ഫ്ളയിങ് കിസില്‍ അസ്വസ്ഥരാകുന്നവര്‍ക്ക്, മണിപ്പൂരി സ്ത്രീകള്‍ക്ക് സംഭവിച്ചതിലൊന്നുമില്ല; സ്മൃതി ഇറാനിയോട് പ്രകാശ് രാജ്
national news
ഫ്ളയിങ് കിസില്‍ അസ്വസ്ഥരാകുന്നവര്‍ക്ക്, മണിപ്പൂരി സ്ത്രീകള്‍ക്ക് സംഭവിച്ചതിലൊന്നുമില്ല; സ്മൃതി ഇറാനിയോട് പ്രകാശ് രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th August 2023, 8:35 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വനിതാ എം.പിമാര്‍ക്ക് ‘ഫ്ളയിങ് കിസ്’ നല്‍കിയെന്ന ബി.ജെ.പി ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. ഒരു ഫ്ളയിങ് കിസില്‍ അസ്വസ്ഥരാകുന്നവര്‍ മണിപ്പൂരിനെക്കുറിച്ച്, അവിടുത്തെ സ്ത്രീകള്‍ അനുഭവിച്ചതിനെക്കുറിച്ച് ഒന്നും തോന്നുന്നില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു.

ലോക്സഭയില്‍ ഫ്ളയിങ് കിസ് ആരോപണം ഉന്നയിച്ച കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പ്രസംഗം പങ്കുവെച്ചായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

‘മുന്‍ഗണനകള്‍…. മാഡം ജി(സമൃതി ഇറാനി), ഒരു ഫ്ളയിങ് കിസില്‍ അസ്വസ്ഥയാണ് എന്നാല്‍ ഞങ്ങളുടെ മണിപ്പൂര്‍ സ്ത്രീകള്‍ക്ക് സംഭവിച്ചതില്‍ അവര്‍ക്കൊന്നുമില്ല,’ പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

ലോക്‌സഭയില്‍ ചില ബി.ജെ.പി വനിതാ എം.പിമാര്‍ക്ക് നേരെ രാഹുല്‍ ഗാന്ധി ഫ്ളയിങ് കിസ് നല്‍കിയെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചിരുന്നത്. വിഷയത്തില്‍ വനിതാ എം.പിമാര്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയിരുന്നു.

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടുത്തഭാഷയില്‍ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ ആരോപണം ഉണ്ടായിരുന്നത്. സഭയില്‍ നിന്ന് രാഹുല്‍ ഇറങ്ങിപ്പോകുമ്പോള്‍ ‘ഫ്ളയിങ് കിസ്’ നല്‍കിയെന്നാണ് സ്മൃതി ഇറാനി പറയുന്നത്. സ്ത്രീവിരുദ്ധനായ ഒരാള്‍ക്ക് മത്രമേ ഇങ്ങനെ ചെയ്യാനാകുവെന്നു സ്മൃതി ഇറാനി ലോക്സഭയില്‍ സംസാരിക്കവെ പറഞ്ഞിരുന്നു.

രാഹുലിന്റെ ആംഗ്യത്തിന് (gesture) താന്‍ സാക്ഷിയാണെന്നും അത് ഒരുതരം സ്‌നേഹപ്രകടനമായിട്ടാണ് തനിക്ക് തോന്നിയതന്നും വസേന (ഉദ്ധവ് താക്കറെ വിഭാഗം) എം.പി. പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

‘ആ സമയം ഞാന്‍ സന്ദര്‍ശക ഗാലറിയിലായിരുന്നു, രാഹുല്‍ ഗാന്ധി ആ ആംഗ്യം നിഷ്‌ക്കളങ്കമായ സ്‌നേഹപ്രകടനമായിട്ടാണ് എനിക്ക് തോന്നിയത്. അവര്‍ക്ക്(ബി.ജെ.പി) സ്‌നേഹം അംഗീകരിക്കാന്‍ കഴിയില്ലല്ലോ,’ പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

Content Highlight: Actor Prakash Raj reacts to BJP’s allegation that Congress leader Rahul Gandhi gave ‘flying kisses’ to women MPs