മമ്മൂട്ടിക്കൊപ്പമുള്ള സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു, പക്ഷെ സിനിമയില്‍ നിലനിന്നത് അദ്ദേഹം നല്‍കിയ ഡേറ്റുകള്‍ കൊണ്ടാണ്: ജോണി ആന്റണി
Entertainment news
മമ്മൂട്ടിക്കൊപ്പമുള്ള സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു, പക്ഷെ സിനിമയില്‍ നിലനിന്നത് അദ്ദേഹം നല്‍കിയ ഡേറ്റുകള്‍ കൊണ്ടാണ്: ജോണി ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th April 2023, 7:43 pm

നടനും സംവിധായകനുമായി മലയാള സിനിമയില്‍ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ജോണി ആന്റണി. മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്ത അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹമിപ്പോള്‍.

2006ല്‍ പുറത്തിറങ്ങിയ തുറുപ്പു ഗുലാനായിരുന്നു മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത ആദ്യ ചിത്രം. വലിയ ഹിറ്റായ ചിത്രത്തിന് ശേഷം തന്റെ അടുത്ത ചിത്രമായ ഈ പട്ടണത്തില്‍ ഭൂതം വലിയ പരാജയമായിപ്പോയെന്നും പിന്നീട് മമ്മൂട്ടിയുടെ മുന്നിലേക്ക് പോകാന്‍ തനിക്ക് ഭയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മമ്മൂട്ടിയാണ് ആ സമയത്തും തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്നും ഒരുപാട് ഡേറ്റുകള്‍ അതിന് ശേഷവും അദ്ദേഹം തന്നിട്ടുണ്ടെന്നും ജോണി ആന്റണി പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”തുറുപ്പു ഗുലാനായിരുന്നു മമ്മൂക്കയുമായി ആദ്യം ചെയ്തത്. അത് വലിയ ഹിറ്റായി. എന്നാല്‍ അടുത്ത ചിത്രം ഈ പട്ടണത്തില്‍ ഭൂതം സാമ്പത്തികമായി പരാജയപ്പെട്ടു. എനിക്കാകെ സങ്കടമായി. ആ സമയത്താണ് അദ്ദേഹത്തിന്റെ പോക്കിരിരാജയുടെ സ്വിച്ച് ഓണ്‍ നടക്കുന്നത്.

ചടങ്ങിലേക്ക് എനിക്കും ക്ഷണമുണ്ടായിരുന്നു. ഞാന്‍ അവിടെ പോയിട്ട് മമ്മൂക്കക്ക് മുഖം കൊടുക്കാതെ മാറിനിന്നു. മമ്മൂക്ക എന്നെ അടുത്തേക്ക് വിളിച്ചു. എന്തെങ്കിലും വഴക്ക് പറയാനാണോയെന്ന് ഞാന്‍ ഭയന്നു.

അത്തരം കാര്യങ്ങള്‍ ചിന്തിച്ചാണ് ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നത്. ”എന്തായി അന്ന് പറഞ്ഞ കാര്യം. റെഡിയാക്ക് നമുക്ക് സിനിമ ചെയ്യാം” എന്നാണ് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റെ ആ പരിഗണന എനിക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. ആ സമയത്ത് ഞാന്‍ സിനിമയില്‍ നിലനിന്നത് അദ്ദേഹം നല്‍കിയ ഡേറ്റുകള്‍ കൊണ്ടാണ്,” ജോണി ആന്റണി പറഞ്ഞു.

താപ്പാന, തോപ്പില്‍ ജോപ്പന്‍, തുടങ്ങിയ സിനിമകളാണ് മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.

content highlight: actor johny antony about mammootty