പേരോ ചിത്രമോ അനുവാദമില്ലാതെ ഉപയോഗിച്ചാല്‍ നിയമ നടപടി; മുന്നറിയിപ്പുമായി സൂപ്പര്‍ സ്റ്റാര്‍
Entertainment news
പേരോ ചിത്രമോ അനുവാദമില്ലാതെ ഉപയോഗിച്ചാല്‍ നിയമ നടപടി; മുന്നറിയിപ്പുമായി സൂപ്പര്‍ സ്റ്റാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th January 2023, 1:22 pm

ചെന്നൈ: അനുവാദമില്ലാതെ തന്റെ പേരോ ചിത്രമോ ശബ്ദമോ ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി നടന്‍ രജിനികാന്ത്. താരത്തിന്റെ അഭിഭാഷകനായ എസ്. ഇളംഭാരതി മുഖേനയാണ് ശനിയാഴ്ച അറിയിപ്പ് പുറപ്പെടുവിച്ചത്. തന്റെ വ്യക്തിപരമായ ഘടകങ്ങള്‍ അനധികൃതമായി ഉപയോഗിച്ചാല്‍ സിവില്‍, ക്രിമിനല്‍ നടപടികളെടുക്കുമെന്ന് നോട്ടീസില്‍ പറയുന്നു.

‘ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് ആരാധകര്‍ അദ്ദേഹത്തെ വിളിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ പദവി ഒരു നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലുമുള്ള വ്യക്തിപ്രഭാവം കൊണ്ടും സ്വഭാവഗുണം കൊണ്ടും നേടിയെടുത്തതാണ്. സമാനതകളില്ലാത്ത ആരാധക പിന്തുണയും ബഹുമാനവുമാണ് ഫിലിം ഇന്‍ഡസ്ട്രിയിലെമ്പാടും അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന് വ്യക്തിപരമായ കോട്ടം തട്ടുന്ന എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടാകുന്ന നഷ്ടം വലുതായിരിക്കും.

പല നിര്‍മാതാക്കളും അവരുടെ ഉല്‍പന്നങ്ങളുടെ പേരില്‍ താരത്തിന്റെ ശബ്ദവും ചിത്രവും പേരും ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ദുരുപയോഗം ചെയ്യുന്നു. മുന്‍കൂര്‍ അനുമതിയില്ലാത്ത ഇത്തരം ഉപയോഗങ്ങള്‍ വഞ്ചനയാണ്.

രജനികാന്തിന്റെ പേരും ശബ്ദവും ചിത്രവും ഉപയോഗിക്കാനുള്ള അവകാശം അദ്ദേഹത്തിന് മാത്രമാണുള്ളത്. അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ വ്യക്തിപരമായ സവിശേഷതകള്‍ വാണിജ്യപരമായ ആവശ്യങ്ങള്‍ക്കായി ചൂഷണം ചെയ്യാനാവില്ല,’ നോട്ടീസില്‍ പറയുന്നു.

നേരത്തെ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ചിത്രങ്ങളോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വ്യക്തി എന്ന നിലയ്ക്ക് തന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. പ്രസാധകര്‍, വസ്ത്രവ്യാപാര കേന്ദ്രങ്ങള്‍, വിവിധ ബിസിനസുകാരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് അമിതാഭ് ഹരജി ഫയല്‍ ചെയ്തത്.

Content Highlight: Actor Rajinikanth has warned that legal action will be taken against those who use his name, image or voice without permission