കുറേകാലത്തെ ആഗ്രഹമായിരിക്കുമല്ലേ മമ്മൂട്ടിയെ അടിക്കണമെന്നത് അടിച്ചോ; മമ്മൂട്ടിയുമൊത്തുള്ള സിനിമ ഓര്‍മകള്‍ പങ്കുവെച്ച് ജിജോയ്
Movie Day
കുറേകാലത്തെ ആഗ്രഹമായിരിക്കുമല്ലേ മമ്മൂട്ടിയെ അടിക്കണമെന്നത് അടിച്ചോ; മമ്മൂട്ടിയുമൊത്തുള്ള സിനിമ ഓര്‍മകള്‍ പങ്കുവെച്ച് ജിജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th November 2021, 2:49 pm

 

‘ജയ് ഭീം’ എന്ന തമിഴ് ചിത്രത്തിന്റെ അഭിനയ പരിശീലകനായെത്തി സിനിമയില്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ച ജിജോയിയെ അത്രപെട്ടൊന്നൊന്നും പ്രേക്ഷകര്‍ മറക്കില്ല.

സിനിമാ-നാടക നടനും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസോസിയേറ്റ് പ്രൊഫസറുമായ ജിജോയ് അപ്രതീക്ഷിതമായാണ് ജയ് ഭീമില്‍ അഭിനയിക്കാനെത്തുന്നത്. സിനിമയിലെ നിര്‍ണായക സാക്ഷിയാവുന്നത് ജിജോയ് ചെയ്ത കഥാപാത്രമാണ്.

കുഞ്ചാക്കോ ബോബന്‍ നായകനായ ‘നിറം’ എന്ന ചിത്രത്തിലൂടെയാണ് ജിജോയ് തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. അതിന് ശേഷം ഒട്ടേറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് സിനിമാ പ്രേമികളുടെ മനസിലിടം പിടിക്കാന്‍ ജിജോയിക്കായി.

തന്റെ സിനിമാ ഓര്‍മകളും നടന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചും സിനിമയിലെ പുതിയ പ്രവണതകളെയും കുറിച്ച് സംസാരിക്കുകയാണ് ജിജോയ് ഇപ്പോള്‍. ബിഹൈന്‍ഡ് ദി വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ജിജോയ് മനസുതുറക്കുന്നത്.

‘ബെസ്റ്റ് ആക്ടര്‍’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നെഞ്ചത്തടിക്കുന്ന സീന്‍ വളരെ പേടിയോടെയാണ് ചെയ്തതെന്ന് താരം പറയുന്നു.

‘അന്ന് ജോജു, മനു അങ്ങനെ കുറച്ചുപേരൊക്കെ ഉണ്ടായിരുന്നു. അവരൊക്കെ റിഹേഴ്‌സല്‍ ചെയ്യും. എന്നാല്‍ മമ്മൂക്ക വന്ന് ഷൂട്ട് ചെയ്യുമ്പോള്‍ തെറ്റിക്കും. എനിക്ക് രണ്ട് പേജിന്റെ ഡയലോഗ് തന്നു. മാര്‍ട്ടിന്‍ ചേട്ടന്‍ പറഞ്ഞു അത് വളരെ ലൗഡ് ആയിട്ട് പറയണം എന്നാലെ ശരിയാകുവെന്ന്.

ഞാന്‍ പേടിച്ചിട്ട് വളരെ പതുക്കെയാണ് ഡയലോഗ് പറയുന്നത്. അതിനിടയിലാണ് നെഞ്ചത്തടിക്കേണ്ട സീനുള്ളത്. ഇവനാണ് ഹീറോ എന്നുപറഞ്ഞ് മമ്മൂക്കയെ അടിക്കണം. അത് ചെയ്യാനൊരു പേടി തോന്നി. അപ്പോള്‍ ഞാന്‍ മാര്‍ത്താണ്ഡന്‍ ചേട്ടനോട് ചോദിച്ചു, മമ്മൂക്കയെ അടിക്കുന്നത് ചെയ്യാന്‍ പറ്റുമോന്ന്. അദ്ദേഹം മമ്മൂക്കയോട് തന്നെ ചോദിക്കാന്‍ പറഞ്ഞു.

അങ്ങനെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. കുറേകാലത്തെ ആഗ്രഹം ആയിരിക്കുമല്ലെ മമ്മൂട്ടിയെ അടിക്കണമെന്നത് അടിച്ചോ…ഇതായിരുന്നു മമ്മൂക്കയുടെ മറുപടി. അതിനുശേഷമാണ് അദ്ദേഹത്തെ ഞാന്‍ ധൈര്യത്തിലൊന്ന് അടിച്ചത്,’ ജിജോയ് പറയുന്നു.

സിനിമകള്‍ തിയേറ്ററുകളില്‍ നിന്നും മാറി ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്കെത്തുന്നത് നല്ലൊരു കാര്യമാണെന്ന് ജിജോയ് പറയുന്നു. ”പണ്ടൊക്കെ നമുക്ക് തിയേറ്ററില്‍ പോവണമെങ്കില്‍ അച്ഛന്റെ ഒഴിവ് നോക്കണമായിരുന്നു. ഇപ്പോള്‍ സിനിമ കാണണമെങ്കില്‍ അതൊന്നും നോക്കേണ്ടെന്നും,” താരം പറയുന്നു.

ഒരു പുരുഷാധിപത്യ സമൂഹത്തിന്റെ എല്ലാകുറവുകളും നമ്മുക്കുണ്ടെന്നും മുന്‍പ് സ്ത്രീകള്‍ക്ക് തിയേറ്ററില്‍ പോകണമെങ്കില്‍ പല കാര്യങ്ങളും നോക്കേണ്ടിയിരുന്നുവെന്നും എന്നാല്‍ ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോം തുറന്നാല്‍ അവര്‍ക്ക് സിനിമ കാണാമെന്നും ഇതിലൂടെ വ്യക്തിസ്വാതന്ത്ര്യം കൂടിയാണ് ലഭിക്കുന്നതെന്നും ജിജോയ് പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം