തല്ലുമാലക്ക് ശേഷം ഇന്‍സ്റ്റഗ്രാം ഫോളോവേര്‍സ് കൂടി, ടൊവിനോ സമ്മതിച്ചപോലെ മറ്റേതെങ്കിലും സ്റ്റാര്‍ സമ്മതിക്കുമോയെന്ന് അറിയില്ല: ലുക്മാന്‍ അവറാന്‍
Entertainment news
തല്ലുമാലക്ക് ശേഷം ഇന്‍സ്റ്റഗ്രാം ഫോളോവേര്‍സ് കൂടി, ടൊവിനോ സമ്മതിച്ചപോലെ മറ്റേതെങ്കിലും സ്റ്റാര്‍ സമ്മതിക്കുമോയെന്ന് അറിയില്ല: ലുക്മാന്‍ അവറാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th November 2022, 3:49 pm

തല്ലുമാല, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷക മനസില്‍ ഇടം നേടിയ നടനാണ് ലുക്മാന്‍ അവറാന്‍. തല്ലുമാലയില്‍ ജംഷി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഒരുപാട് അവഗണനകളും ട്രോളുകളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ അതിനൊന്നും താന്‍ മറുപടി കൊടുക്കാറില്ലെന്ന് പറയുകയാണ് ലുക്മാന്‍. അതെല്ലാം മുന്നോട്ടുള്ള തന്റെ യാത്രക്ക് ഇന്ധനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തല്ലുമാലക്ക് ശേഷം തനിക്കുണ്ടായ മാറ്റത്തെക്കുറിച്ചും ലുക്മാന്‍ വെറൈറ്റി മീഡിയയോട് പറഞ്ഞു.

”ഞാന്‍ അതിനെ ഒന്നും ഇന്‍സള്‍ട്ടായിട്ട് കാണുന്നില്ല. അത്തരം നെഗറ്റീവ് തീര്‍ച്ചയായും നമ്മുടെ മുന്നോട്ടുള്ള പോക്കിന് നല്ല പെട്രോള്‍ ആണ്. ഇന്‍സള്‍ട്ട് കമന്റ്‌സ് ഒന്നും ഞാന്‍ ഉള്ളിലേക്ക് എടുത്തിട്ടില്ല. അത്തരം കമന്റുകള്‍ക്ക് ഞാന്‍ റെസ്‌പോണ്ടും ചെയ്തിട്ടില്ല.

ശരിക്കും പറഞ്ഞാല്‍ അതിനൊന്നും മറുപടി കൊടുക്കാന്‍ സമയവും ഇല്ലായിരുന്നു. അതിനൊന്നും നമ്മള്‍ റെസ്‌പോണ്ട് ചെയ്യരുതെന്നാണ് എനിക്ക് പറയാനുള്ളത്. കുറച്ച് ശതമാനം ആളുകളാണ് അത്തരം കമന്റുകള്‍ ഇടുന്നത്. അതിനേക്കാള്‍ ഒരുപാട് ആളുകള്‍ നമ്മളെ സപ്പോര്‍ട്ട് ചെയ്യാനുണ്ട്. ഒരു കൂട്ടം വേട്ടാവളിയന്‍മാരാണ് മോശം കമന്റുകള്‍ ഇടുന്നത്. അതിനൊന്നും മറുപടി കൊടുക്കേണ്ടതില്ല.

എന്നെ നല്ല രീതിക്ക് വിമര്‍ശിക്കുന്നവരുണ്ട്. എല്ലാവരും നല്ലത് പറയണമെന്നല്ല ഞാന്‍ പറയുന്നത്. വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കാം അതിനെ നല്ല രീതിക്കാണ് ഞാന്‍ എടുക്കാറുള്ളത്. തല്ലുമാല സിനിമയില്‍ ടൊവിനോയെ എടുത്ത് അടിച്ചതിനെക്കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹം എന്നോട് അത്രേം കോപ്പറേറ്റീവായി നിന്നത് കൊണ്ടാണ് എനിക്ക് അങ്ങനെ ചെയ്യാന്‍ പറ്റിയത്.

അദ്ദേഹത്തിന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നുവെങ്കില്‍ ഇതിനൊക്കെ സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സിനിമ തുടങ്ങുമ്പോള്‍ തന്നെ അടികൊള്ളുന്നുണ്ട്. മറ്റേതെങ്കിലും സ്റ്റാര്‍ നിന്ന് തരുമോ. പിന്നെ തല്ലുമാലക്ക് ശേഷം പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. സിനിമകള്‍ കുറച്ചുകൂടെ എന്നെ തേടി വരുന്നുണ്ട് എന്നത് മാത്രമാണ് മാറ്റം. പിന്നെ എന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേര്‍സ് കൂടി. അത്തരത്തിലുള്ള ചെറിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്,” ലുക്മാന്‍ പറഞ്ഞു.

നിഖില്‍ പ്രേംരാജ് സംവിധാനം ചെയ്യുന്ന ആനപ്പറമ്പില്‍ വേള്‍ഡ്കപ്പാണ് ലുക്മാന്റെ പുതിയ ചിത്രം. ആന്റണി വര്‍ഗീസ്, സൈജു കുറുപ്പ്, ഐ.എം. വിജയന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഫീല്‍ഡ് ഗുഡ് എന്റര്‍ടെയ്‌നറാണ് ചിത്രം.

content highlight: actor lukman avaran about thallumala and tovino thomas