ഉറങ്ങി കിടക്കുകയായിരുന്ന സത്യന്‍ മാസ്റ്ററിന്റെ കാലുകളില്‍ ഞാന്‍ തൊട്ടു; ആദ്യ സിനിമയുടെ എഡിറ്റ് ചെയ്ത കളറാക്കിയ ചിത്രവും ഓര്‍മ്മകളുമായി മമ്മൂട്ടി
Entertainment
ഉറങ്ങി കിടക്കുകയായിരുന്ന സത്യന്‍ മാസ്റ്ററിന്റെ കാലുകളില്‍ ഞാന്‍ തൊട്ടു; ആദ്യ സിനിമയുടെ എഡിറ്റ് ചെയ്ത കളറാക്കിയ ചിത്രവും ഓര്‍മ്മകളുമായി മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th June 2021, 2:59 pm

ഓര്‍മ്മകളുടെ വേലിയേറ്റമാണ് ഇന്ന് മമ്മൂട്ടിയുടെ മനസ്സില്‍. താന്‍ ആദ്യമായി അഭിനയിച്ച അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ നിന്നും ഒരു രംഗം വര്‍ഷങ്ങള്‍ക്കിപ്പുറം കാണാനായ സന്തോഷത്തിലാണ് അദ്ദേഹം.

ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായിരുന്ന അനുഭവങ്ങള്‍ പാളിച്ചകള്‍ കളര്‍ രൂപത്തിലാക്കി എഡിറ്റ് ചെയ്തതിലെ, താന്‍ കടന്നുവരുന്ന ഭാഗത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

മറ്റൊരു കാലഘട്ടത്തിന്റെ ഓര്‍മ്മകളാണ് ഈ ചിത്രം തനിക്ക് നല്‍കുന്നതെന്ന് പറഞ്ഞ മമ്മൂട്ടി, ആദ്യ ചിത്രത്തില്‍ സത്യന്‍ സാറിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചതിനെ കുറിച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. ചിത്രം കളര്‍ രൂപത്തിലാക്കിയവര്‍ക്ക് വലിയ നന്ദിയും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്.

‘ഇതു ചെയ്ത വ്യക്തിക്ക് ഒരു വലിയ നന്ദി പറയുകയാണ്. വെള്ളിത്തിരയിലെ ഞാന്‍ ഏറ്റവും ആദ്യമെത്തിയ സിനിമയിലെ ഭാഗമാണിത്. ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്നും കളര്‍ കറക്ട് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ തെളിച്ചമുള്ള ഓര്‍മ്മകള്‍ മനസ്സില്‍ നിറയുകയാണ്. സത്യന്‍ മാസ്റ്ററിനൊപ്പം സിനിമയില്‍ അഭിനയിക്കാനുള്ള വളരെ അപൂര്‍വ്വമായ പ്രിവില്ലേജ് ലഭിച്ച വ്യക്തിയാണ് ഞാന്‍.

View this post on Instagram

A post shared by Mammootty (@mammootty)

ഷോട്ടുകള്‍ക്കിടയില്‍ അദ്ദേഹം ഉറങ്ങിയിരുന്ന സമയത്ത്, അടുത്തു പോയി കാല് തൊട്ടു വണങ്ങിയതൊക്ക ഇപ്പോള്‍ ഓര്‍മ്മ വരികയാണ്,’ മമ്മൂട്ടി പറഞ്ഞു.

1971ലാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ ഇറങ്ങുന്നത്. തകഴിയുടെ ഇതേ പേരിലുള്ള കഥ കെ.എസ്. സേതുമാധവനാണ് സിനിമയായി ഒരുക്കിയത്. ചിത്രത്തില്‍ സത്യന്‍, പ്രേം നസീര്‍, ഷീല, ബഹുദൂര്‍, അടൂര്‍ ഭാസി തുടങ്ങി മലയാള സിനിമയിലെ പ്രമുഖര്‍ക്കൊപ്പമായിരുന്നു മമ്മൂട്ടിയുടെ അരങ്ങേറ്റം.

ചിത്രത്തിലെ രംഗം മമ്മൂട്ടി പങ്കുവെച്ചതോടെ നിരവധി പേരാണ് കമന്റുമായെത്തിയത്. എത്ര വലിയ നിധിയാണിതെന്നായിരുന്നു പൃഥ്വിരാജിന്റെ കമന്റ്. സിനിമാരംഗത്തുള്ളവരും ആരാധകരുമെല്ലാം ആദ്യമായി സിനിമയില്‍ മുഖം കാണിച്ച മമ്മൂട്ടിയുടെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Mammootty shares a screen shot from his first ever movie and shares shooting experience