ലൂസിഫറില്‍ പി.കെ. രാംദാസ് എന്ന വന്‍മരം വീണു, എമ്പുരാനില്‍ വീഴാന്‍ പോവുന്ന വന്‍മരം ആര്; തുറന്നുപറഞ്ഞ് ഇന്ദ്രജിത്
Entertainment news
ലൂസിഫറില്‍ പി.കെ. രാംദാസ് എന്ന വന്‍മരം വീണു, എമ്പുരാനില്‍ വീഴാന്‍ പോവുന്ന വന്‍മരം ആര്; തുറന്നുപറഞ്ഞ് ഇന്ദ്രജിത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th May 2022, 6:17 pm

മോളിവുഡിലെ എക്കാലത്തേയും മാസ് ചിത്രങ്ങളുടെ പട്ടികയില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടിയ ചിത്രം തന്നെയായിരുന്നു ലൂസിഫര്‍.

ചിത്രത്തിലെ മാസ് ഡയലോഗുകളും കൊലമാസ് ബി.ജി.എമ്മുകളും കഥാപാത്രങ്ങളുമടക്കം ചിത്രത്തെ വേറെ ലെവലിലേക്കെത്തിച്ച ഒരുപാട് കാര്യങ്ങള്‍ തന്നെയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും.

ഇത്തരത്തില്‍ ഏറെ പ്രേക്ഷകപ്രീതി നേടിയ കഥാപാത്രമായിരുന്നു ഇന്ദ്രജിത് അവതരിപ്പിച്ച ഗോവര്‍ധന്റേത്. പ്രധാന കഥാപാത്രങ്ങളുടെ ഇന്‍ട്രോ അടക്കം പ്രേക്ഷകരെ ചിത്രത്തിലേക്ക് കൈപിടിച്ചു നടത്തിയത് ഇന്ദ്രജിത്തിന്റെ കഥാപാത്രം തന്നെ ആയിരുന്നു.

ചിത്രത്തില്‍ ഏറെ ആഘോഷിക്കപ്പെട്ട ഡയലോഗായിരുന്നു ‘പി.കെ. രാംദാസ് എന്ന വന്‍മരം വീണു, ഇനിയാര്’ എന്നത്. ട്രോളന്‍മാരുടെ അടക്കം ഫേവറിറ്റ് മീം ലിസ്റ്റിലേക്കും ഗോവര്‍ധന്‍ എന്ന കഥാപാത്രം ആ ഡയലോഗിലൂടെ കയറിപ്പറ്റി.

ഇപ്പോഴിതാ, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ ‘വീഴാന്‍ പോകുന്ന് വന്‍മരത്തെ’ കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രജിത്ത്. ക്ലബ്ബ് എഫ്.എമ്മിന്റെ സ്റ്റാര്‍ ജാം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

ലൂസിഫറില്‍ പി.കെ. രാംദാസ് എന്ന വന്‍മരം വീണെന്നും, എമ്പുരാനില്‍ വീഴാന്‍ പോകുന്ന വന്‍മരത്തെ കുറിച്ച് മുരളി ഗോപിയോട് ചോദിക്കണം എന്നായിരുന്നു താരത്തിന്റെ മറുപടി.

‘അത് ഏത് മരമാണെന്ന് മുരളി ഗോപിയോട് ചോദിക്കണം. അതിന്റെ കഥയോ മറ്റ് കാര്യങ്ങളോ എനിക്കറിയില്ല. ഗോവര്‍ധന്‍ അതില്‍ ഉണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. ആദ്യഭാഗത്ത് ഉണ്ടായിരുന്ന എല്ലാ ക്യാരക്ടേഴ്‌സും ഇതിലും ഉണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ആ ക്യാരക്ടറിന് കഥയില്‍ എത്ര പ്രാധാന്യം ഉണ്ടാകും എന്നുള്ള കാര്യമൊന്നും എനിക്കറിയില്ല. അതിന്റെ ഫുള്‍ സ്‌ക്രിപ്റ്റ് ആയിട്ടില്ല, സ്‌ക്രിപ്റ്റിന്റെ ഫൈനല്‍ ഫേസിലാണ്. ഇത് കഴിഞ്ഞിട്ട് ഇരിക്കാം എന്നാണ് പറഞ്ഞിട്ടുള്ളത്,’ താരം പറയുന്നു.

അതേസമയം, എമ്പുരാന്റെ സ്‌ക്രിപ്റ്റിംഗ് പൂര്‍ത്തിയായി എന്ന കാര്യം തിരക്കഥാകൃത്ത് മുരളി ഗോപി അറിയിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മലയാളത്തിലെ കളക്ഷന്‍ റെക്കോഡുകള്‍ ബേദിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കട്ട വെയ്റ്റിംഗില്‍ തന്നെയാണ്.

മഞ്ജു വാര്യര്‍, ബോളിവുഡ് താരം വിവേക് ഒബ്റോയി, ടൊവിനോ തോമസ്, സായ് കുമാര്‍, നൈല ഉഷ, ഇന്ദ്രജിത് തുടങ്ങിയ വന്‍ താരനിരയായിരുന്നു ലൂസിഫറിന്റെ ഭാഗമായുണ്ടായിരുന്നത്. ഒന്നാം ഭാഗത്തിലെ മിക്ക താരങ്ങളും എമ്പുരാനിലും ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ടുകള്‍.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.

 

Content Highlight: Actor Indrajith Sukumaran about Empuran movie