ഉദയ പിക്‌ചേഴ്‌സ് ഇനി വേണ്ട, എല്ലാം കളയണം, സിനിമയേ വേണ്ടെന്ന് അപ്പനോട് പറഞ്ഞു: കുഞ്ചാക്കോ ബോബന്‍
Film News
ഉദയ പിക്‌ചേഴ്‌സ് ഇനി വേണ്ട, എല്ലാം കളയണം, സിനിമയേ വേണ്ടെന്ന് അപ്പനോട് പറഞ്ഞു: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th September 2023, 4:10 pm

ഉദയ പിക്‌ചേഴ്‌സും സിനിമയും ഇനി വേണ്ട എന്ന് അച്ഛനോട് പറഞ്ഞിട്ടുണ്ടെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ആ സമയത്ത് തനിക്കുണ്ടായ ചില തിക്താനുഭവങ്ങള്‍ സിനിമ മൂലം ഉണ്ടായതാണെന്ന തോന്നല്‍ കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും പിന്നീട് അത് മാറിയെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങള്‍ സിനിമ മൂലം ഉണ്ടായതാണെന്ന ഒരു തോന്നല്‍ കുട്ടിക്കാലത്ത് ഉണ്ടായിരുന്നു. ആ സമയത്ത് സിനിമയോടുള്ള വൈരാഗ്യം മൂലമാവാം, ഉദയ ഇനി വേണ്ട, എല്ലാം കള, ഇനി അതിന്റെ ആവശ്യമേ ഇല്ല, സിനിമയേ വേണ്ട എന്ന് അപ്പനോട് പറഞ്ഞു. പക്ഷേ സിനിമയിലേക്ക് തന്നെ ഞാന്‍ വന്നു, പിന്നെ മാറിനിന്നിട്ട് ആഗ്രഹത്തിന്റെ പുറത്ത് വീണ്ടും സിനിമയിലേക്ക് വരുന്നു, പ്രൊഡ്യൂസറായി, ഉദയ ബാനര്‍ റിവൈവ് ചെയ്തു, ഉദയ പിക്‌ചേഴ്‌സിനൊപ്പം കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ് എന്നൊരു ബാനറും കൂടി തുടങ്ങി.

ഒരേ സമയം രണ്ട് സിനിമകളുടെ പ്രൊഡക്ഷനും കാര്യങ്ങളും ചെയ്യുന്നു. പിന്നേയും സിനിമകള്‍ സംഭവിക്കുന്നു. കുട്ടിക്കാലത്ത് ഒരു അറിവില്ലായ്മയുടേയും എടുത്തുചാട്ടത്തിന്റേയും പുറത്തായിരിക്കാം അന്ന് അപ്പനോട് അങ്ങനെ പറഞ്ഞത്. പക്ഷേ സിനിമ എത്രത്തോളം എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്നും ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.

ഉദയ തിരിച്ചുകൊണ്ടുവരുന്നത് ഒരു ഭാരമായിരുന്നില്ല, നല്ല സിനിമകള്‍ തെരഞ്ഞെടുക്കുക എന്നുള്ളത് ഒരു ഉത്തരവാദിത്തമായിരുന്നു. അതുകൊണ്ടാണ് തിരിച്ചുവരവില്‍ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ പോലെ ഒരു നല്ല കുട്ടികളുടെ സിനിമ ചെയ്തു തുടങ്ങിയത്. പിന്നീട് അറിയിപ്പിലും ന്നാ താന്‍ കേസ് കൊടിലും കോ പ്രൊഡ്യൂസറാവാനുള്ള കാരണവും അങ്ങനെ നല്ല സിനിമകള്‍ ചെയ്യണമെന്നുള്ള ഉത്തരവാദിത്തബോധമാണ്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ചാവേറാണ് ഉടന്‍ പുറത്തിറങ്ങാനൊരുങ്ങുന്ന കുഞ്ചാക്കോ ബോബന്റെ സിനിമ. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവരും അഭിനയിക്കുന്നുണ്ട്.

Content Highlight: Actor Kunchacko Boban has told his father that he no longer wants movies