മോഹന്‍ലാല്‍ വളരെ പുറകില്‍ പോയിട്ടാണ് നിന്നത്, ആ നിമിഷം ഞാന്‍ ഇന്നും ഓര്‍ക്കും: ശങ്കര്‍
Entertainment news
മോഹന്‍ലാല്‍ വളരെ പുറകില്‍ പോയിട്ടാണ് നിന്നത്, ആ നിമിഷം ഞാന്‍ ഇന്നും ഓര്‍ക്കും: ശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd November 2022, 11:04 pm

ഏകദേശം 200ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ച് 80കളിലും 90കളുടെ തുടക്കത്തിലും റോമാന്റിക് ഹീറോ പരിവേഷമുള്ള നടനാണ് ശങ്കര്‍. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച മോഹന്‍ലാലിനേക്കുറിച്ചും മമ്മൂട്ടിയേക്കുറിച്ചും പറയുകയാണ് അദ്ദേഹം. മോഹന്‍ലാലിനെ ആദ്യമായി കണ്ട നിമിഷം ഓര്‍ത്ത് ശങ്കര്‍ സംസാരിച്ചു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇരുവരും ആദ്യമായിട്ട് കാണുന്നത്.

കൂടാതെ ഒരുപാട് നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയെ യു.കെയില്‍ വെച്ച് കണ്ടപ്പോള്‍ വന്ന് കെട്ടിപ്പിടിച്ച് സംസാരിച്ചതിനേക്കുറിച്ചും അദ്ദേഹം പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരെയും കുറിച്ച് ശങ്കര്‍ സംസാരിച്ചത്.

”മോഹന്‍ലാലിനെ ഞാന്‍ ആദ്യമായി കാണുന്നത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലാണ്. സിനിമയുടെ ഭാഗമായിട്ട് ഞങ്ങള്‍ക്ക് വര്‍ക് ഷോപ്പ് ഉണ്ടായിരുന്നു. വര്‍ക് ഷോപ്പ് അല്ല സ്റ്റോറിയെക്കുറിച്ചും സിനിമയെക്കുറിച്ചും പറയുന്നതായിരുന്നു. അവിടെ വെച്ചാണ് മോഹന്‍ലാലിനെ കണ്ടത്.

വളരെ ബാക്കില്‍ പോയിട്ടായിരുന്നു അദ്ദേഹം നിന്നത്. അന്ന് ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. അതുകൊണ്ട് ഞാന്‍ പോപ്പുലറായിരുന്നു. കൊടേക്കനാലില്‍ വെച്ചായിരുന്നു ആ ചിത്രത്തിന്റെ ഷൂട്ട് നടന്നിരുന്നത്. മോഹന്‍ലാല്‍ വളരെ ഒതുങ്ങിയായിരുന്നു നിന്നത്.

അദ്ദേഹത്തെ കണ്ട ആ നിമിഷം ഞാന്‍ ഇന്നും ഓര്‍ക്കാറുണ്ട്. ആ മോഹന്‍ലാല്‍ ഇന്ന് വലിയ സ്റ്റാറായി. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച നിമിഷങ്ങള്‍ എപ്പോഴും ഓര്‍ക്കും. മമ്മൂക്കയെക്കുറിച്ച് എനിക്ക് ഒരുപാട് ഓര്‍മകള്‍ ഉണ്ട്. മമ്മൂക്കയെ കുറേ കാലത്തിന് ശേഷം യു.കെയില്‍ വെച്ചാണ് ഞാന്‍ കാണുന്നത്.

മമ്മൂക്ക എന്നോട് റിയാക്ട് ചെയ്ത നിമിഷമുണ്ട്. എന്നെ കണ്ടപ്പോള്‍ അത്രയും വലിയ ഹാപ്പിനസ് മമ്മൂക്കയുടെ മുഖത്ത് ഉണ്ടായിരുന്നു. കുറച്ച് കാലങ്ങള്‍ക്ക് ശേഷമായത് കൊണ്ട് എന്നെ വന്ന് കെട്ടിപ്പിടിച്ചു. എനിക്ക് അത് എന്തെന്നില്ലാത്ത സന്തോഷം തന്നു,’ ശങ്കര്‍ പറഞ്ഞു.

content highlight: actor shankar about mohanlal and mammootty