കറങ്ങി നടന്ന് അവസാനം വീടെത്തിയല്ലേ; വീടിനെ കുറിച്ചുള്ള പ്രണവിന്റെ കുറിപ്പ് ഏറ്റെടുത്ത് ആരാധകര്‍
Movie Day
കറങ്ങി നടന്ന് അവസാനം വീടെത്തിയല്ലേ; വീടിനെ കുറിച്ചുള്ള പ്രണവിന്റെ കുറിപ്പ് ഏറ്റെടുത്ത് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th March 2022, 11:19 am

വിരലിലെണ്ണാവുന്നത്ര സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും കേരളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹന്‍ലാല്‍. മോഹന്‍ലാലിനോടുള്ള ആരാധന അതേ അളവില്‍ ആളുകള്‍ക്ക് പ്രണവിനോടും ഉണ്ട്. കുഞ്ഞാലിമരയ്ക്കാറും ഹൃദയവും പുറത്തിറങ്ങിയതോടെ പ്രണവിനോടുള്ള ആളുകളുടെ സ്‌നേഹവും കൂടി.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യമായൊന്നും പ്രത്യക്ഷപ്പെടാത്ത, യാത്രകളെ അത്രമേല്‍ ഇഷ്ടപ്പെടുന്ന പ്രണവിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും കൗതുകമാണ്.

തന്റെ യാത്രകളുടെ ചിത്രങ്ങള്‍ വല്ലപ്പോഴുമായി താരം പങ്കുവെക്കാറുമുണ്ട്. അടുത്തിടെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള തന്റെ ഒരു ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിരുന്നു. സ്വന്തം ചിത്രം പൊതുവെ പോസ്റ്റു ചെയ്യാത്ത പ്രണവിന്റെ ഈ മാറ്റം ആരാധകരേയും ആവേശത്തിലാഴ്ത്തിയിരുന്നു.

ഇപ്പോഴിതാ വീടിനെ കുറിച്ചുള്ള പ്രണവിന്റെ പുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘കുപ്പായ കയ്യില്‍ തൂങ്ങി പിന്നോട്ട് പിടിച്ചുവലിക്കുന്ന ഒരു കുട്ടിയെ പോലെയാണ് വീട്’ എന്നായിരുന്നു പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

കറങ്ങി നടന്ന് ഒടുവില്‍ വീടെത്തിയല്ലേ എന്നാണ് പ്രണവിന്റെ പോസ്റ്റിന് താഴെ വന്ന് പലരും ചോദിക്കുന്നത്. നമ്മുടെ ഹൃദയം എവിടെ ആണോ അവിടെയാണ് നമ്മുടെ വീട് എന്നായിരുന്നു ചിത്രത്തിന് താഴെ വന്ന മറ്റൊരു കമന്റ്.

നമുക്ക് ഏറ്റവും സുരക്ഷിതമായി തോന്നുന്ന ലോകത്തിലെ മറ്റൊരിടവും കാണില്ലെന്നും വീട് ഒരു വികാരമാണെന്നുമാണ് മറ്റ് കമന്റുകള്‍. തിരിച്ചുവീട്ടിലേക്ക് വരാന്‍ പ്ലാന്‍ ഇട്ടോയെന്നും അതോ വീട്ടില്‍ എത്തിയോ എന്നൊക്കെയാണ് ചിലര്‍ ചോദിക്കുന്നത്.

പ്രണവ് എന്നും തങ്ങളുടെ ഹൃദയത്തിലുണ്ടെന്നും കൂടുതല്‍ ചിത്രങ്ങളില്‍ പ്രണവിനെ കാണാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നുമൊക്കെയുള്ള കമന്റുകള്‍ വരുന്നുണ്ട്.

ഇതിനൊപ്പം തന്നെ കുട്ടിക്കാലത്ത് തന്നെ നെഞ്ചോട് ചേര്‍ത്ത് ഉമ്മ വെക്കുന്ന മോഹന്‍ലാലിന്റെ ചിത്രവും പ്രണവ് പങ്കുവെച്ചിരുന്നു. നിരവധി പേരായിരുന്നു ചിത്രം ഏറ്റെടുത്തത്. രാജാവും രാജകുമാരനും എന്നാണ് ചിത്രത്തിന് താഴെ വരുന്ന കമന്റ്. പ്രണവിന്റെ ചിത്രത്തിന് കമന്റ് ചെയ്ത് മോഹന്‍ലാലും എത്തിയിരുന്നു.

അതേസമയം പ്രണവ് നായകനായ ഹൃദയം തിയേറ്ററില്‍ 50 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണി നിരന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു.

പ്രണവിന്റെ ആദ്യ 50 കോടി ചിത്രമാണിത്. കേരളത്തിനു പുറത്ത് ചെന്നൈ, ബെംഗളൂരു പോലെയുള്ള നഗരങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. യു.എസ്, കാനഡ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും മികച്ച നേട്ടമാണ് ചിത്രം ഉണ്ടാക്കിയത്.

Content Highlight: Actor Pranav Mohanlal Post About Home