എന്റെ ആ ആഗ്രഹം കേരളത്തില്‍ നടക്കില്ല, പക്ഷേ തമിഴില്‍നാട്ടില്‍ നടക്കും; പബ്ലിക്കിനിടയില്‍ നില്‍ക്കുമ്പോള്‍ ആഗ്രഹിക്കുന്നതിനെ കുറിച്ച് ദുല്‍ഖര്‍
Movie Day
എന്റെ ആ ആഗ്രഹം കേരളത്തില്‍ നടക്കില്ല, പക്ഷേ തമിഴില്‍നാട്ടില്‍ നടക്കും; പബ്ലിക്കിനിടയില്‍ നില്‍ക്കുമ്പോള്‍ ആഗ്രഹിക്കുന്നതിനെ കുറിച്ച് ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th March 2022, 12:00 pm

മലയാളത്തില്‍ ഏറെ ആരാധകരുള്ള ഒരു താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ഓരോ പുതിയ സിനിമകളിലൂടെയും ആരാധകരുടെ കൂടുതല്‍ ഇഷ്ടം പിടിച്ചുപറ്റുകയാണ് താരം.

റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ എന്ന താരത്തിന്റെ ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. മാര്‍ച്ച് 18ന് സോണി ലിവിലൂടെയാണ് ചിത്രം റിലീസാവുന്നത്. ഡാന്‍സ് കോറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത ‘ഹേ സിനാമിക’ യാണ് ദുല്‍ഖറിന്റെ ഒടുവില്‍ റിലീസായ ചിത്രം.

ആള്‍ക്കൂട്ടത്തിനൊപ്പം നില്‍ക്കുമ്പോള്‍ താന്‍ ആഗ്രഹിക്കുന്ന ഒരു കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. പൊതുസ്ഥലത്ത് വെച്ച് ആളുകള്‍ തന്നെ ശ്രദ്ധിക്കാതിരിക്കുന്നത് സന്തോഷം തരുന്ന കാര്യമാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്. കലൈജ്ഞര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എപ്പോഴെങ്കിലും പബ്ലിക്കില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ എന്നെ ശ്രദ്ധിക്കാതിരുന്നാല്‍ വളരെ നല്ലത്, എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണത്. കേരളത്തില്‍ അതിന് ബുദ്ധിമുട്ടാണെങ്കിലും തമിഴ്നാട്ടില്‍ കുറച്ച് എളുപ്പമാണ്,’ദുല്‍ഖര്‍ പറയുന്നു.

ഹേ സിനാമികയുടെ ചിത്രീകരണ സമയത്തെ വിശേഷങ്ങളും താരം അഭിമുഖത്തില്‍ പങ്കുവെച്ചു. ബൃന്ദ മാസ്റ്ററുടെ കൂടെ പ്രവര്‍ത്തിച്ചത് മറക്കാനാവാത്ത അനുഭവമാണെന്നും സഹപ്രവര്‍ത്തകരെല്ലാം സ്വന്തം കുടുംബത്തെ പോലെയായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.

‘മാസ്റ്ററുടെ കൂടെ പ്രവര്‍ത്തിച്ചത് മറക്കാനാവാത്ത അനുഭവമാണ്. അത് എല്ലാവരും ആസ്വദിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാരണം ആറ് മാസത്തോളം ‘ഹേ സിനാമിക’ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ലോക്ക്ഡൗണിന് ശേഷം ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ വീണ്ടും ഒത്തുക്കൂടിയപ്പോള്‍ ഫാമിലി റീയൂണിയന്‍ പോലെയായിരുന്നു,’ ദുല്‍ഖര്‍ പറയുന്നു.

തന്റെ പത്തുവര്‍ഷത്തെ കരിയറില്‍ ഇത്രയും സിനിമകള്‍ ചെയ്യുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യാമെന്നാണ് കരുതിയതെന്നും ദുല്‍ഖര്‍ പറയുന്നു. തന്റെ അഭിനയത്തില്‍ ഇപ്പോഴും തൃപ്തനല്ലെന്നും ഇനിയുമേറെ മെച്ചപ്പെടുത്താനുണ്ടെന്ന് തോന്നാറുണ്ടെന്നും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഒഴിവു സമയങ്ങളില്‍ വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്നും എന്നാല്‍ ആ സമയത്ത് വേറെ ആരെങ്കിലും എന്തെങ്കിലും പ്ലാന്‍ ഇട്ടാല്‍ അത് തന്നെ അസ്വസ്ഥനാക്കുമെന്നും താരം പറഞ്ഞു.

‘വര്‍ക്കില്ലാത്ത സമയങ്ങളില്‍ ഞാന്‍ മടിപിടിച്ചിരിക്കും. ടി.വി കണ്ടിരിക്കലാണ് എപ്പോഴും. വേറൊന്നും ചെയ്യാറില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് എനിക്കിഷ്ടം. ആ സമയങ്ങളില്‍ ആരെങ്കിലും വേറെ പ്ലാനിട്ടാല്‍ എനിക്ക് ഭയങ്കരമായി അസ്വസ്ഥതയുണ്ടാക്കും. എന്നെ വിളിക്കണ്ട, ഞാന്‍ വരില്ലെന്നാണ് പറയാറുള്ളത്. അമാല്‍ എന്നോട് ആ സമയങ്ങളില്‍ പോയി മുടി വെട്ടാനൊക്ക പറയാറുണ്ട്. പക്ഷേ ഞാന്‍ ഒന്നും ചെയ്യാറില്ല. അങ്ങനെ തന്നെയിരിക്കും. ആ സമയം അമാല്‍ എന്നോട് ചോദിക്കാറുണ്ട് നിങ്ങളെ കണ്ടിട്ടാണോ പെണ്‍കുട്ടികള്‍ക്ക് ക്രഷ് തോന്നുന്നതെന്ന്’, ദുല്‍ഖര്‍ പറയുന്നു.

Content Highlight: Actor Dulquer Salmaan talks about what he wants while standing in public