ഞാന്‍ ചെയ്തത് ഗംഭീരമായെങ്കില്‍ അതിന്റെ ക്രഡിറ്റ് ടോവിക്കാണ്, തിരിച്ചും: മൂര്‍ പറയുന്നു
Malayalam Cinema
ഞാന്‍ ചെയ്തത് ഗംഭീരമായെങ്കില്‍ അതിന്റെ ക്രഡിറ്റ് ടോവിക്കാണ്, തിരിച്ചും: മൂര്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st April 2021, 1:02 pm

കള ഒരു ഗംഭീരവിജയമായി തിയേറ്ററുകളില്‍ ഓടുകയാണ്. ചിത്രത്തില്‍ ടോവിനോയുടെ കഥാപാത്രത്തിനൊപ്പം അല്ലെങ്കില്‍ അതില്‍ ഒരു പടി മുകളില്‍ നിന്നതായിരുന്നു സുമേഷ് മൂര്‍ അഭിനയിച്ച എതിര്‍കഥാപാത്രം.

ചില റിവ്യൂകളില്‍ നായകനേക്കാള്‍ കയ്യടി മേടിച്ചു തന്റെ കഥാപാത്രമെന്ന് കണ്ടുവെന്നും താന്‍ ചെയ്തത് ഗംഭീരമായിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണമായ ക്രഡിറ്റും ടോവിനോയ്ക്കാണെന്നും മൂര്‍ പറയുന്നു.

‘ഞാന്‍ ചെയ്ത പരിപാടി നിങ്ങള്‍ക്ക് ഗംഭീരമായി തോന്നുന്നുണ്ടെങ്കില്‍ അതിന്റെ ഏറ്റവും വലിയ ക്രഡിറ്റ് ടോവിക്കാണ്. ടോവി ചെയ്യുന്നത് ഗംഭീരമായി തോന്നിയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രഡിറ്റ് എനിക്കും. അത് ഒരു ഷെയറിങ് തന്നെയാണ്. അത് അങ്ങനെയെ നടക്കൂ, മൂര്‍ പറയുന്നു.

ഒരു ഫൈറ്റ് സീന്‍ എടുത്ത് കട്ട് പറയുമ്പോള്‍ എന്തായിരുന്നു അവസ്ഥ എന്ന ചോദ്യത്തിന് ടോവിയെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും ഷോട്ടിന്റെ മുന്‍പും പിന്‍പും തങ്ങള്‍ ചില്‍ ചെയ്ത് സംസാരിച്ച് ഇരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും മൂര്‍ പറയുന്നു.

സിനിമയില്‍ അടിച്ചിട്ട് മുണ്ട് അഴിഞ്ഞുപോകുന്ന ഒരു സീനുണ്ട്. ടോവി അതൊന്നും കെയര്‍ ചെയ്യുന്നില്ല. സീന്‍ എടുത്തുകഴിഞ്ഞ ഉടനെ
അദ്ദേഹം അത് കാണാന്‍ മോണിറ്ററിന്റെ അടുത്തേക്ക് നടന്നുപോകുകയാണ്. ഷൂട്ട് കാണാന്‍ ആള്‍ക്കാരൊക്കെ നില്‍ക്കുന്നുണ്ട്. പക്ഷേ അതൊന്നും ശ്രദ്ധിക്കുന്നില്ല. ഞാനാണ് ഷോട്ട് കഴിഞ്ഞ ഉടനെ തന്നെ ഈ മുണ്ട് എടുത്ത് ആള്‍ക്ക് കൊടുക്കുന്നത്.

ഒരു സീന്‍ എടുത്ത് കഴിയുന്നതോടെ അത് കഴിഞ്ഞു. അവിടെ കട്ടാവണം. അങ്ങനെ സ്യുച്ച് ചെയ്യാന്‍ സാധിക്കണം, മൂര്‍ പറയുന്നു.

ഷൂട്ടിനിടെ തനിക്കും ടോവിനോയ്ക്കും പറ്റിയ പരിക്കുകളെ കുറിച്ചും മൂര്‍ സംസാരിച്ചു. ടോവിക്ക് സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റു എന്നായിരുന്നു വാര്‍ത്ത വന്നത്. അങ്ങനെയെല്ല. ഞാന്‍ കാലൊടിഞ്ഞ് കിടക്കുമ്പോഴാണ് ആ വാര്‍ത്ത വരുന്നത്. പല സമയങ്ങളിലായി ചെയ്യുന്ന ഈ ഫൈറ്റ് ശരീരത്തെ ബാധിക്കുന്നുണ്ട്. അതാണ്.

പടത്തില്‍ കാണുന്നതിന് പുറമെ ഷൂട്ട് കഴിഞ്ഞ് നേരെ റൂമിലെത്തിക്കഴിഞ്ഞാല്‍ ടോവിയും അസ്‌കറുമൊക്കെ നേരെ ജിമ്മില്‍ പോകുകയാണ് ചെയ്യുന്നത്. അതും ഭയങ്കര വര്‍ക്കാണ്. ഞാനും കൂടെ ചെയ്യാറുണ്ട്. പക്ഷേ ഇടയ്‌ക്കൊക്കെ മുങ്ങും. എന്നെക്കൊണ്ട് ഇതൊന്നും താങ്ങൂല. നമ്മളൊന്നും കഴിക്കുന്നതുപോലെ അവര്‍ ഫുഡ് കഴിക്കുകയൊന്നുമില്ല.

പിന്നെ സംഘട്ടന രംഗത്തില്‍ ചെയ്യുന്ന ചില കിക്കുകളൊക്കെയുണ്ട്. അതൊക്കെ ശരീരത്തെ ബാധിക്കും, മൂര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Actor Moor Share  Kala Movie Experience