ദുല്‍ഖറുമായി ഒന്നിച്ചുള്ള സിനിമയുണ്ടാകുമോ? തഗ്ഗ് മറുപടിയുമായി മമ്മൂട്ടി
Entertainment news
ദുല്‍ഖറുമായി ഒന്നിച്ചുള്ള സിനിമയുണ്ടാകുമോ? തഗ്ഗ് മറുപടിയുമായി മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd October 2022, 8:35 am

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചുള്ള സിനിമക്കായി മലയാളികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഒരുമിച്ചൊരു സിനിമ എന്നാണ് ചെയ്യുകയെന്ന ചോദ്യം രണ്ടുപേരും എപ്പോഴും നേരിടാറുള്ളതാണ്.

ബിഗ് ബിയുടെ രണ്ടാം ഭാഗത്തില്‍ രണ്ടുപേരും ഒന്നിച്ചെത്തുമെന്ന പ്രതീക്ഷ ഇരുവരുടെയും ഫാന്‍സിനുണ്ട്. ഇങ്ങനെയൊരു ചോദ്യം മമ്മൂട്ടിയോട് ചോദിച്ചിരിക്കുകയാണ്. റോഷാക്ക് എന്ന മമ്മൂട്ടിയുടെ പുതിയ സിനിമയുമായി ബദ്ധപ്പെട്ട് ദുബായില്‍ വെച്ച് നടത്തിയ പ്രസ്മീറ്റില്‍ വെച്ചായിരുന്നു ചോദ്യം.

വാപ്പയും മകനും എന്നാണ് ഒരുമിച്ചൊരു സിനിമ ചെയ്യുക, അതിനായി കാത്തിരിക്കുകയാണെന്നാണ് മമ്മൂട്ടിയോട് ചോദിച്ചത്. എന്നാല്‍ ഇതിന് ചിരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞത്, ഞങ്ങള്‍ വാപ്പയും മകനുമാണ്.

ഒരുമിച്ചൊരു സിനിമ ചെയ്താല്‍ മാത്രമാണോ വാപ്പയും മകനുമാകുകയുള്ളു എന്നാണ് മമ്മൂട്ടി തിരിച്ച് ചോദിച്ചത്. ഞാനും ദുല്‍ഖറും ഒരുമിച്ചുള്ളൊരു സിനിമ വന്നാല്‍ നമുക്ക് അതിനേക്കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ദുല്‍ഖര്‍ സല്‍മാന്‍ നമ്മുടെ വീട്ടില്‍ തന്നെയാണ് ഉള്ളത്. ദുല്‍ഖറിന് കുഴപ്പമൊന്നുമില്ല. ഞങ്ങള്‍ വാപ്പയും മോനും തന്നെയാണല്ലോ, അഭിനയിച്ചാല്‍ മാത്രമാണോ വാപ്പയും മകനുമാകുള്ളു. ഞാനും ദുല്‍ഖറും ഒന്നിച്ചുള്ള സിനിമ വന്നാല്‍ നമുക്ക് അതിനെക്കുറിച്ച് ആലോചിക്കാം,” മമ്മൂട്ടി പറഞ്ഞു.

ഇതേ ചോദ്യം ചുപിന്റെ പ്രസ്മീറ്റില്‍ ദുല്‍ഖറിനോട് ചോദിച്ചിരുന്നു. വാപ്പച്ചിയോട് ചോദിച്ചിട്ട് അദ്ദേഹത്തില്‍ നിന്നും ഉത്തരം കിട്ടിയില്ലല്ലോ എന്നാണ് ദുല്‍ഖര്‍ മറുപടി പറഞ്ഞത്. താന്‍ ചോദിക്കുമ്പോഴും അതേ മറുപടിയാണ് അദ്ദേഹം പറയുന്നതെന്നും വാപ്പച്ചിയോടൊപ്പമൊരു സിനിമ നടക്കുമോ എന്നത് തനിക്കുമറിയില്ലയെന്ന് ദുല്‍ഖര്‍ പറഞ്ഞു.

”എനിക്ക് അങ്ങനൊരു ആഗ്രഹമുണ്ട്. നിങ്ങളെപ്പോലെ ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ഫാന്‍ ബോയ് ആണ്.അങ്ങനൊരു സിനിമയില്‍ എവിടെയെങ്കിലും സ്‌ക്രീന്‍ സ്‌പെസ് കിട്ടിയില്ലെങ്കിലും ഒരേ പടത്തില്‍ ഒന്ന് മുഖം കാണിച്ചാല്‍ മതി.

അതിലും ഞാന്‍ ഭയങ്കര ഹാപ്പിയായിരിക്കും. അങ്ങനെയൊരു അവസരം കിട്ടുമോ എന്ന് സത്യം പറഞ്ഞാല്‍ എനിക്ക് അറിയില്ല. ഞാനും വാപ്പച്ചിയുമുള്ള ഒരു സിനിമ വരുന്നതിന് വേണ്ടി എന്തായാലും ഞാന്‍ പ്രയത്‌നിക്കും. പക്ഷേ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് സമ്മതം കിട്ടണം.

ബിലാല്‍ ഉണ്ടാകുമോ ഇല്ലയോ എന്ന ഒരു സംശയം എന്റെ ഉള്ളില്‍ തന്നെയുണ്ട്. ചിലപ്പോള്‍ ബിലാല്‍ 2 ആകാം അല്ലെങ്കില്‍ ഒറിജിനലായ വേറെ എന്തെങ്കിലുമാകാം. എവിടെ എങ്കിലും പിടിച്ച് കയറാന്‍ ഞാന്‍ നോക്കും,” ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ സിനിമ റോഷാക്കില്‍ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്.

മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നടന്‍ ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

Content Highlight: Actor Mammootty gave a funny reply to the question of whether there will be a film with Dulquer Salmaan