ഒടുവില്‍ രുഗ്മിണിയമ്മയെ തേടി ആ വിളിയെത്തി; നേരില്‍ കാണാമെന്നേറ്റ് മോഹന്‍ലാല്‍
Film News
ഒടുവില്‍ രുഗ്മിണിയമ്മയെ തേടി ആ വിളിയെത്തി; നേരില്‍ കാണാമെന്നേറ്റ് മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th September 2021, 8:19 pm

ഒടുവില്‍ രുഗ്മിണിയമ്മയെ തേടി മോഹന്‍ലാലിന്റെ വിളിയെത്തി. നാളുകളായി തന്നെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ച 80 കാരിയായ രുഗ്മിണിയമ്മയെ വീഡിയോ കോളിലൂടെയാണ് മോഹന്‍ലാല്‍ സ്‌നേഹമറിയിച്ചത്.

പൂങ്കുന്നത്തെ അഗതി മന്ദിരത്തില്‍ താമസിക്കുന്ന രുഗ്മിണിയമ്മ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ്. അടുത്തിടെ ഫ്‌ളവേഴ്‌സ് ടി.വിയിലെ കോമഡി ഉത്സവത്തില്‍ പങ്കെടുത്തപ്പോള്‍ മോഹന്‍ലാലിനെ നേരില്‍ കാണണമെന്നുള്ള ആഗ്രഹവും പങ്കുവെച്ചിരുന്നു.

എന്നാല്‍ നാളേറെയായിട്ടും തന്നെ കാണാന്‍ ലാല്‍ വരാതായതോടെ പലരും കളിയാക്കുന്നുവെന്ന് പറഞ്ഞ് രുഗ്മിണിയമ്മ പൊട്ടിക്കരഞ്ഞിരുന്നു. സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം അറിഞ്ഞതോടെയാണ് മോഹന്‍ലാല്‍ രുഗ്മിണിയമ്മയെ വീഡിയോ കോള്‍ ചെയ്തത്.

ഇപ്പോള്‍ ഷൂട്ടിംഗ് തിരക്കിലാണെന്നും വൈകാതെ നേരില്‍ കാണാമെന്നും ലാല്‍ രുഗ്മിണിയമ്മയെ അറിയിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രുഗ്മിണി അമ്മ തൃശ്ശൂരിലേക്ക് ഭര്‍ത്താവിനൊപ്പം എത്തുന്നത്. അമ്പലത്തിലെ പൂജാദി കര്‍മ്മങ്ങള്‍ ചെയ്തായിരുന്നു വരുമാനം കണ്ടെത്തിയിരുന്നത്.

എന്നാല്‍ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം മരിച്ചതോടെ മക്കളില്ലാത്ത രുഗ്മിണിയമ്മ തീര്‍ത്തും ഒറ്റപ്പെട്ടു. ഇതിനിടയിലും മോഹന്‍ലാലിനെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് രുഗ്മിണിയമ്മ പലരോടും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Mohanlal calls 80 year old fan lady Rugmini Amma