മമ്മൂക്ക പറഞ്ഞ കഥകള്‍ കേട്ട് ഡയലോഗൊക്കെ മറന്നുപോയി, ഒടുവില്‍ അദ്ദേഹം പറഞ്ഞ ആ ഒറ്റ കാര്യത്തിന്റെ പോസീറ്റിവിലാണ് പിന്നെ അഭിനയിച്ചത്: കോട്ടയം നസീര്‍
Entertainment news
മമ്മൂക്ക പറഞ്ഞ കഥകള്‍ കേട്ട് ഡയലോഗൊക്കെ മറന്നുപോയി, ഒടുവില്‍ അദ്ദേഹം പറഞ്ഞ ആ ഒറ്റ കാര്യത്തിന്റെ പോസീറ്റിവിലാണ് പിന്നെ അഭിനയിച്ചത്: കോട്ടയം നസീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th October 2022, 3:48 pm

മിമിക്രി കലാകാരനും നടനുമായ കോട്ടയം നസീര്‍ മലയാളികള്‍ക്ക് എന്നും പ്രിയങ്കരനാണ്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ റോഷാക്കില്‍ ശക്തമായ കഥാപാത്രത്തെ നസീര്‍ അവതരിപ്പിക്കുന്നുണ്ട്.

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോള്‍ തനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നെന്നും ഒരു തവണ തെറ്റിയാല്‍ പിന്നെ മുഴുവനും തെറ്റിപോകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടിയില്‍ നിന്ന് ലഭിച്ച പോസീറ്റിവിലാണ് പിന്നീട് താന്‍ അഭിനയിച്ചതെന്നും നസീര്‍ പറഞ്ഞു. ബിന്ദു പണിക്കറിനൊപ്പം ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”എനിക്ക് ലൈവ് സൗണ്ട് ഭയങ്കര ടെന്‍ഷനാണ്. സിനിമയില്‍ ലൈവായി ഡയലോഗ് പറയുന്നത് എനിക്ക് പേടിയാണ്. ചാനല്‍ പരിപാടിയില്‍ ഒരുപാട് പേജ് ഡയലോഗ് തന്നിട്ട് അത് പറയാന്‍ പറഞ്ഞാല്‍ ചുരുങ്ങിയ സമയം കൊണ്ട് ഞാന്‍ പഠിച്ച് പറയും.

അവിടെ സന്ദര്‍ഭത്തിന് അനുസരിച്ച് എന്തും നമുക്ക് ഫില്‍ ചെയ്യാം. സിനിമയില്‍ അതുപോര, അവര്‍ എഴുതി വെച്ചിരിക്കുന്ന ഡയലോഗ് അതുപോലെ പറയണം. അവിടെ കൃത്യമായി ഫോക്കസ് ചെയ്യണം. നിര്‍ത്തേണ്ട സ്ഥലത്ത് നിര്‍ത്തി, അതിന്റെ മീറ്ററൊക്കെ കൃത്യമായി പറയണം.

എനിക്ക് ഈ സിനിമയില്‍ ഓപ്പോസിറ്റായി കൂടുതല്‍ സമയം നില്‍ക്കുന്നത് മമ്മൂക്കയാണ്. മമ്മൂക്കയായിട്ടുള്ള കോമ്പിനേഷന്‍ സീനുകളാണ് ഉണ്ടായിരുന്നത്. മമ്മൂക്ക എന്തെങ്കിലും പറയാതെ മമ്മൂക്കയുടെ മുന്നില്‍ നില്‍ക്കുന്നത് ബുദ്ധിമുട്ടാണ്.

മുന്നില്‍ നിന്ന് മമ്മൂക്ക കുറേ ഡയലോഗുകള്‍ പറഞ്ഞിട്ട് നമ്മള്‍ ഡയലോഗ് തെറ്റിച്ചാല്‍ പിന്നെ ഫുള്‍ തെറ്റലായിരിക്കും അതാണ് കുഴപ്പം. ഇതില്‍ ഒരു സീക്വന്‍സില്‍ മമ്മൂക്കയോട് ഞാന്‍ കുറേ ഡയലോഗ് പറയുന്ന സീനുണ്ട്. ഏകദേശം രണ്ടുമൂന്ന് പേജുള്ള ഡയലോഗാണ്. ടെന്‍ഷന്‍ കാരണം ഞാന്‍ അത് രണ്ടാഴ്ച മുമ്പ് പഠിച്ചു തുടങ്ങി.

ആ സീനില്‍ മമ്മൂക്കയ്ക്ക് ഡയലോഗ് ഒന്നുമില്ല അദ്ദേഹം ഇങ്ങനെ നോക്കി നില്‍ക്കുന്ന സീനാണ്. മമ്മൂക്കയുടെ കണ്ണില്‍ നോക്കി കുറച്ചുനേരം ഡയലോഗ് പറയുന്നത് നല്ല ബുദ്ധിമുട്ടാണ്. ആ സീന്‍ ഫസ്റ്റ് ടേക്ക് ഓക്കെ ആയിരുന്നു. പെട്ടെന്ന് അദ്ദേഹം പറഞ്ഞു, നീ എല്ലാം കാണാതെ പഠിച്ചല്ലോയെന്ന്.

അതുകഴിഞ്ഞ് പിന്നീട് എടുത്തപ്പോള്‍ എവിടെയൊക്കെയോ തെറ്റാന്‍ തുടങ്ങി. അതിന്റെ ഇടയില്‍ മമ്മൂക്ക ചില കഥകളൊക്കെ പറഞ്ഞു. പിന്നെ എന്നോട് ഡയലോഗും മറന്നു പോയി. അത് മമ്മൂക്കയോട് പറയാന്‍ പറ്റില്ലല്ലോ.

രണ്ട് മൂന്ന് തവണ തെറ്റിയപ്പോള്‍ ഞാന്‍ മമ്മൂക്കയോട് പറഞ്ഞു നിങ്ങളുടെ മുന്നില്‍ നിന്ന് ഡയലോഗ് പറയുമ്പോള്‍ എത്ര പഠിച്ചിട്ടും കയ്യില്‍ നിന്നു പോവുകയാണെന്ന്. ഇതു തന്നെയാണ് എന്റെയും കുഴപ്പം നിന്റെ മുന്നില്‍ വരുമ്പോള്‍ എന്നോടും ഡയലോഗ് മറന്നു പോവുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതെനിക്ക് കുറച്ച് ധൈര്യം തന്നു,” കോട്ടയം നസീര്‍ പറഞ്ഞു.

Content Highlight: Actor kotttayam Nazeer about Mammootty