വലിച്ച് കൂട്ടിയ സിഗരറ്റ് പാക്കറ്റിന് കണക്കില്ല, എന്റെ ഇപ്പോഴത്തെ മാറ്റത്തിന് കാരണം ഭാര്യ ലത: രജനി കാന്ത്
Entertainment news
വലിച്ച് കൂട്ടിയ സിഗരറ്റ് പാക്കറ്റിന് കണക്കില്ല, എന്റെ ഇപ്പോഴത്തെ മാറ്റത്തിന് കാരണം ഭാര്യ ലത: രജനി കാന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th January 2023, 1:16 pm

ബിഗ് സ്‌ക്രീനിന് പുറത്തും നിരവധി ആരാധകരുള്ള താരമാണ് രജനികാന്ത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകളെയും വളരെ ശ്രദ്ധാപൂര്‍വമാണ് ആരാധകര്‍ സ്വീകരിക്കുന്നത്. താന്‍ പുകവലിക്കും മദ്യപാനത്തിനും അടിമപ്പെട്ടിരുന്ന കാലത്തെ അച്ചടക്കമില്ലാത്ത ജീവിതരീതിയെ കുറിച്ച് രജനികാന്ത് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണിപ്പോള്‍

ഇപ്പോഴും താന്‍ ആരോഗ്യത്തോടെ ഇരിക്കാനുള്ള കാരണം ഭാര്യ ലതയാണെന്നാണ് ഈ വീഡിയോയില്‍ രജനികാന്ത് പറയുന്നത്. താന്‍ കണ്ടക്ടറായിരുന്ന സമയത്ത് രണ്ട് നേരം ഇറച്ചി കഴിക്കുമായിരുന്നെന്നും ഒരുപാട് മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുമായിരുന്നെന്നും രജനികാന്ത് പറഞ്ഞു. എത്ര സിഗരറ്റ് ഒരു ദിവസം വലിക്കുമെന്നതിന് കണക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘കണ്ടക്ടറായി ജോലി ചെയ്തിരുന്ന സമയത്ത് എനിക്ക് ചില മോശം സ്വഭാവങ്ങളുണ്ടായിരുന്നു. ആ സമയത്തൊക്കെ ദിവസവും മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുമായിരുന്നു. ഒരു ദിവസം എത്ര സിഗരറ്റ് പാക്കറ്റ് വലിച്ച് തള്ളുമെന്ന് എനിക്ക് അറിയില്ലായിരുന്നു. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരെ കണ്ടാല്‍ പാവം തോന്നുമായിരുന്നു.

മദ്യം, സിഗരറ്റ്, മാംസഭക്ഷണം എന്നിവ ഒരു മാരക കോമ്പിനേഷനാണ്. ഇത് മൂന്നും അളവിലധികം തുടര്‍ച്ചയായി ഒരുപാട് വര്‍ഷങ്ങള്‍ കഴിച്ചവര്‍ എന്റെ അറിവില്‍ അറുപത് വയസിനപ്പുറം ജീവിച്ചിട്ടില്ല. എല്ലാവരും അതിനുള്ളില്‍ ഈ ലോകം വിട്ടുപോയി. ഇതുപോലെ അച്ചടക്കമില്ലാതെ ജീവിച്ച എന്നെ സ്‌നേഹം കൊണ്ട് മാറ്റിയെടുത്തത് ലതയാണ്. എന്നെ അച്ചടക്കമുള്ളയാളാക്കി ലത മാറ്റി,’ രജനി പറഞ്ഞു.

അതേസമയം നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലറാണ് രജനികാന്തിന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നതും നെല്‍സണ്‍ തന്നെയാണ്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തില്‍ രജനിയെത്തുന്ന സിനിമയില്‍ മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, തമന്ന എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

content highlight: actor rajanikanth about his bad habits