സല്യൂട്ടിലെ ആ രംഗം എടുത്തപ്പോള്‍ കരഞ്ഞുപോയി, റോഷന്‍ അടുത്ത് വന്ന് കൈപിടിച്ചു; പക്ഷേ, ആ ഷോട്ട് റീ ടേക്ക് വേണ്ടി വന്നു: മനോജ് കെ. ജയന്‍
Movie Day
സല്യൂട്ടിലെ ആ രംഗം എടുത്തപ്പോള്‍ കരഞ്ഞുപോയി, റോഷന്‍ അടുത്ത് വന്ന് കൈപിടിച്ചു; പക്ഷേ, ആ ഷോട്ട് റീ ടേക്ക് വേണ്ടി വന്നു: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th March 2022, 1:50 pm

സല്യൂട്ടിലെ തന്റെ കഥാപാത്രത്തിന് നെഗറ്റീവ് ഷേഡുള്ളതായി തോന്നിയിട്ടില്ലെന്ന് നടന്‍ മനോജ് കെ. ജയന്‍. കഥ കേള്‍ക്കുമ്പോഴോ അഭിനയിക്കുമ്പോഴോ അങ്ങനെയൊരു തോന്നല്‍ ഉണ്ടായിട്ടില്ലെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സല്യൂട്ടിലെ അജിത് കരുണാകരന്‍ നിലവിലെ പൊലീസ് സിസ്റ്റത്തിന്റെ ഭാഗമാണ്. ഇവിടെ ഇതേ നടക്കൂ. അല്ലാതെ ഇവിടെ ഒരു പുരോഗമന വാദമോ അല്ലെങ്കില്‍ സത്യത്തിന്റെ പാതയില്‍ മാത്രം നടക്കുന്ന ജനുവിനിറ്റിയോ ഒന്നും ഒരു കാലത്തും നടക്കില്ല. അങ്ങനത്തെ ഒരു സിസ്റ്റമാണ്. അജിത് കരുണാകരന് നെഗറ്റീവ് ഷേഡ് തോന്നില്ല എന്നാണ് എന്റെ വിശ്വാസം. അദ്ദേഹം ഇവിടുത്തെ ഒറിജിനല്‍ പൊലീസ് ഓഫീസറാണ്, മനോജ് കെ. ജയന്‍ പറഞ്ഞു.

ചിത്രത്തില്‍ ജഡ്ജിനെ കാണാനായി പുറത്ത് കാത്തിരിക്കുന്ന രംഗത്തെ കുറിച്ചും മനോജ് കെ. ജയന്‍ അഭിമുഖത്തില്‍ പറഞ്ഞു. ‘എനിക്ക് ഏറ്റവും പ്രധാനപ്പെട്ട ചില എക്‌സ്പ്രഷനുകളും കാര്യങ്ങളും കൊടുക്കേണ്ട ഒരു ഷോട്ടായിരുന്നു അത്. ഒരുപാട് പേര്‍ ഈ രംഗത്തെ കുറിച്ച് എന്നോട് പറഞ്ഞു. ശരിക്കും പറഞ്ഞാല്‍ ഇയാളുടെ കണ്ണുനിറയുന്ന ഒരു ഷോട്ടുണ്ട്. അതെടുക്കുമ്പോള്‍ ശരിക്കും എന്റെ കണ്ണ് നിറഞ്ഞു.

അപ്പോള്‍ റോഷന്‍ സന്തോഷത്തോടെ എന്റെ അടുത്ത് വന്ന് കൈയൊക്കെ പിടിച്ചു. എന്നാല്‍ ക്യാമറ സെഷനില്‍ എന്തോ മിസ്‌റ്റേക്ക് വന്ന് അവര്‍ റീ ടേക്ക് പറഞ്ഞു. റോഷന്‍ തകര്‍ന്നുപോയി. ശ്ശോ അത് കറക്ട് ഷോട്ടായിരുന്നെന്നും എന്തെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമോ എന്നൊക്കെ അദ്ദേഹം പോയി ചോദിച്ചു. ഇല്ല ചേട്ടാ അത് ലൈറ്റ് മാറിപ്പോയി എന്നൊക്കെ അവരും പറഞ്ഞു. അങ്ങനെ ആ രംഗം വീണ്ടും ഷൂട്ട് ചെയ്യുകയായിരുന്നു’, മനോജ് കെ. ജയന്‍ പറഞ്ഞു.

സല്യൂട്ടിനായി റോഷന്‍ വിളിച്ചപ്പോള്‍ തന്നെ താന്‍ സമ്മതം പറഞ്ഞെന്നും ബോബി സഞ്ജയുടെ കഥയും ദുല്‍ഖറിന്റെ സാന്നിധ്യവുമെല്ലാം തന്നെ ചിത്രത്തിലേക്ക് അടുപ്പിച്ചെന്നും മനോജ് കെ. ജയന്‍ പറഞ്ഞു.

സിനിമയെ കുറിച്ച് പറഞ്ഞ് വിളിച്ചപ്പോള്‍ ലുക്ക് ഒന്ന് മാറ്റിപ്പിടിക്കണമെന്ന് മാത്രമായിരുന്നു റോഷന്‍ പറഞ്ഞത്. മറ്റു കാര്യങ്ങളൊന്നും അപ്‌ഡേറ്റ് ചെയ്തിരുന്നില്ല. എന്നിലുള്ള വിശ്വാസം കൊണ്ടായിരിക്കാം അത്. ഞാന്‍ അത് ചെയ്യുമെന്ന് അദ്ദേഹത്തിന് അറിയാമായിരിക്കും.

അങ്ങനെ ഞാന്‍ എന്റേതായ രീതിയില്‍ മുടി വെട്ടിച്ച് ഒരു സെല്‍ഫി അയച്ചു കൊടുത്തു. സോള്‍ട്ട് ആന്‍ഡ് പെപ്പറിലുള്ള ഒരു ലുക്കായിരുന്നു. ഇതാണ് ഞാനും ഉദ്ദേശിച്ചതെന്നും കലക്കിയെന്നുമായിരുന്നു റോഷന്റെ മറുപടി. റോഷനെ അറിഞ്ഞ് ഞാന്‍ ചെയ്ത ഒരു മേക്ക് ഓവറാണ് അതെന്ന് വേണമെങ്കില്‍ പറയാം, മനോജ് കെ. ജയന്‍ പറഞ്ഞു.

Content Highlight: Actor Manoj k Jayan About Salute Movie Scene