സിനിമയില്‍ സജീവമായിരുന്ന കാലത്ത് പോലും ആ ലിസ്റ്റില്‍ എന്റെ പേര് ഉണ്ടായിരുന്നില്ല; മണിക്കുട്ടന്‍
Entertainment
സിനിമയില്‍ സജീവമായിരുന്ന കാലത്ത് പോലും ആ ലിസ്റ്റില്‍ എന്റെ പേര് ഉണ്ടായിരുന്നില്ല; മണിക്കുട്ടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th July 2021, 2:59 pm

ചെറിയ ഇടവേളക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമാകുകയാണ് നടന്‍ മണിക്കുട്ടന്‍. തമിഴ് ആന്തോളജി ചിത്രമായ നവരസയിലൂടെയാണ് മണിക്കുട്ടന്‍ തിരിച്ചുവരവിനൊരുങ്ങുന്നത്.

നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്ന നവരസ മണിക്കുട്ടന്റെ ആദ്യ ഒ.ടി.ടി. ചിത്രം കൂടിയാണ്. ഇപ്പോള്‍ ഒ.ടി.ടിയുടെ ഭാഗമായതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍.

മാതൃഭൂമി.കോമിന് നല്‍കിയ അഭിമുഖത്തിലാണ് നവരസയെ കുറിച്ചും ഒ.ടി.ടിയെ കുറിച്ചും മണിക്കുട്ടന്‍ സംസാരിച്ചത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ പരിഗണിക്കുന്ന അഭിനേതാക്കളുടെ എണ്ണം വളരെ കുറവായിരിക്കുമെന്നും അതില്‍ എത്തിപ്പെടാനായത് ഭാഗ്യമാണെന്നും മണിക്കുട്ടന്‍ പറഞ്ഞു.

‘സിനിമ തന്നെ അനിശ്ചിതത്വത്തിലായ സമയമായിരുന്നല്ലോ കടന്നുപോയത്. തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നു. സിനിമ ഒ.ടി.ടിയിലേക്ക് മാറുന്നു. നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പോലുള്ള പ്രമുഖ ഒ.ടി.ടി സൈറ്റുകള്‍ പരിഗണിക്കുന്ന ആര്‍ടിസ്റ്റുകളുടെ ലിസ്റ്റ് വളരെ പരിമിതമായിരിക്കും.

സിനിമയില്‍ സജീവമായിരുന്ന സമയത്തും എന്റെ പേര് തീയേറ്ററിലെ അത്തരം ലിസ്റ്റില്‍ പോലും ഉണ്ടായിരുന്നില്ല. ഒ.ടി.ടിയിലേക്ക് വരുമ്പോള്‍ അത്ര പോലും സാധ്യത കണ്ടിരുന്നില്ല. പക്ഷേ അങ്ങനെ എത്തിപ്പെടാനായത് ഭാഗ്യം,’ മണിക്കുട്ടന്‍ പറഞ്ഞു.

ഒന്‍പത് സംവിധായകര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രമായ നവരസയില്‍ പ്രിയദര്‍ശനൊരുക്കുന്ന സമ്മര്‍ 92 എന്ന ചിത്രത്തിലാണ് മണിക്കുട്ടന്‍ അഭിനയിക്കുന്നത്. ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത.

പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കുന്നത്.

സംവിധായകന്‍ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന നവരസയുടെ ട്രെയിലര്‍ നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിരുന്നു. ആഗസ്റ്റ് ആറിനാണ് നവരസ റിലീസ് ചെയ്യുന്നത്.

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് നവരസയിലെ ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെയാണ് സിനിമയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Manikuttan about getting entrance to OTT platforms