മന്‍കി ബാത് കേട്ട് മതിയായി, ഇനിയെങ്കിലും സാധാരണക്കാരുടെ ദുരിതത്തിന് പരിഹാരം കാണൂ; മോദിയോട് നടന്‍ രാജേഷ് തായിലാംഗ്
national news
മന്‍കി ബാത് കേട്ട് മതിയായി, ഇനിയെങ്കിലും സാധാരണക്കാരുടെ ദുരിതത്തിന് പരിഹാരം കാണൂ; മോദിയോട് നടന്‍ രാജേഷ് തായിലാംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th May 2021, 9:39 am

മുംബൈ: മന്‍ കി ബാത് നിര്‍ത്തി രാജ്യത്തെ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയെങ്കിലും ശ്രമിക്കണമെന്ന് മിര്‍സാപൂര്‍ വെബ്‌സീരിസിലൂടെ പ്രശസ്തനായ നടന്‍ രാജേഷ് തായിലാംഗ്.

മന്‍ കി ബാത് മതിയായെന്നും ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്യേണ്ട സമയമായെന്നുമായിരുന്നു രാജേഷ് പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു രാജേഷിന്റെ പ്രതികരണം.

‘ബഹുമാനപ്പെട്ട മോദിജീ, മന്‍ കി ബാത് കേട്ട് മതിയായി. രാജ്യത്തെ ജനങ്ങളുടെ ദുരിതത്തിന് ഇനിയെങ്കിലും ഒരു പരിഹാരം കാണൂ. എന്ന് ഒരു സാധാരണ പൗരന്‍,’ രാജേഷ് ട്വിറ്ററിലെഴുതി.

കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കൊവിഡില്‍ ജനം മരിച്ച് വീഴുമ്പോഴും സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുന്ന മോദിക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ മോദി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റര്‍ പതിച്ചതിന് ദല്‍ഹിയില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തതും വാര്‍ത്തയായിരുന്നു. സംഭവത്തില്‍ പതിമൂന്നിലധികം എഫ്.ഐ.ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ദല്‍ഹി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ എന്തിനാണ് മോദി ജീ നിങ്ങള്‍ വിദേശത്തേക്ക് അയച്ചത് എന്നിങ്ങനെയാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്. 800 ഓളം പോസ്റ്ററുകളും ബാനറുകളും പൊലീസ് പിടിച്ചെടുത്തു.

രാജ്യം കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്നതിനിടെ വിദേശത്തേക്ക് വാക്സിന്‍ കയറ്റി അയച്ച് കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

ആഭ്യന്തരമായി 10 കോടി വാക്‌സിന്‍ നല്‍കിയപ്പോള്‍ 6.45 കോടി ഡോസാണ് കയറ്റുമതി ചെയ്തത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ കടുത്ത വാക്സിന്‍ ക്ഷാമം നേരിടുമ്പോഴായിരുന്നു കേന്ദ്രം വാക്സിന്‍ വിദേശത്തേക്ക് കയറ്റിയയച്ചത്.