രാജാവിന്റെ മകന്‍ സിനിമയുടെ രണ്ടാം ഭാഗം എടുക്കാന്‍ ആലോചനയുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍
Film News
രാജാവിന്റെ മകന്‍ സിനിമയുടെ രണ്ടാം ഭാഗം എടുക്കാന്‍ ആലോചനയുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th May 2021, 1:00 pm

കോഴിക്കോട്: രാജാവിന്റെ മകന്‍ സിനിമയുടെ രണ്ടാം ഭാഗം എടുക്കാന്‍ ആലോചനയുണ്ടായിരുന്നെന്ന് നടന്‍ മോഹന്‍ലാല്‍. ഡെന്നീസ് ജോസഫിന്റെ നിര്യാണത്തില്‍ അനുശോചനമറിയിക്കവേ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മരണം അംഗീകരിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയിലാണ് താനിപ്പോഴും. അദ്ദേഹത്തിന് ഒപ്പം രാജാവിന്റെ മകന്‍ രണ്ടാമത് ചെയ്യാന്‍ പ്ലാന്‍ ഉണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല,’ മോഹന്‍ലാല്‍ പറഞ്ഞു.

രാജാവിന്റെ മകന്‍ എന്ന സിനിമയിലൂടെ വലിയ മാറ്റം മലയാള സിനിമയില്‍ കൊണ്ടുവന്ന വ്യക്തിയാണ് ഡെന്നീസെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച കോട്ടയത്തെ കാരിത്താസ് ആശുപത്രിയിലായിരുന്നു ഡെന്നീസിന്റെ മരണം. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരെ സൂപ്പര്‍ താരങ്ങളാക്കി മാറ്റിയത് ഡെന്നിസിന്റെ സിനിമകളായിരുന്നു.

1985ല്‍ ജേസി സംവിധാനംചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നിസ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. സംവിധായകരായ ജോഷി , തമ്പി കണ്ണന്തനം തുടങ്ങിയവരുടെ എക്കാലത്തെയും ഹിറ്റ് സിനിമകള്‍ എഴുതിയത് ഡെന്നീസ് ജോസഫ് ആയിരുന്നു.

നിറക്കൂട്ട്, ന്യൂദല്‍ഹി, രാജാവിന്റെ മകന്‍, കോട്ടയം കുഞ്ഞച്ചന്‍, ശ്യാമ, നമ്പര്‍ 20 മദ്രാസ് മെയില്‍, ആകാശദൂത്, എഫ്ഐആര്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ ഡെന്നീസ് ജോസഫ് ആയിരുന്നു.

മനു അങ്കിള്‍, അഥര്‍വം, അപ്പു, തുടര്‍കഥ, അഗ്രജന്‍ തുടങ്ങി അഞ്ചോളം സിനിമകള്‍ സംവിധാനം ചെയ്തിരുന്നു. 1988 ല്‍ ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിള്‍ എന്ന ചിത്രത്തിലൂടെ കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ദേശീയ ചലച്ചിത്ര അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയാണ് ഡെന്നിസിന്റെതായി അവസാനമായി തിയേറ്ററില്‍ എത്തിയ ചിത്രം. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ആയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Mohanlal Dennis Joseph Rajavinte Makan Mammootty