മൊട്ടയടിച്ച് കൃഷ്ണപ്രഭ, ഞെട്ടി ആരാധകർ
Movie Day
മൊട്ടയടിച്ച് കൃഷ്ണപ്രഭ, ഞെട്ടി ആരാധകർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th April 2019, 1:18 pm

കൊച്ചി: സിനിമാനടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയുടെ പുതിയ രൂപം കണ്ട് അമ്പരന്നിരിക്കുകയാണ് നടിയുടെ ആരാധകർ. ഭംഗിയായി വെട്ടിയിരുന്ന തന്റെ മുടി എടുത്തുകളഞ്ഞ് മൊട്ടയടിച്ച ലുക്കിലാണ് കൃഷണപ്രഭ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ മേക്കപ്പ് ആണെന്നുള്ള സംശയം തോന്നിയെങ്കിലും സംഭവം ഒറിജിനലാണെന്ന് അധികം വൈകാതെ തന്നെ ആരാധകർക്ക് മനസിലായി.

തല മൊട്ടയടിക്കാനുള്ള കാരണം തിരക്കിയപ്പോൾ കുടുംബസമേതം തിരുപ്പതി ദര്‍ശനത്തിന് പോയപ്പോഴാണ് താരം തന്റെ മുടി കളഞ്ഞതെന്ന് ആരാധകർ അറിയുന്നത്. “നേര്‍ച്ചയൊന്നുമില്ല. എല്ലാ വര്‍ഷവും തിരുപ്പതിയില്‍ പോകാറുണ്ട്. ഭഗവാന്റെ കൃപകൊണ്ട് എല്ലാ അനുഗ്രഹവുമുണ്ട്. ജെയ്‌നിക ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ നന്നായി പോകുന്നു. ദൈവാനുഗ്രഹത്തില്‍ അഭിനയരംഗത്തും പ്രോഗ്രാമുകളും എല്ലാം നന്നായി ലഭിക്കുന്നുണ്ട്” കൃഷ്ണപ്രഭ പറയുന്നു.

താൻ എല്ലാ വര്‍ഷവും തിരുപ്പതിയില്‍ പോകാറുണ്ടെന്നും തന്റെ ചേട്ടൻ എല്ലാ വർഷവും മൊട്ടയടിക്കുന്നതാണെന്നും കൃഷ്ണപ്രഭ പറയുന്നു. ഇതിനു മുൻപ് തിരുപ്പതിയിൽ പോയിരുന്നപ്പോൾ കൃഷ്ണപ്രഭയുടെ അമ്മയും മൊട്ടയടിച്ചിരുന്നു. ഇത്തവണ മൂന്ന് പേരും ഒരുമിച്ച് തല മൊട്ടയടിച്ചാണ് തിരിച്ചെത്തിയതെന്ന് കൃഷ്ണപ്രഭ പറയുന്നു. മുൻപ് തനിക്ക് തല മൊട്ടയടിക്കാൻ പേടി ആയിരുന്നെന്നും എന്നാൽ ഇപ്പോൾ ധൈര്യം വന്നെന്നും കൃഷ്ണപ്രഭ പറഞ്ഞു.

നടിയും അവതാരകയും കൃഷ്ണപ്രഭയുടെ അടുത്ത സുഹൃത്തുമായ ആര്യയാണ് നടിയുടെ ഈ രുപത്തെ കുറിച്ചുള്ള ആദ്യ സൂചനകള്‍ നല്‍കിയത്. തിരുപതിക്ക് പുറപ്പെടും മുമ്പുതന്നെ കൃഷ്ണപ്രഭയുടെ ചിത്രം പങ്കുവച്ചുകൊണ്ട് നടി തിരിച്ചെത്തുക പുത്തന്‍ ലുക്കിലായിരിക്കുമെന്ന് ആര്യ പറഞ്ഞിരുന്നു. അപ്പോൾ മുതൽ എന്താണ് കാര്യം എന്ന് അന്വേഷിച്ചു തുടങ്ങിയ ആരാധകർ സംഭവം പുറത്തായപ്പോൾ ശരിക്കും ഞെട്ടുകയായിരുന്നു.