ആ സമയത്ത് മനസുമടുത്തു പോയി, സിനിമ പറഞ്ഞിട്ടില്ലെന്നുവരെ വിചാരിച്ചു: സൈജു കുറുപ്പ് പറയുന്നു
Malayalam Cinema
ആ സമയത്ത് മനസുമടുത്തു പോയി, സിനിമ പറഞ്ഞിട്ടില്ലെന്നുവരെ വിചാരിച്ചു: സൈജു കുറുപ്പ് പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th March 2021, 1:32 pm

നൂറിലേറെ ചിത്രങ്ങളുമായി മലയാള സിനിമയില്‍ തന്റെ യാത്ര തുടരുകയാണ് സൈജു കുറുപ്പ്. മയൂഖത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ സൈജു കുറുപ്പിന്റെ സിനിമാ കരിയര്‍ എന്നാല്‍ കാണുന്നത്ര അനായസമായിരുന്നില്ല. നായക വേഷത്തിലൂടെ സിനിമയിലെത്തിയ സൈജുവിന് പ്രതീക്ഷിച്ച രീതിയിലുള്ള കഥാപാത്രങ്ങളോ അവസരങ്ങളോ പിന്നീടങ്ങോട്ട് ലഭിച്ചിരുന്നില്ല.

സിനിമ ലഭിക്കാതെ വന്നതോടെ തന്റെ മനസുമടുത്തുപോയിരുന്നെന്നും സെയില്‍സ് ജോലിയിലേക്ക് തന്നെ തിരിച്ചുപോയാലോ എന്ന് വരെ ചിന്തിച്ചിരുന്നെന്നും ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സൈജു പറയുന്നു.

‘അവസരമില്ലാതെ ഇരുന്നപ്പോള്‍ വിഷമം തോന്നിയിരുന്നു. സിനിമ പറഞ്ഞിട്ടില്ലെന്നുവരെ വിചാരിച്ചു. എന്നാലും എപ്പോഴെങ്കിലും ദൈവം ഒരു ബ്രേക്ക് തരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയിലാണ് എട്ടുവര്‍ഷം കാത്തിരുന്നതും ട്രിവാന്‍ഡ്രം ലോഡ്ജ് സംഭവിക്കുന്നതും.

എനിക്ക് ഒരു ബ്രേക്ക് കൊടുക്കാമെന്ന് വി.കെ. പ്രകാശിനും അനൂപ് മേനോനും തോന്നി. പുറത്തിറങ്ങുമ്പോള്‍ ആളുകളുടെ സമീപനം അന്നത്തെയും ഇപ്പോഴത്തെയും തമ്മില്‍ വ്യത്യാസമുണ്ട്. എന്റെ വീട്ടുകാരോടുള്ള സമീപനവും മാറി. ഇതെല്ലാം കാണുമ്പോള്‍ സന്തോഷമുണ്ട്,സൈജു കുറുപ്പ് പറയുന്നു.

‘മയൂഖം’ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഈ യാത്ര മുന്നോട്ടു പോവുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് ഒരിക്കലും പ്രതീക്ഷിക്കാത്ത യാത്രയായിരുന്നു ഇതെന്നും മറ്റ് നിവൃത്തിയില്ലാത്തതിനാല്‍ യാത്ര തുടര്‍ന്നേ പറ്റൂവെന്നുമായിരുന്നു സൈജുവിന്റെ മറുപടി.

സെയില്‍സ് വിഭാഗത്തിലെ ജോലിയോട് മടുപ്പുതോന്നിയപ്പോള്‍ ദൈവം കാണിച്ചുതന്ന വഴിയാണ് സിനിമ. എത്ര കഷ്ടപ്പാട് ഉണ്ടായാലും നില്‍ക്കാന്‍ കഴിയുമെന്ന ദൃഢനിശ്ചയം മനസിലുണ്ട്. എന്നാല്‍ സിനിമ ലഭിക്കാതെ വന്നപ്പോള്‍ മനസു മടുത്തു.

തിരിച്ചു പഴയ ജോലിയിലേക്ക് പോയാലോ എന്നുപോലും ചിന്തിച്ചു. സിനിമയിലേക്ക് വന്നത് ബോണസ് ആണ്. ബ്രേക്ക് ലഭിച്ചത് വലിയ ബോണസും. എവിടെയാണോ ഇപ്പോള്‍ നില്‍ക്കുന്നത് അതും വലിയ ബോണസുതന്നെ, സൈജു പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor saiju Kurup About His Cinema Career