എന്റെ സിനിമാ സ്വപ്‌നം ഞാന്‍ പറഞ്ഞു, ശ്രീനിവാസന്‍ കളിയാക്കി ചിരിച്ചു: മുകേഷ്
Entertainment news
എന്റെ സിനിമാ സ്വപ്‌നം ഞാന്‍ പറഞ്ഞു, ശ്രീനിവാസന്‍ കളിയാക്കി ചിരിച്ചു: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th November 2022, 10:49 am

ശ്രീനിവാസന്‍ നായകനായ കഥപറയുമ്പോള്‍ എന്ന ചിത്രത്തില്‍ താന്‍ നിര്‍മാണ പങ്കാളിയായതിന്റെ കഥകള്‍ പങ്കുവെക്കുകയാണ് നടന്‍ മുകേഷ്. സിനിമ നിര്‍മിക്കണം എന്നുള്ളത് വളരെ കാലമായിട്ടുള്ള ആഗ്രഹമാണെന്നും, ആ ആഗ്രഹമാണ് കഥപറയുമ്പോളിലേക്ക് തന്നെ എത്തിച്ചതെന്നും പറയുകയാണ് താരം. മുകേഷ് സ്പീക്കിങ് എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് മുകേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സിനിമ നിര്‍മിക്കണമെ് ആഗ്രഹം പണ്ടുമുതലെ ഉണ്ടായിരുന്നു. ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമ മുതലുള്ള സൗഹൃദമാണ് ഞാനും ശ്രീനിയും ജഗദീഷും തമ്മില്‍. ആ സൗഹൃദത്തിന്റെ പേരില്‍ ഞാന്‍ ഒരിക്കല്‍ ശ്രീനിയോട് പറഞ്ഞു. ഈ സൗഹൃദം എന്നും ഓര്‍ക്കാന്‍ വേണ്ടി നമുക്കൊരു സിനിമ നിര്‍മിക്കണമെന്ന്. അപ്പോള്‍ പുള്ളി ചിരിച്ചുകൊണ്ട് ചോദിച്ചു കയ്യിലുള്ള പൈസ വെറുതെ കളയാനാണോ എന്ന്.

സിനിമയിലുള്ള ഒരാളുടെ വിവാഹാഘോഷം എറണാകുളത്തെ ഒരു ഹോട്ടലില്‍ നടക്കുന്ന ദിവസം. ഞാനും ശ്രീനിവാസനുമൊക്കെ ഉണ്ടായിരുന്നു. ശ്രീനിവാസന്‍ എന്നെ കണ്ടപ്പോള്‍ പറഞ്ഞു ഒരു കാര്യം സംസാരിക്കാനുണ്ടെന്ന്. അങ്ങനെ ഞങ്ങള്‍ ഹോട്ടലിന്റെ ഒരു സൈഡിലോട്ട് മാറി നിന്ന് സംസാരിക്കാന്‍ തുടങ്ങി. നീ കുറേ കാലത്തിന് മുമ്പ് പറഞ്ഞില്ലേ ഒരു സിനിമ നിര്‍മിക്കാന്‍ ആഗ്രഹമുണ്ടെന്ന്.

നിങ്ങള്‍ക്ക് ഒരു താല്‍പര്യമില്ലാത്തത് കൊണ്ട് വേണ്ടെന്ന് വെച്ചതല്ലേ എന്ന് ഞാന്‍ ചോദിച്ചു. ഇപ്പോള്‍ എന്റെ മനസില്‍ നല്ലൊരു കഥയുണ്ട് എന്ന് ശ്രീനിവാസന്‍ പറഞ്ഞു. വിജയിക്കാന്‍ സാധ്യതയുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. വിജയിക്കുമോ എന്നൊന്നും ഉറപ്പില്ല. അത് നമുക്ക് രണ്ട് പേര്‍ക്കുംകൂടി പ്രൊഡ്യൂസ് ചെയ്താലോ എന്ന് പുള്ളി ചോദിച്ചു.

നീ അതിന്റെ പിന്നിലൊന്ന് പ്രവര്‍ത്തിക്കണം. നമ്മുടെ കാശ് വലുതായിട്ട് പോകരുത്. നീ അന്ന് പറഞ്ഞതിനുശേഷം എനിക്കും ഒരു ആഗ്രഹം തോന്നി നമ്മുടെ പേരില്‍ ഒരു സിനിമ വേണമെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇപ്പോള്‍ തന്നെ മുന്നോട്ട് പോകാമെന്ന്. നിനക്ക് കഥകേള്‍ക്കണ്ടെ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു നിങ്ങളുടെ കഥയല്ലെ കേള്‍ക്കണ്ട ആവശ്യമില്ലായെന്ന്.

അങ്ങനെ അല്ല നീയും കഥകേള്‍ക്കണം എന്നിട്ട് നിനക്ക് ഇഷ്ടപ്പെട്ടോ എന്ന് പറ ശ്രീനിവാസന്‍ പറഞ്ഞു. അങ്ങനെ അവിടെ നിന്ന് പുള്ളി എന്നോട് കഥപറഞ്ഞു. കൊച്ചുകുട്ടികള്‍ കരയുന്നതുപോലെ അവിടെ നിന്ന് ഞാന്‍ കരഞ്ഞുപോയി. പുള്ളിയാണ് എന്നെ സമാധാനിപ്പിച്ചത്. ഡയലോഗ് ഉള്‍പ്പെടെയാണ് പുള്ളി കഥപറയുന്നത്. അവസാനത്തെ സീനിലെ ഡയലോഗ് ഇമോഷ്ണലായിട്ടാണ് പുള്ളി പറഞ്ഞത്. എവിടെയൊക്കെയോ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്ന് തോന്നും. അങ്ങനെ ഫ്രണ്ട്ഷിപ്പിന്റെ കഥപറയുന്ന കഥപറയുമ്പോള്‍ എന്ന സിനിമ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു.’ മുകേഷ് പറഞ്ഞു.

ശ്രീനിവാസന്റെ തിരക്കഥയില്‍ എം.മോഹനാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയുടെ അവസാനം വരുന്ന മമ്മൂട്ടിയുടെ ഗസ്റ്റ് റോള്‍ വലിയ കയ്യടികള്‍ നേടിയിരുന്നു. 2007ല്‍ ഇറങ്ങിയ ചിത്രത്തില്‍ മീന, ഇന്നസെന്റ്. സലീം കുമാര്‍, മുകേഷ് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തി.

content highlight: actor mukesh talks about sreenivasan and back stories of  kadhaparayumbol movie