നിര്‍മല സീതാരാമനെ മാമിയെന്ന് വിളിച്ചത് ശരിയായില്ലെന്ന് കമന്റുകള്‍; മറുപടി നല്‍കി സിദ്ധാര്‍ത്ഥ്
national news
നിര്‍മല സീതാരാമനെ മാമിയെന്ന് വിളിച്ചത് ശരിയായില്ലെന്ന് കമന്റുകള്‍; മറുപടി നല്‍കി സിദ്ധാര്‍ത്ഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd February 2021, 5:26 pm

ചെന്നൈ: ഇന്ധനവില വര്‍ധനവിനെതിരെയുള്ള ട്വീറ്റില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെ മാമിയെന്ന് അഭിസംബോധന ചെയ്തത് ശരിയായില്ലെന്ന കമന്റുകള്‍ക്ക് മറുപടി നല്‍കി നടന്‍ സിദ്ധാര്‍ത്ഥ്. മാമി എന്നത് അപമാനിക്കുന്ന തരത്തിലുള്ള പ്രയോഗമല്ലെന്നും നേരിട്ട് കണ്ടാലും അങ്ങനെ തന്നെയായിരിക്കും നിര്‍മല സീതാരാമനെ അഭിസംബോധന ചെയ്യുകയെന്നുമാണ് സിദ്ധാര്‍ത്ഥ് മറുപടി നല്‍കിയത്.

‘എല്ലാ ബഹുമാനത്തോട് കൂടി പറയട്ടെ സര്‍, മാമി എന്ന വാക്കില്‍ അപമാനകരമായ ഒന്നും തന്നെയില്ല. ഞാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന പ്രയോഗമാണത്. അവരെ നേരിട്ട് കാണുമ്പോള്‍ തമിഴിലാണ് സംസാരിക്കുന്നതെങ്കില്‍ ഇങ്ങനെ തന്നെയായിരിക്കും ഞാന്‍ വിളിക്കുക. ചാച്ചാ നെഹ്‌റു എന്ന് വിളിക്കുന്നതില്‍ നിന്നും ഒരു വ്യത്യാസവും ഞാന്‍ ഇതില്‍ കാണുന്നില്ല. താങ്ക്‌സ്,’ എന്നായിരുന്നു മാമി പ്രയോഗത്തില്‍ തനിക്കെതിരെ വന്ന കമന്റിന് മറുപടിയായി സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്.


2013ലും 2021ലും പെട്രോള്‍ വിലവര്‍ധനയെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്ന നിര്‍മല സീതാരാമന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സിദ്ധാര്‍ത്ഥ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ച വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. ഈ ട്വീറ്റിലാണ് നിര്‍മല സീതാരാമനെ മാമി എന്ന് അഭിസംബോധന ചെയ്തത്.

എങ്ങോട്ടു വേണമെങ്കില്‍ വളയുന്ന വിശ്വാസങ്ങളുള്ള ആളാണ് മാമി. ഉള്ളിയില്ല, ഓര്‍മ്മയില്ല, അടിസ്ഥാന ആശയങ്ങളുമില്ല. മാമി റോക്ക്‌സ്, എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. 2013ല്‍ കേന്ദ്ര സര്‍ക്കാരാണ് പെട്രോള്‍ വില വര്‍ധനക്ക് കാരണമെന്ന് പ്രസംഗിക്കുന്ന നിര്‍മല സീതാരാമന്‍ 2021 എത്തുമ്പോള്‍ വര്‍ധനവിന്റെ എല്ലാ ഉത്തരവാദിത്തവും എണ്ണകമ്പനികള്‍ക്കാണെന്ന് പറയുന്നതായിരുന്നു രണ്ട് വീഡിയോകള്‍.


ഈ ട്വീറ്റിനെതിരെയായിരുന്നു ചിലര്‍ രംഗത്തെത്തിയത്. നിങ്ങള്‍ പറയുന്ന കാര്യങ്ങളോടൊക്കെ യോജിക്കുന്നുവെങ്കിലും മാമി എന്ന് വിളിച്ചതിനോട് യോജിക്കാനാവില്ലെന്നായിരുന്നു ചിലരുടെ കമന്റുകള്‍. ഇതിനുള്ള സിദ്ധാര്‍ത്ഥിന്റെ മറുപടിക്ക് പിന്തുണയുമായും നിരവധി പേര്‍ എത്തിയിട്ടുണ്ട്.

രാജ്യത്ത് തുടര്‍ച്ചയായി പതിമൂന്ന് ദിവസം ഇന്ധന വില കൂട്ടിയിരുന്നു. പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ജനരോഷം ഉയരുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actor Siddharth replies to criticising him for calling Nirmala Sitharaman Mami