ക്ലാസിക് സിനിമ, ഒരിക്കലും മിസ്സാക്കരുത്; സീതാ രാമത്തേയും ദുല്‍ഖറിനേയും പ്രശംസിച്ച് നാനി
Film News
ക്ലാസിക് സിനിമ, ഒരിക്കലും മിസ്സാക്കരുത്; സീതാ രാമത്തേയും ദുല്‍ഖറിനേയും പ്രശംസിച്ച് നാനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th August 2022, 11:46 am

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ സീതാ രാമം മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ലഫ്. റാമിന്റെ പ്രണയകഥ പറഞ്ഞ ചിത്രം കണ്ട് നിറകണ്ണുകളോടെയാണ് പല പ്രേക്ഷകരും തിയേറ്റര്‍ വിട്ടത്.

ചിത്രത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരം നാനി. സീതാ രാമത്തെ ക്ലാസിക് എന്നാണ് നാനി വിശേഷിപ്പിച്ചത്. ദുല്‍ഖറിന്റയും മൃണാളിന്റേയും കമ്പോസര്‍ വിശാലിന്റെയും സംവിധായകന്‍ ഹനു രാഘവപുടിയുടെയും പേരെഴുതി ലവ് ഇമോജി ഇട്ട് സീതാ രാമം, ക്ലാസിക്, പിരിയഡ്, ഒരിക്കലും മിസ്സ് ആക്കരുത് എന്നാണ് നാനി ട്വീറ്റ് ചെയ്ത്.

നാനി മറുപടിയുമായി ദുല്‍ഖറും ട്വിറ്ററിലെത്തി. ‘വളരെ നന്ദി ബ്രദര്‍. ഒരുപാട് സ്‌നേഹം, നിങ്ങളുടെ ഒന്നിലധികം ഫാന്‍സ് ഹാന്‍ഡിലുകള്‍ കാരണം ഞാന്‍ ഡബിള്‍ ചെക്ക് ചെയ്തു,’ എന്നാണ് ദുല്‍ഖര്‍ നാനിക്ക് മറുപടി നല്‍കിയത്.

നാനിയുടെ ട്വീറ്റിന് താഴെ സീതാ രാമത്തിന് അഭിനന്ദനങ്ങളുമായി നിരവധി ആരാധകരും എത്തുന്നുണ്ട്. അണ്ടേ സുന്ദരാനികിയാണ് ഒടുവില്‍ റിലീസ് ചെയ്ത നാനിയുടെ ചിത്രം. വിവേക് ആത്രേയ സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്രിയ ആയിരുന്നു നായിക. നവാഗതനായ ശ്രീകാന്ത് ഒടേല സംവിധാനം ചെയ്യുന്ന ദസറയാണ് അണിയറയിലൊരുങ്ങുന്ന നാനിയുടെ പുതിയ ചിത്രം.

അതേസമയം വേള്‍ഡ് വൈഡ് റിലീസായെത്തിയ സീതാ രാമത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും മികച്ച കളക്ഷനാണ് ലഭിക്കുന്നത്. യു.സ് പ്രീമിയറുകളില്‍ നിന്നടക്കം 21,00,82 ഡോളര്‍ (1.67 കോടിയിലേറെ) ആണ് ആദ്യദിനം സീതാരാമം കരസ്ഥമാക്കിയത്. യു.എസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള താരം എന്ന റെക്കോര്‍ഡ് കൂടി ഇതോടെ ദുല്‍ഖര്‍ കരസ്ഥമാക്കി.

മൂന്ന് ദിവസം കൊണ്ട് സീതാ രാമം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 30 കോടിയാണ്. തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ഒരു മലയാളി താരത്തിന്റെ ചിത്രം ഇത്രയധികം കളക്ഷന്‍ നേടുന്നത് ഇത് ആദ്യമാണ്.

Content Highlight: actor Nani praised Sita Ramam as a classic movie