കൈയൊഴിഞ്ഞില്ല; പറഞ്ഞ വാക്ക് പാലിച്ച് ജയസൂര്യ; സജ്‌നയ്ക്കായി ഒരുക്കിയ ബിരിയാണിക്കട ഉദ്ഘാടനം ചെയ്തു
Kerala News
കൈയൊഴിഞ്ഞില്ല; പറഞ്ഞ വാക്ക് പാലിച്ച് ജയസൂര്യ; സജ്‌നയ്ക്കായി ഒരുക്കിയ ബിരിയാണിക്കട ഉദ്ഘാടനം ചെയ്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd January 2021, 3:57 pm

കൊച്ചി: ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ലൈവില്‍ പൊട്ടിക്കരഞ്ഞ സജ്‌ന ഷാജി എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ മലയാളികള്‍ മറന്നുകാണില്ല. തങ്ങള്‍ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലെന്നുമായിരുന്നു സജന ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്. ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും സജന വീഡിയോ വഴി അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ സജ്‌നയ്ക്ക് സഹായവാഗ്ദാനവുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. നടന്‍ ജയസൂര്യയും സജ്‌നയ്ക്ക് ആവശ്യമായ സഹായം ചെയ്യാമെന്ന് പ്രഖ്യാപിച്ചിരുന്നു. സജ്നയ്ക്ക് ഒരു ഹോട്ടല്‍ തുടങ്ങാനുള്ള എല്ലാവിധ സഹായങ്ങളും ചെയ്യാമെന്നായിരുന്നു ജയസൂര്യ പറഞ്ഞത്.

ഈ വാക്ക് പാലിച്ചിരിക്കുകയാണ് ജയസൂര്യ. സജ്‌നയുടെ ഹോട്ടലായ സജ്‌ന കിച്ചണ്‍ ജയസൂര്യ ഉദ്ഘാടനം ചെയ്തു. നേരത്തെ സജ്‌നയുടെ ലൈവിന് പിന്നാലെ ആരോപണങ്ങളുമായി ചിലര്‍ രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സജന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

അമിതമായ നിലയില്‍ ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്നായിരുന്നു സജനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിരിയാണി വില്‍ക്കുവാനെത്തിയ തന്നെ വില്‍പന നടത്താനനുവദിക്കാതെ ചിലര്‍ ഉപദ്രവിച്ചെന്ന് സജന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത് കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. സിനിമാ സാംസ്‌ക്കാരിക മേഖലയിലെ നിരവധി പേരാണ് സജനക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

എന്നാല്‍ ഇതിന് പിന്നാലെ സജനയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ ഫേസ്ബുക്ക് വീഡിയോ വഴി സജനയും സുഹൃത്തുക്കളും ചേര്‍ന്ന് പണം സമാഹരിക്കാനായി നടത്തിയ നാടകമായിരുന്നെന്ന നിലയില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഇതേ തുടര്‍ന്ന് സജനക്കെതിരെ വ്യാപകമായ സോഷ്യല്‍ മീഡിയ ആക്രമണം നടന്നിരുന്നു. ഈ വിവാദങ്ങളാണ് സജനയുടെ ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറഞ്ഞത്.

തുടര്‍ന്ന് സഹായം വാഗ്ദാനം ചെയ്ത പലരും പിന്‍മാറുകയായിരുന്നു. എന്നാല്‍ താന്‍ പറഞ്ഞ വാക്ക് ജയസൂര്യ പാലിക്കുകയായിരുന്നു. ദൈവത്തിന് തുല്യം കാണുന്ന ജയേട്ടനാണ് ഞങ്ങള്‍ക്ക് ഹോട്ടലെടുത്ത് തന്നത്. അതിന്റെ കടപ്പാടും നന്ദിയുമുണ്ട്. എന്റെ മുന്നിലെ ദൈവമെന്ന് പറയുന്നത്, ആപത്ഘട്ടത്തിലും പിടിച്ച് നിര്‍ത്തി പ്രശ്നങ്ങളൊക്കെ നേകരിടാന്‍ തയ്യാറാവണം, എന്നാലെ ജീവിതത്തില്‍ വിജയമുണ്ടാവു എന്ന് പറഞ്ഞ് കൂടെ നിന്ന ജയസൂര്യ സാറാണ്. എങ്ങിനെ നന്ദി പറയണം, ഈ കടപ്പാട് എങ്ങനെ വീട്ടണമെന്നൊന്നും എനിക്ക് അറിയില്ല. കാരണം എന്റെ ഏറ്റവും വലിയൊരു സ്വപ്നത്തിന് കൂട്ട് നിന്നു. അവസാനം വരെ പ്രതിസന്ധികളിലെല്ലാം തളരാതെ എന്നെ പിടിച്ച് നിര്‍ത്തി. ഒരു പാട് നന്ദിയുണ്ട്.’- എന്നാണ് സജ്‌ന പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Jayasurya keeps his word; Jayasurya inaugurated transgender Sanjana’s biryani shop.