ഈ നടനും നിര്‍മാതാവും തമ്മിലുള്ള കൂട്ടുകെട്ട് പരമ്പരാഗത രീതികളെ പിന്തുടരില്ലെന്നുറപ്പുണ്ട്; അതാണ് ആ സിനിമ ചെയ്യാന്‍ കാരണം: റോഷന്‍ മാത്യു
Kuruthi
ഈ നടനും നിര്‍മാതാവും തമ്മിലുള്ള കൂട്ടുകെട്ട് പരമ്പരാഗത രീതികളെ പിന്തുടരില്ലെന്നുറപ്പുണ്ട്; അതാണ് ആ സിനിമ ചെയ്യാന്‍ കാരണം: റോഷന്‍ മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th August 2021, 8:08 pm

അനിഷ് പിള്ള കഥയെഴുതി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മിച്ച് മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം, കൈകാര്യം ചെയ്തിരിക്കുന്ന വിഷയം കൊണ്ടും താരങ്ങളുടെ അഭിനയം കൊണ്ടും ഏറെ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുകയാണ്.

ഇപ്പോള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ഇബ്രാഹിമിനെ അവതരിപ്പിച്ച നടന്‍ റോഷന്‍ മാത്യു കുരുതിയിലേക്ക് താന്‍ എത്തിയതിന്റെ കഥ പറയുകയാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

സിനിമയില്‍ ലായിക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജും നിര്‍മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോനും കുരുതിയുടെ കഥ പറയാന്‍ എത്തിയപ്പോഴുള്ള അനുഭവമാണ് റോഷന്‍ തന്റെ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പൃഥ്വിരാജ് സിനിമയുടെ കഥ പറഞ്ഞപ്പോള്‍ ഇബ്രാഹിമിന്റെ കഥാപാത്രം അദ്ദേഹം ചെയ്യുകയായിരിക്കുമെന്നാണ് താന്‍ കരുതിയതെന്നും കഥ പറഞ്ഞ ശേഷം തന്നോട് ഇബ്രാഹിമിനെ അവതരിപ്പിക്കാന്‍ പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്നും റോഷന്‍ പോസ്റ്റില്‍ പറയുന്നു.

”കുറച്ച് നേരത്തേക്ക് ഞാന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ എന്തെങ്കിലും പറയുന്നതിനു വേണ്ടി അവര്‍ രണ്ടു പേരും ക്ഷമയോടെ കാത്തിരുന്നു. അവര്‍ക്കറിയാമായിരുന്നു എന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന്,” റോഷന്‍ പറയുന്നു.

പരമ്പരാഗത രീതികളെ ഒട്ടും പിന്തുടരാത്ത ഒരേയൊരു നടന്‍-നിര്‍മാതാവ് കൂട്ടുകെട്ടായിരിക്കും ഇവരുടേതെന്ന് താന്‍ അപ്പോള്‍ ചിന്തിച്ചുവെന്നും താരം പറയുന്നു.

”അപ്പോള്‍ എന്റെ മനസിലൂടെ കടന്നുപോയ ഒരു ചിന്ത ഇതായിരുന്നു, ഇത്തരത്തില്‍ പരമ്പരാഗത രീതികളെയൊക്കെ വെല്ലുവിളിക്കുന്ന തരത്തില്‍ തീരുമാനങ്ങളെടുക്കുകയും അത് അത്രത്തോളം തന്നെ ബോധ്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന ഒരേയൊരു നടന്‍-നിര്‍മാതാവ് കൂട്ടുകെട്ടായിരിക്കും ഇവരുടേത്,” റോഷന്‍ പറയുന്നു.

പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും കൂടെ സിനിമ ചെയ്യാന്‍ സാധിച്ചതില്‍ താന്‍ എന്നും കടപ്പെട്ടിരിക്കുമെന്നും ഇനിയും അവരുടെ കൂടെ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞാണ് റോഷന്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

റോഷനെയും പൃഥ്വിരാജിനെയും കൂടാതെ മാമുക്കോയ, നസ്ലന്‍, ശ്രിന്ദ, മുരളി ഗോപി, സാഗര്‍ സൂര്യ, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Roshan Mathew Kuruthi Movie Prithviraj Supriya