രാത്രി ഞെട്ടിയുണര്‍ന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാന്‍ വയ്യ, അരക്ഷിതാവസ്ഥയാണിത്; ബ്രഹ്മപുരം വിഷയത്തില്‍ മമ്മൂട്ടി
Entertainment news
രാത്രി ഞെട്ടിയുണര്‍ന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാന്‍ വയ്യ, അരക്ഷിതാവസ്ഥയാണിത്; ബ്രഹ്മപുരം വിഷയത്തില്‍ മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th March 2023, 8:30 am

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടുത്ത പ്രശ്‌നത്തില്‍ ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടന്‍ മമ്മൂട്ടി. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാര്‍ക്ക് ജീവിക്കാന്‍ വയ്യെന്നും രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാന്‍ കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു.

”ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാന്‍ പൂനെയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോള്‍ മുതല്‍ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി.

ഇന്നലെ ഷൂട്ടിങ്ങിനു വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. പലരും സംസാരിച്ചപ്പോള്‍ വീടുവിട്ടു മാറിനില്‍ക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്‌നം. സമീപ ജില്ലകള്‍ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിത് ” മമ്മൂട്ടി പറഞ്ഞു.

ബ്രഹ്മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതല്‍ ആശങ്കകള്‍ കേള്‍ക്കുന്നുണ്ടെന്നും അത് പരിഹരിക്കേണ്ട ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


”ബ്രഹ്മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്നതാണ് അവിടത്തെ പ്രശ്‌നങ്ങള്‍. അതു പരിഹരിക്കേണ്ട ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട്. അതിനുള്ള സംവിധാനം ഇവിടെ ഇല്ലെങ്കില്‍ വിദേശത്തെ വിജയകരമായ രീതികളെയോ പുറത്തുനിന്നുള്ള നല്ല മാതൃകകളോ സ്വീകരിക്കണം. എല്ലാം ഭരണകൂടത്തിന്റെ ചുമലില്‍ വെച്ചു മാറിനിന്ന് ആരോപണങ്ങള്‍ മാത്രമുന്നയിക്കുന്ന ജനസമൂഹമായി നമ്മളും മാറരുത്.

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തില്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നമ്മളും ചെയ്യണം. പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിര്‍ത്തണം. ജൈവമാലിന്യങ്ങള്‍ വേറിട്ട് സംഭരിച്ച് സംസ്‌കരിക്കുകയോ ഉറവിട സംസ്‌കരണ രീതിയോ ഫലപ്രദമാക്കണം.

കൊച്ചി ഒരു മഹാനഗരമായി വളര്‍ന്നു കഴിഞ്ഞു. ദിനം പ്രതി അത് വളരുകയാണ്. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യ സംസ്‌കരണവും. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുത്,” മമ്മൂട്ടി ആവശ്യപ്പെട്ടു.

content highlight: actor mammootty about brahmapuram issue