മമ്മൂക്കയെ പേടിച്ചിട്ട് റെഡിമെയ്ഡ് ഷര്‍ട്ടാണെന്ന് പറഞ്ഞ് തയ്ച്ച വസ്ത്രം കൊടുത്തു; മോഹന്‍ലാലും സുരേഷ് ഗോപിയും അത് പോലെ അല്ല: ഇന്ദ്രന്‍സ്
Entertainment news
മമ്മൂക്കയെ പേടിച്ചിട്ട് റെഡിമെയ്ഡ് ഷര്‍ട്ടാണെന്ന് പറഞ്ഞ് തയ്ച്ച വസ്ത്രം കൊടുത്തു; മോഹന്‍ലാലും സുരേഷ് ഗോപിയും അത് പോലെ അല്ല: ഇന്ദ്രന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th December 2022, 11:22 pm

വസ്ത്രാലങ്കാരകനായാണ് മലയാളികളുടെ പ്രിയ താരം ഇന്ദ്രന്‍സ് സിനിമയില്‍ എത്തുന്നത്. മിക്ക താരങ്ങള്‍ക്കും സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് വസ്ത്രങ്ങള്‍ തയ്ച്ച് കൊടുത്തത് ഇന്ദ്രന്‍സായിരുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് വസ്ത്രം തയ്ച്ച് കൊടുത്തതിനെക്കുറിച്ച് പറയുകയാണ് നടന്‍.

മമ്മൂട്ടിയെ തനിക്ക് പേടിയാണെന്നും അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ കാര്യത്തില്‍ താന്‍ നല്ല ശ്രദ്ധ വെക്കാറുണ്ടായിരുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു. മമ്മൂട്ടിയെ പേടിച്ചിട്ട് താന്‍ റെഡി മെയ്ഡ് ഷര്‍ട്ടാണെന്ന് പറഞ്ഞ് തയ്ച്ച വസ്ത്രം കൊണ്ടുപോയി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും വസ്ത്രം തയ്ച്ച് കൊടുക്കുന്നതിനേക്കുറിച്ചും അദ്ദേഹം പറഞ്ഞു. പോപ്പര്‍‌സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മമ്മൂക്കയെ എനിക്ക് പേടിയാണ്. മമ്മൂക്കയുടെ ഡ്രസിന്റെ കാര്യത്തിലൊക്കെ ഞാന്‍ ഭയങ്കരായ ശ്രദ്ധകൊടുക്കും. അദ്ദേഹം ദൂരെ മാറി നിന്ന് നമ്മളെ നോക്കുകയൊക്കെ ചെയ്യും.

അദ്ദേഹത്തിന്റെ കണ്ണൊക്കെ എല്ലായിടത്തേക്കും പോകും. ഭയങ്കര ഡിസിപ്ലിന്‍ ഉള്ള ആളാണ്. അതുകൊണ്ട് എനിക്ക് അദ്ദേഹത്തെ ഭയങ്കര ബഹുമാനമായിരുന്നു.

മമ്മൂക്കയെ പേടിച്ചിട്ട് ഞാന്‍ റെഡി മെയ്ഡ് ഷര്‍ട്ടാണെന്ന് പറഞ്ഞ് തയ്ച്ച വസ്ത്രം കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. അത് ഞാന്‍ പേടിച്ചിട്ടാണ്. ഇവനെ കണ്ടാല്‍ തന്നെ ഇവന് തയ്യല്‍ അറിയോ എന്ന് നോക്കി പോകും. പിന്നീട് ഞാന്‍ ആ കാര്യം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്.

സുരേഷ് ഗോപി കുട്ടികളെ പോലെയാണ് ചിലപ്പോള്‍ പെട്ടെന്ന് ഒക്കെ പിണങ്ങും. ഭയങ്കര സ്‌നേഹമാണ്. ഒരു ഉപദ്രവവും ഇല്ലാത്തയാളാണ്. നമ്മുടെ വീട്ടു കാര്യങ്ങള്‍ ഉള്‍പ്പെടെ ശ്രദ്ധിക്കുകയും മറ്റും ചെയ്യും.

ലാലേട്ടനും സ്‌നേഹമാണ്. ആള്‍ ഡയറക്ടര്‍ പറയുന്നതൊക്കെ അനുസരിച്ച് ചെയ്ത് പോകും. അങ്ങനെ ഒന്നിലും ഇടപെടില്ല. കോസ്റ്റിയൂമിന്റെ കാര്യത്തില്‍ ആണെങ്കില്‍ പോലും. പുള്ളി പുള്ളിയുടെ കാര്യത്തിലും എല്ലാത്തിലും വളരെ ലാളിത്യമാണ്,” ഇന്ദ്രന്‍സ് പറഞ്ഞു.

content highlight: actor indrans about mammootty