എന്റെ സിനിമകള്‍ക്ക് ഫാമിലി ഓഡിയന്‍സിന്റെ പിന്തുണ കിട്ടാറുണ്ട്; സേഫ് സോണിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി നിവിന്‍ പോളി
Movie Day
എന്റെ സിനിമകള്‍ക്ക് ഫാമിലി ഓഡിയന്‍സിന്റെ പിന്തുണ കിട്ടാറുണ്ട്; സേഫ് സോണിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th August 2023, 10:55 am

 

പൊതുവെ തന്റെ സിനിമകള്‍ക്ക് ഫാമിലി ഓഡിയന്‍സിന്റെ പിന്തുണ ഉണ്ടാവാറുണ്ടെന്ന് നടന്‍ നിവിന്‍ പോളി. ബോസ് ആന്‍ഡ് കോ എന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും നിവിന്‍ പറഞ്ഞു.

തന്റെ ഏറ്റവും പുതിയ ചിത്രമായ രാമചന്ദ്രബോസ് ആന്‍ഡ് കോയുടെ ആദ്യ ഷോ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നിവിന്‍ പോളി.

സേഫ് സോണിലേക്ക് തിരിച്ചുപോകുകയാണോ എന്ന ചോദ്യത്തിന് ഇത് തന്റെ ഇഷ്ടപ്പെട്ട ഴോണറാണെന്നും ഇഷ്ടപ്പെട്ട ഒരു ടീമിനൊപ്പം ഇങ്ങനെയൊരു സിനിമ ചെയ്യുന്നത് സന്തോഷമാണെന്നുമായിരുന്നു നിവിന്റെ മറുപടി.

പൊതുവെ എന്റെ സിനിമകള്‍ക്ക് ഫാമിലി ഓഡിയന്‍സിന്റെ പിന്തുണ ഉണ്ടാവാറുണ്ട്. ഓണം അവധിയായതുകൊണ്ട് തന്നെ പത്ത് ദിവസത്തോളം കുട്ടികളുമൊപ്പം പുറത്തിറങ്ങുന്ന സമയമാണ്. മക്കളുമായി ഒരുമിച്ച് കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് പ്ലാന്‍ ചെയ്തത്. ആ രീതിയില്‍ തന്നെ വന്നതില്‍ സന്തോഷമുണ്ടെന്നും നിവിന്‍ പറഞ്ഞു.

നമ്മള്‍ എടുക്കുന്ന സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുക എന്നതിലാണ് കാര്യം. അവിടെ എത്തിക്കാന്‍ സാധിച്ചു. ബോസ് ആന്‍ഡ് കോയെ സംബന്ധിച്ച് വര്‍ക്കുകള്‍ തീരാന്‍ ബാക്കിയുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ടീം മൊത്തം ഉറക്കമൊഴിച്ചാണ് വര്‍ക്ക് ചെയ്തത്. അതിന് റിസള്‍ട്ട് ഉണ്ടായെന്നാണ് പ്രതീക്ഷിക്കുന്നത്, നിവിന്‍ പറഞ്ഞു.

മനപൂര്‍വമുള്ള ഡീഗ്രേഡിങ് ഒഴിവാക്കണമെന്നും സിനിമയ്ക്ക് പിറകിലുള്ളവരുടെ അധ്വാനത്തേയും പരിശ്രമത്തേയും മാനിക്കണമെന്നും നിവിന്‍ പോളി മാധ്യമങ്ങളോട് പറഞ്ഞു. എത്രയൊക്കെ ഡീഗ്രേഡിങ് നടന്നാലും സിനിമ നല്ലതാണെങ്കില്‍ അതെല്ലാം അതീജീവിക്കുമെന്നും താരം പറഞ്ഞു.

‘സിനിമകള്‍ ഇറങ്ങുമ്പോള്‍ ഡീഗ്രേഡിങ് പതിവാണ്. എന്നാല്‍ സിനിമ നല്ലതാണെങ്കില്‍ അതിനെയെല്ലാം അതിജീവിച്ച് മുന്‍പോട്ട് പോകും. ഇറങ്ങുന്ന എല്ലാ സിനിമകളും നന്നാവട്ടെ, എല്ലാ സിനിമകളും ഓടട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. എല്ലാവരും കഷ്ടപ്പെട്ടാണ് ഓരോ സിനിമയ്ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മനപൂര്‍വമായ ഡീഗ്രേഡിങ് ഒഴിവാക്കുകയും ഇതിന് പിന്നിലുള്ള പരിശ്രമത്തെ എല്ലാവരും മാനിക്കുകയും ചെയ്യേണ്ടതുണ്ട്. ഓണത്തിന് ഇറങ്ങിയ എല്ലാ പടങ്ങളും ഓടട്ടെ, എല്ലാവര്‍ക്കും വിജയമുണ്ടാകട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ്,’ നിവിന്‍ പോളി പറഞ്ഞു.

അല്‍ഫോണ്‍സ് പുത്രനുമായൊരു സിനിമ അടുത്ത് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് അല്‍ഫോണ്‍സ് ഒരു തമിഴ് പടം ചെയ്യുകയാണെന്നും അത് കഴിഞ്ഞിട്ടേ മലയാളത്തില്‍ ഒരു സിനിമയെ കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നായിരുന്നു നിവിന്റെ മറുപടി. ആക്ഷന്‍ ഹീറോ ബിജു 2 വിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും നിവിന്‍ പറഞ്ഞു.

Content Highlight: Actor Nivin Pauly about Boss and Co Movie Response