'വെള്ളം' കണ്ട് പലരും മദ്യപാനം വരെ നിര്‍ത്തി; മനസ്സു തുറന്ന് ജയസൂര്യ
Film News
'വെള്ളം' കണ്ട് പലരും മദ്യപാനം വരെ നിര്‍ത്തി; മനസ്സു തുറന്ന് ജയസൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th May 2021, 10:43 am

കൊച്ചി: ജയസൂര്യയുടെ അസാമാന്യ പെര്‍ഫോമന്‍സ് എന്ന് പ്രേക്ഷകര്‍ വിലയിരുത്തിയ ചിത്രമാണ് വെള്ളം. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മുഴുക്കുടിയനായി എത്തി അസാധ്യപ്രകടനമാണ് ജയസൂര്യ കാഴ്ചവെച്ചതെന്ന് ആരാധകര്‍ ഒന്നടങ്കം പറഞ്ഞിരുന്നു.

ഏറെ കൗതുകകരമായ കാര്യം ചിത്രം കണ്ട് പല മദ്യപാനികളും മദ്യപാനം പൂര്‍ണ്ണമായി ഒഴിവാക്കുകയും ചെയ്തുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ മനസ്സുതുറക്കുകയാണ് ജയസൂര്യ. നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യയുടെ തുറന്നുപറച്ചില്‍.

‘പലരുടെയും കുടി നിര്‍ത്തി എന്നു പറയുന്നത് ശരിയാണ്. അതിലെനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. ഈ സിനിമ കൊണ്ട് ഒരാളുടെയെങ്കിലും കുടി നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ സിനിമ വിജയിച്ചു എന്നാണ് അര്‍ത്ഥം. കാരണം ഒരാളുടെ ലൈഫാണ് മാറിമറിയുന്നത്. അതോടെ ദുരിതത്തില്‍ കഴിഞ്ഞിരുന്ന കുടുംബമാണ് കരകയറുന്നത്. ഒരു സിനിമയുണ്ടാക്കുന്ന ഇത്തരം ഇംപാക്ട് ചെറുതല്ല. വെള്ളം സിനിമ വന്നപ്പോള്‍ അത് കണ്ട പലരും പലരോടും ചിത്രം പോയി കാണണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. അതെല്ലാം സന്തോഷം തരുന്ന കാര്യങ്ങളാണ്,’ ജയസൂര്യ പറഞ്ഞു.

Malayalam Hit Vellam To Drop In International OTT, Olyflix!

ക്യാപ്റ്റന്‍ എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് വെള്ളം. ജനുവരി 22 നാണ് ചിത്രം റിലീസ് ചെയ്തത്. സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാര്‍ത്ഥ ജീവിതമാണ് വെള്ളം സിനിമയ്ക്ക് ആധാരം.

ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ നിധീഷ് നടേരിയുടെയും ബി.കെ ഹരിനാരായണന്റെയും വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയത്.

സംയുക്താ മേനോന്‍, സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, അധീഷ് ദാമോദര്‍, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തിയത്. ഇതിന് പുറമേ മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Jayasurya Opens About Vellam Movie