‍ക്ക് തോന്നി.

പിന്നെ നന്ദനത്തില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ അവിടെയുള്ള സീനുകളെല്ലാം വളരെ മനോഹരമായിട്ട് തന്നെ ചെയ്യുന്നുണ്ട്. അവനില്‍ ഒരു പുതുമുഖത്തിന്റെ പതര്‍ച്ചയൊന്നും ഇല്ലായിരുന്നു. അന്നും ഭയങ്കര കോണ്‍ഫിഡന്റാണ്.

പക്ഷെ ഡബ്ബിങ്ങില്‍ ചെറിയൊരു സംശയമുണ്ടായിരുന്നു. പൃഥ്വിരാജ് തന്നെ ഡബ്ബ് ചെയ്താല്‍ ശരിയാകുമോ എന്ന സംശയത്തിലായിരുന്നു. പക്ഷെ കറക്ടായിട്ട് പൃഥ്വി ചെയ്തു. സിനിമയെ പറ്റി പഠിക്കണമെന്ന് അന്നേ അവന് ആഗ്രഹമുണ്ടായിരുന്നു,” സിദ്ദീഖ് പറഞ്ഞു.

content highlight: actor siddique about prithviraj