അച്ഛന്റെ മകള്‍ എന്ന് പറയുന്നതില്‍ അഭിമാനമേയുള്ളൂ; കഴിഞ്ഞുപോയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ താത്പര്യമില്ല: സായ്കുമാറിന്റെ മകള്‍ വൈഷ്ണവി
Malayalam Cinema
അച്ഛന്റെ മകള്‍ എന്ന് പറയുന്നതില്‍ അഭിമാനമേയുള്ളൂ; കഴിഞ്ഞുപോയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ താത്പര്യമില്ല: സായ്കുമാറിന്റെ മകള്‍ വൈഷ്ണവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th June 2021, 3:39 pm

സായ്കുമാറിന്റെ മകള്‍ എന്ന വിലാസം ഒരുപാട് തരത്തില്‍ തനിക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് മകള്‍ വൈഷ്ണവി. അച്ഛന്‍ സായ്കുമാറിന്റേയും മുത്തച്ഛന്റേയും വഴി പിന്തുടര്‍ന്ന് അഭിനയ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം.

അച്ഛന്റെ മകള്‍ എന്ന് പറയുന്നതില്‍ അഭിമാനമേയുള്ളൂവെന്നും എന്നാല്‍ കഴിഞ്ഞുപോയ കാര്യങ്ങളൊന്നും ഓര്‍ത്തെടുക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും വൈഷ്ണവി ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സീരിയല്‍ രംഗത്ത് ഇപ്പോള്‍ സജീവമാണ് വൈഷ്ണവി.

‘ചെറുപ്പത്തിലേ അഭിനയത്തേക്കാള്‍ ഡബ്ബിങ്ങിനോടായിരുന്നു എനിക്ക് താത്പര്യം. അച്ഛനോട് പറഞ്ഞപ്പോഴൊക്കെ പഠിക്ക് എന്നിട്ട് നോക്കാമെന്നായിരുന്നു മറുപടി. ഇപ്പോള്‍ സീരിയലിലേക്ക് വന്നത് അച്ഛനോട് പറഞ്ഞിട്ടില്ല. അച്ഛന്റെ സഹോദരിമാരോട് പറഞ്ഞിരുന്നു. അച്ഛമ്മ മരിക്കുന്നതിന് മുന്‍പാണ് സീരിയലിലേക്കുള്ള എന്‍ട്രി വരുന്നതൊക്കെ. ആ സമയത്ത് അച്ഛമ്മയുടെ അനുഗ്രഹവും വാങ്ങിയിരുന്നു.

സീരിയലില്‍ അഭിനയിക്കുന്നത് അച്ഛന്‍ അറിയുന്നുണ്ടാവണം. അതെനിക്ക് വ്യക്തമല്ല. കഴിഞ്ഞുപോയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും താത്പര്യമില്ല. സായ് കുമാറിന്റെ മകള്‍ എന്ന വിലാസം ഒരുപാട് തരത്തില്‍ എനിക്ക് ഗുണം ചെയ്തിട്ടുണ്ട്. സീരിയല്‍ കണ്ടിട്ട് പലരും മെസ്സേജ് ചെയ്യാറുണ്ട് കണ്ണ് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് പരിചയം തോന്നി എന്നൊക്കെ. അച്ഛന്റെ മകള്‍ എന്നു പറയുന്നതില്‍ എനിക്ക് എന്നും അഭിമാനമേയുള്ളൂ, വൈഷ്ണവി പറയുന്നു.

പത്താംക്ലാസിലും പ്ലസ് ടുവിലുമൊക്കെ പഠിക്കുമ്പോള്‍ സിനിമയില്‍ നിന്ന് ഓഫര്‍ വന്നിരുന്നു. പക്ഷേ സായ് അച്ഛന്‍ പറഞ്ഞത് ആദ്യം പഠിത്തം പൂര്‍ത്തിയാക്ക് എന്നായിരുന്നു. വീട്ടില്‍ സിനിമകളെ കുറിച്ചൊന്നും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. അച്ഛന്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നത് എനിക്കും ഇഷ്ടമായിരുന്നു.

വല്ല്യേട്ടന്‍, കുഞ്ഞിക്കൂനന്‍, ശിവം തുടങ്ങിയ സിനിമകളില്‍ അച്ഛന്‍ ചെയ്ത വില്ലന്‍ കഥാപാത്രങ്ങള്‍ എന്റെ ഫേവറേറ്റാണ്. അതുകൊണ്ടാവും എനിക്കും നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ ഇത്ര ഇഷ്ടം. അതാവുമ്പോള്‍ കൂടുതല്‍ പെര്‍ഫോം ചെയ്യാന്‍ പറ്റും. എല്ലാ ഇമോഷന്‍സും ചെയ്യാം. വിഷമം, സന്തോഷം, ദേഷ്യം എല്ലാ തലങ്ങളിലേക്കും പോവാം,’ വൈഷ്ണവി പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Actor Saikumar Daughter Vaishnavi About Her Acting Debut